UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കരിമ്പ് പ്രമേഹമുണ്ടാക്കും: കൃഷി ചെയ്യേണ്ടെന്ന് യോഗി ആദിത്യനാഥ്

കരിമ്പിന്‍റെ അമിത ഉല്‍പ്പാദനം കൂടുതല്‍ പേരെ പ്രമേഹരോഗികളാക്കും എന്നാണ് യോഗിയുടെ കണ്ടുപിടിത്തം. കരിമ്പ് മാറ്റി കൂടുതല്‍ പച്ചക്കറി കൃഷി ചെയ്യൂ.

കരിമ്പ് കൃഷി മാറ്റി, മറ്റെന്തെങ്കിലും കൃഷി ചെയ്യാന്‍ ശ്രമിക്കാന്‍ കര്‍ഷകര്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഉപദേശം. കരിമ്പിന്‍റെ അമിത ഉല്‍പ്പാദനം കൂടുതല്‍ പേരെ പ്രമേഹരോഗികളാക്കും എന്നാണ് യോഗിയുടെ കണ്ടുപിടിത്തം. കരിമ്പ് മാറ്റി കൂടുതല്‍ പച്ചക്കറി കൃഷി ചെയ്യൂ. ഡല്‍ഹിയില്‍ വലിയ മാര്‍ക്കറ്റുണ്ട്. നിങ്ങള്‍ വളരെയധികം കരിമ്പ് കൃഷി ചെയ്യുന്നു – ബാഗ്പടില്‍ ഡല്‍ഹി – സഹരണ്‍പൂര്‍ ഹൈവേയുടെ വികസന പദ്ധതിയുടെ തറക്കല്ലിടുന്ന ചടങ്ങില്‍ യോഗി ആദിത്യനാഥ് പറഞ്ഞു.  യുപിയുടെ പഞ്ചസാര കേന്ദ്രങ്ങളായി അറിയപ്പെടുന്ന മേഖലകളിലൂടെ മുസഫര്‍നഗറിനും ഷംലിക്കുമിടിയിലാണ് ഹൈവേ. ഈ വര്‍ഷം കരിമ്പ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ 26,000 കോടി രൂപ നല്‍കിയതായി യോഗി അവകാശപ്പെട്ടു.

10000 കോടി രൂപ കുടിശികയടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ കരിമ്പ് കര്‍ഷകരുടെ രോഷം ശക്തമാണ്. കരിമ്പ് കര്‍ഷകരുടെ ശക്തമായ സ്വാധീന മേഖലകള്‍ ഉള്‍പ്പെട്ട കൈരാന മണ്ഡലത്തിലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്‍റെ പൊതുപിന്തുണയുള്ള ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി ജയിച്ചിരുന്നു. ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് പ്രതിപക്ഷം പിടിച്ചെടുത്തത്. ‘ജിന്ന വേഴ്സസ് ഘന്ന’ എന്ന മുദ്രാവാക്യം തന്നെ ആര്‍എല്‍ഡി (രാഷ്ട്രീയ ലോക്ദള്‍) ഉപയോഗിച്ചു. അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ മുഹമ്മദ് അലി ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ബിജെപി മുഴുകിയിരിക്കെ, ഘന്നയെ (കരിമ്പ്) കുറിച്ചാണ് ആര്‍എല്‍ഡി സംസാരിച്ചുകൊണ്ടിരുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിക്ക് കരിമ്പ് കര്‍ഷകരുടെ രോഷം വലിയ തലവേദനയാണ്. അതേസമയം ഷംലിയില്‍ മുഖ്യമന്ത്രി യോഗിയെ കരിങ്കൊടി കാണിക്കാന്‍ പുറപ്പെട്ട 25 ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) പ്രവര്‍ത്തകരെ പൊലീസ് ഷംലി റെയില്‍വേ സ്റ്റേഷനില്‍ വച്ച് കസ്റ്റഡിയിലെടുത്ത് നീക്കി. ഇവരെ പിന്നീട് വിട്ടയച്ചു. കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണം നല്‍കാതിരിക്കുന്നതില്‍ പ്രതിഷേധിക്കുകയായിരുന്നു ഇവര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍