UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാമജന്മഭൂമി-ബാബറി മസ്ജിദ് കേസ് വലിയ ബെഞ്ച് പരിഗണിക്കണം എന്ന ആവശ്യം ശക്തമാകുന്നു

ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, അശോക് ഭൂഷന്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് നിലവില്‍ വാദം കേള്‍ക്കുന്നത്

അയോദ്ധ്യയില്‍ ബാബറി മസ്ജിദ് നിന്നയിടം മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതിയുടെ 2010 സെപ്തംബര്‍ 30-ന്‍റെ വിധിക്കെതിരെയുള്ള അപ്പീല്‍ ഹര്‍ജികളില്‍ വലിയ ബെഞ്ച് വാദം കേള്‍ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, അശോക് ഭൂഷന്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് നിലവില്‍ വാദം കേള്‍ക്കുന്നത്. ഏറ്റവും ഒടുവില്‍ 2017 ഡിസംബര്‍ 5നാണ് ബെഞ്ച് വാദം കേട്ടത്.

ബാബറി മസ്ജീദ് നിലകൊണ്ട ഭൂമി മൂന്നായി പകുത്ത് സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലാല വിരാജ്മാനും നല്‍കുന്നതായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. ഇത് അപ്രായോഗികമാണെന്ന് കാണിച്ച് മൂന്ന് കക്ഷികളും ചേര്‍ന്ന് സമര്‍പ്പിച്ച അപ്പീലാണ് ഇന്ന് പരിഗണിക്കുന്നത്. അതോടൊപ്പം മറ്റ് 13 ഹര്‍ജികളും സുപ്രീം കോടതി പരിഗണിക്കും.

അതേസമയം കേസ് ഏറ്റവും കുറഞ്ഞത് ഏഴുപേര്‍ അടങ്ങുന്ന ബെഞ്ച് കേള്‍ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ദേശീയവും ഭരണഘടനാപരവുമായി പ്രാധാന്യമുള്ള വിഷയങ്ങളില്‍ വലിയ ബെഞ്ച് വേണമെന്നാണ് സുപ്രീം കോടതി നേരത്തെ പറഞ്ഞിട്ടുള്ളത് എന്ന് അന്തരിച്ച ഹാഷിം അന്‍സാരിയെ പ്രതിനിധീകരിച്ച് എത്തുന്ന മകന്‍ ഇക്ബാല്‍ അന്‍സാരി പറയുന്നത്.

കഴിഞ്ഞ ഡിസംബര്‍ 5നു തന്നെ ഈ വിഷയം കോടതിയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. വലിയ ബെഞ്ചിന്റെ കാര്യം അന്തിമ ഘട്ടത്തില്‍ പരിഗണിക്കാം എന്നായിരുന്നു അന്ന് കോടതി പറഞ്ഞത്. ഏറ്റവും കുറഞ്ഞത് അയോദ്ധ്യയുമായി ബന്ധപ്പെട്ട മൂന്നു കേസുകള്‍ എങ്കിലും വലിയ ബെഞ്ചുകളാണ് പരിഗണിച്ചത്.

വിഷയത്തിന്റെ പ്രാധാന്യം ഹൈക്കോടതി ഉത്തര്‍വില്‍ തന്നെ വ്യക്തമാക്കിയിരുന്നു. സാധാരണ ഇത്തരം കേസുകള്‍ കേള്‍ക്കുന്ന ജില്ലാ കോടതിയിലെ ഏകാംഗ ബെഞ്ചിന് പകരം മൂന്നംഗ ബെഞ്ചാണ് ഹൈക്കോടതിയില്‍ കേസ് കേട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍