UPDATES

ചീഫ് ജസ്റ്റിസ് ആയി രഞ്ജന്‍ ഗൊഗോയ് ഒക്ടോബര്‍ മൂന്നിന് സ്ഥാനമേല്‍ക്കും; നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം

ജനുവരി 12ന് അസാധാരണമായ തരത്തില്‍ വാര്‍ത്താസമ്മേളനം നടത്തി, ചീഫ് ജസ്റ്റിസിന്റെ നടപടികളെ വിമര്‍ശിക്കുകയും സു്പ്രീം കോടതിയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലല്ലെന്ന് വിമര്‍ശിക്കുകയും ചെയ്ത് നാല് മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാളാണ് രഞ്ജന്‍ ഗൊഗോയ്.

ഇന്ത്യയുടെ 46ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഒക്ടോബര്‍ മൂന്നിന് സ്ഥാനമേല്‍ക്കും. ഒക്ടോബര്‍ രണ്ടിന് ദീപക് മിശ്ര സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് ജസ്റ്റിസ് ആയി രഞ്ജന്‍ ഗൊഗോയ് ചുമതലയേല്‍ക്കുന്നത്. രഞ്ജന്‍ ഗൊഗോയിയെ അടുത്ത ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനുള്ള നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ശുപാര്‍ശയ്ക്ക് കേന്ദ്ര നിയമ മന്ത്രാലയവും രാഷ്ട്രപതി രാംനാഥ് കോവിന്ദും അംഗീകാരം നല്‍കിയതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. നിയമ മന്ത്രാലയം വിജ്ഞാപനം വഴി രഞ്ജന്‍ ഗൊഗോയിയുടെ നിയമന വിവരം അറിയിച്ചു. ഒക്ടോബര്‍ രണ്ട് അവധി ആയതിനാല്‍ ഒക്ടോബര്‍ ഒന്നായിരിക്കും ചീഫ് ജസ്റ്റിസ് സ്ഥാനത്ത് ദീപക് മിശ്രയുടെ അവസാന പ്രവൃത്തിദിനം.

ജനുവരി 12ന് അസാധാരണമായ തരത്തില്‍ വാര്‍ത്താസമ്മേളനം നടത്തി, ചീഫ് ജസ്റ്റിസിന്റെ നടപടികളെ വിമര്‍ശിക്കുകയും സു്പ്രീം കോടതിയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലല്ലെന്ന് വിമര്‍ശിക്കുകയും ചെയ്ത് നാല് മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാളാണ് രഞ്ജന്‍ ഗൊഗോയ്. ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച സുപ്രധാനമായ കേസ് അടക്കമുള്ളവ സീനിയര്‍ ജഡ്ജിമാര്‍ക്ക് നല്‍കാതെ ജൂനിയര്‍ ജഡ്ജിമാരുടെ ബഞ്ചിന് നല്‍കിയ ചീഫ് ജസ്റ്റിസിന്റെ തീരുമാനങ്ങള്‍ക്ക് എതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് രഞ്ജന്‍ ഗൊഗോയ് അന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇക്കൂട്ടത്തില്‍ സീനിയോറിറ്റിയില്‍ മുകളില്‍ നിന്നിരുന്ന ജസ്റ്റിസ് ജെ ചെലമേശ്വര്‍ ജൂണില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചിരുന്നു. ചീഫ് ജസ്റ്റിസിന് നേരെ പ്രതിഷധമുയര്‍ത്തിയ ജസ്റ്റിസ് ഗൊഗോയിയെ അടുത്ത ചീഫ് ജസ്റ്റിസ് ആക്കാതെ തഴയുമോ എന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ ഇത്തരം സംശയങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് കഴിഞ്ഞയാഴ്ച രഞ്ജന്‍ ഗൊഗോയിയുടെ പേര്് ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്ക്ക് ദീപക് മിശ്ര ശുപാര്‍ശ ചെയ്തു.

1954ല്‍ നവംബര്‍ 18ന് അസമില്‍ ജനിച്ച രഞ്ജന്‍ ഗൊഗോയ് 1978ല്‍ ഗുവാഹത്തി ഹൈക്കോടതി അഭിഭാഷകനായി എന്റോള്‍ ചെയ്തു. ഭരണഘടന, നികുതി, കമ്പനി വിഷയങ്ങളിലാണ് ഗൊഗോയ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 2001 ഫെബ്രുവരി 28ന് ഗുവാഹത്തി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2010 സെപ്റ്റംബര്‍ ഒമ്പതിന് പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിലേയ്ക്ക് സ്ഥലം മാറ്റം. 2011 ഫെബ്രുവരി 12ന് പഞ്ചാബ്-ഹരിയാന ചീഫ് ജസ്റ്റിസ്. 2012 ഏപ്രില്‍ 23ന് സുപ്രീംകോടതി ജഡ്ജി. സൗമ്യമായി സംസാരിക്കുന്ന, എന്നാല്‍ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്തയാളായാണ് ഈ ഭരണഘടനാ വിദഗ്ധന്‍ അറിയപ്പെടുന്നത്. 2019 നവംബര്‍ വരെയാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കാലാവധി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍