UPDATES

ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

നേരത്തെ ചര്‍ച്ചകളിലൊന്നും ഇദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നില്ല.

ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ചര്‍ച്ചകളിലൊന്നും ഇദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നില്ല. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ കോവിന്ദ് സുപ്രീംകോടതി അഭിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദളിത് കുടുംബത്തില്‍ നിന്നുള്ള രാംനാഥ് കോവിന്ദ് നേരത്തെ ബിജെപി ദേശീയ വക്താവും ദളിത് മോര്‍ച്ചയുടെ പ്രസിഡന്റുമായിരുന്നു. രണ്ട് തവണ രാജ്യസഭാംഗമായിട്ടുണ്ട്.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ഗവര്‍ണര്‍ ദ്രൗപദി മുര്‍മു തുടങ്ങി നേരത്തെ ഉയര്‍ന്നുവന്ന പേരുകളെല്ലാം മാറ്റിക്കൊണ്ടാണ് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സുഷമ സ്വരാജ് ആണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ പിന്തുണക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നിലപാട് അറിയിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. പാര്‍ലമെന്ററി ബോര്‍ഡില്‍ ഒന്നിലധികം പേരുകള്‍ ഉയര്‍ന്നുവന്നതായും വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. പ്രതിപക്ഷ കക്ഷികളുമായി അഭിപ്രായ ഐക്യത്തിനുള്ള സാധ്യത ആരായുന്നതിനായി മൂന്ന് അംഗങ്ങള്‍ അടങ്ങുന്ന ഒരു പാനല്‍ രൂപീകരിച്ചിരുന്നു. പ്രതിപക്ഷ നേതാക്കളുമായി പാനല്‍ അംഗങ്ങളായ രാജ്നാഥ് സിങ്, അരുണ്‍ ജയ്റ്റ്ലി, എം വെങ്കയ്യ നായിഡു എന്നിവര്‍ നടത്തിയ ചര്‍ച്ച സംബന്ധിച്ച് പാര്‍ലമെന്ററി ബോര്‍ഡ് വിലയിരുത്തല്‍ നടത്തിയ ശേഷമാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുത്തിരുന്നു. ദളിത്‌ നേതാവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്തിലൂടെ പ്രതിപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുമെന്നാണ് ബിജെപി കരുതുന്നത്. 23ന് രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചേക്കും.

ടിആര്‍എസിന്റെയും എഐഎഡിഎംകെയുടെയും പിന്തുണ ബിജെപി ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം ശിവസേനയുടെ പിന്തുണ രാംനാഥ് കോവിന്ദിന് ലഭിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കാര്‍ഷിക ശാസ്ത്രജ്ഞന്‍ എംഎസ് സ്വാമിനാഥന്‍റെ പേര് ശിവസേന മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രായം ചൂണ്ടിക്കാട്ടി ബിജെപി ഇത് തള്ളുകയായിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയിരുന്നതായും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് നിലപാട് സ്വീകരിച്ച ശേഷം അറിയിക്കാമെന്നാണ് അവര്‍ പറഞ്ഞതെന്നും അമിത് ഷാ പറഞ്ഞു. കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ച വിവരം ശിവസേനയെ അറിയിച്ചിട്ടുണ്ട് എന്ന് മാത്രമാണ് അമിത് ഷാ പറഞ്ഞത്. ഗോപാല്‍ കൃഷ്ണ ഗാന്ധി അടക്കം പല പേരുകളും ഉയര്‍ന്നു വന്നിട്ടുങ്കിലും സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീര്‍മാനമായിട്ടില്ല.

1945 ഒക്ടോബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ജനിച്ച കോവിന്ദ് കാണ്‍പുര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബികോം, എല്‍.എല്‍.ബി ബിരുദങ്ങളെടുത്തു. 1994 ലും 2000 ലും ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭയിലെത്തി. 1998 മുതല്‍ 2002 വരെ ദലിത് മോര്‍ച്ചയുടെ പ്രസിഡന്റ് ആയിരുന്നു. കോലി വിഭാഗത്തില്‍നിന്നുള്ള നേതാവായ അദ്ദേഹം കോലി സമാജം പ്രസിഡന്റ് ആയും അംബേദ്കര്‍ യൂണിവേഴ്‌സിറ്റി ബോര്‍ഡ്ഓഫ് മാനേജ്‌മെന്റ്ര അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സവിത കോവിന്ദ് ആണ് രാംനാഥിന്റെ ഭാര്യ. മകന്‍ പ്രശാന്ത്, മകള്‍ സ്വാതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍