UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണം, തനിക്കെതിരായ പരാമര്‍ശം നീക്കണം: തോമസ് ചാണ്ടി സുപ്രീംകോടതിയില്‍

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന നിരീക്ഷണം തെറ്റാണ്. കയ്യേറ്റം സംബന്ധിച്ച ആലപ്പുഴ കളക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് തനിക്കെതിരായ ഹൈക്കോടതി പരാമര്‍ശം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയില്‍. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന നിരീക്ഷണം തെറ്റാണ്. കയ്യേറ്റം സംബന്ധിച്ച ആലപ്പുഴ കളക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സ്വകാര്യ വ്യക്തിയെന്ന നിലയിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. കായല്‍ കയ്യേറ്റത്തില്‍ ഹൈക്കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശമുയര്‍ന്നതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടി രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായത്.

തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നുമാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. മാര്‍ത്താണ്ഡം കായലിലെ ഭൂമി കയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോര്‍ട്ട്, ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

തനിക്കെതിരെ ഗുരുതര ആരോപണങ്ങളുള്ള കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി നിലനില്‍ക്കുമോയെന്ന് സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, മന്ത്രിക്ക് മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിന് തെളിവാണിതെന്ന് ചൂണ്ടിക്കാട്ടി. ‘മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്ക് ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സര്‍ക്കാരിന് നിലപാടെടുക്കാനാകുമോ?’ തുടങ്ങിയ സുപ്രധാന ചോദ്യങ്ങളും ഹൈക്കോടതി ഉന്നയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍