UPDATES

സിനിമാ വാര്‍ത്തകള്‍

17കാരിക്കെതിരെ ലൈംഗിക പീഡനം നടന്നിട്ടില്ല, തുറന്നുപറഞ്ഞത് തൊഴിലിടത്തിലെ അരക്ഷിതത്വം ചൂണ്ടിക്കാണിക്കാന്‍; വിശദീകരണവുമായി രേവതി

ഇനിയൊരാള്‍ക്കും ഒരു യുവ കലാകാരിയെ ഇത്തരത്തില്‍ ഭയപെടുത്താനുള്ള ധൈര്യം ഉണ്ടാവരുത്

സിനിമാ ചിത്രീകരണത്തിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന താന്‍ ഉയര്‍ത്തിയ ആരോപണത്തില്‍ കൂടുതല്‍ വിശദീകരണവുമായി ഡബ്ല്യു.സി.സി അംഗം രേവതി. ഇന്നലെ എറണാകുളത്ത് ഡബ്ല്യു.സി.സി നടത്തിയ പത്രസമ്മേളനത്തിനിടയിലാണ് രേവതി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ പരാമര്‍ശിച്ച സംഭവം 25-26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതാണ് എന്നും അതില്‍ ലൈംഗികമായോ ശാരീരികമായോ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നും രേവതി വിശദീകരിക്കുന്നു.

രേവതിയുടെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

ഒക്ടോബര്‍ 13 നു ഡബ്ലു.സി.സി ക്കായി നടത്തിയ പത്രസമ്മേളനത്തില്‍ ഞാന്‍ നടത്തിയ ഒരു പ്രസ്താവന ചിലരില്‍ ആശങ്കയുണര്‍ത്തിയതായി ശ്രദ്ധയില്‍ പെട്ടു.

ഞാന്‍ പരാമര്‍ശിച്ച സംഭവം 25-26 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നതാണെന്നും, ചിലര്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ ഒന്നര വര്‍ഷം മുന്‍പ് നടന്നതല്ലെന്നും ഞാന്‍ ഓര്‍മിപ്പിക്കുന്നു.

ആ രാത്രി 11.30 ഓട് കൂടി ഞാന്‍ ഇന്നു പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു 17കാരി എന്റെ മുറിയിലേക്കു ഓടി വരികയും വാതിലില്‍ മുട്ടുകയും ചെയ്തു. അവളുടെ മുറിയുടെ വാതിലില്‍ ആരോ തുടരെത്തുടരെ മുട്ടുകയും വാതില്‍ തുറക്കാനാവശ്യപ്പെടുകയും ചെയ്തതായും എന്നാല്‍ അതാരാണെന്ന് അവള്‍ക്കറിയില്ല എന്നും ആ പെണ്‍കുട്ടി എന്നോടു പറഞ്ഞു. അവളുടെ അമ്മൂമ്മ അവളുടെ കൂടെയുണ്ടായിരുന്നിട്ടു കൂടിയാണ് ഇത് സംഭവിച്ചത്. ഞാന്‍ അവളെ റൂമിനുള്ളിലേക്കു കയറ്റി വാതിലടച്ചു. അവള്‍ ഭയന്നിരുന്നു, ഞാനും അത്ര തന്നെ ഭയന്നിരുന്നു. ഞങ്ങളിരുവരും ആ രാത്രി ഭയത്തോടെ കഴിച്ചുകൂട്ടി. ലൈംഗികമായോ ശാരീരികമായോ ഉള്ള കയ്യേറ്റം അവിടെ നടന്നിരുന്നില്ല.

ഈ സംഭവം നിരവധി വര്‍ഷങ്ങളായി എന്നെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു. പത്രസമ്മേളനത്തിനിടെ തൊഴിലിടത്തിലെ സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതിനിടെ ഈ ഒരു സംഭവത്തെ കുറിച്ച് പറയേണ്ടതായി എനിക്കു തോന്നി, കാരണം ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചുകൂടാ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. പലരും ഇതൊരു നിസാര സംഭവമായി കരുതുന്നുവെങ്കിലും എനിക്കും ആ പെണ്‍കുട്ടിക്കും അതു ഏറെ പ്രയാസകരമായ ഒന്നായിരുന്നു. ആര്‍ക്കും ഒരു യുവ കലാകാരിയെ ഇത്തരത്തില്‍ ഭയപെടുത്താനുള്ള ധൈര്യം ഉണ്ടാവരുത്. ‘NO എന്നതിന്റെ അര്‍ത്ഥം NO തന്നെയാണെന്നും യാതൊരുവിധ അസംബന്ധവും സഹിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല’ എന്ന ശക്തമായ താക്കീത് എല്ലാവര്‍ക്കും കിട്ടണം.

ആ പ്രായത്തില്‍, ആ രാത്രി, ആരായിരുന്നാലും അയാളെ നേരിടാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. വളരെയധികം ആളുകള്‍ എന്നെ വിളിക്കുകയും ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തതിനാല്‍ ഇതില്‍ ഒരു വ്യക്തത വരുത്തേണ്ടത് എന്റെ കടമയാണെന്ന് എനിക്കു തോന്നി.

പീഡന വിവരം മറിച്ചുവെച്ച രേവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി ലഭിച്ച സാഹചര്യത്തിലാണ് നടിയുടെ വിശദീകരണം. രേവതിക്കെതിരെ അഭിഭാഷകനായ ജിയാസ് ജമാലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തണമെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ഇതാണ് മോഹൻലാലിന്റെ യഥാർത്ഥ മുഖം: രേവതി

പച്ചയായി പറഞ്ഞാല്‍ താരസംഘടനയില്‍ നടക്കുന്നത് നാടകങ്ങളാണ്: രമ്യ നമ്പീശന്‍

എന്തുകൊണ്ട് അവൾ അപ്പോൾ പറഞ്ഞില്ല? മീടൂ ക്യാംപയിനിനെ കുറിച്ച് എട്ട് ചോദ്യങ്ങളും ഉത്തരങ്ങളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍