UPDATES

വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ തയ്യാറെന്ന് തൃണമൂല്‍; മോദിയെ പുറത്താക്കാന്‍ എന്തും ചെയ്യും

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ശക്തമായി ഉയരുന്നതിന് ഇടയിലാണ് തൃണമൂല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നരേന്ദ്ര മോദി അധികാരത്തില്‍ എത്താതിരിക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ തയ്യാറാണ് എന്ന തൃണമൂല്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനാണ്. തിരഞ്ഞടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആര് പ്രധാനമന്ത്രിയാകണം എന്ന് തീരുമാനിക്കാം എന്നാണ് പ്രതിപക്ഷ കക്ഷികള്‍ക്കിടയിലെ ധാരണ. ഫലം വരുന്നതിന് രണ്ട് ദിവസം മുമ്പ് മേയ് 21ന് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരുന്നുണ്ട്.

ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് ബിജെപി നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നതിനെ തല്‍ക്കാലം അവഗണിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ബിജെപിയേയും മോദിയേയും അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണ് എന്നും രാഹുല്‍ തന്നെ പ്രധാനമന്ത്രിയാകണം എന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമില്ലെന്നും കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ശക്തമായി ഉയരുന്നതിന് ഇടയിലാണ് തൃണമൂല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബി എസ് പി നേതാവ് മായാവതിയുടെ പേരും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നുണ്ട്.

മമതയെ കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിയിലേയ്ക്ക് കൊണ്ടുവരാനുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ശ്രമം വിജയം കണ്ടില്ല. പ്രാദേശിക പാര്‍ട്ടികള്‍ നയിക്കുന്ന സര്‍ക്കാര്‍ എന്നതടക്കമുള്ള കാര്യങ്ങള്‍ കെസിആര്‍ മുന്നോട്ടുവച്ചിരുന്നു. മമതയും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ എന്ന കെസിആറിന്റെ പദ്ധതി മമത അംഗീകരിച്ചതുമില്ല. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ കണ്ട് പിന്തുണ തേടിയപ്പോള്‍ കോണ്‍ഗ്രസിനെ പിന്തുണക്കൂ എന്നാണ് സ്റ്റാലിന്‍ കെസിആറിനോട് പറഞ്ഞത്. സ്റ്റാലിന്റെ ആവശ്യം തള്ളിക്കളയാതെ വേണ്ടി വന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണക്കാനും തയ്യാറാണ് എന്ന് ചന്ദ്രശേഖര്‍ റാവു അറിയിക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍