UPDATES

വാര്‍ത്തകള്‍

ബിഹാറില്‍ ആര്‍ജെഡി 20 സീറ്റില്‍, കോണ്‍ഗ്രസിന് 9, സിപിഎമ്മിനും സിപിഐയ്ക്കും സീറ്റില്ല

11 മുതല്‍ 13 വരെ സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് ആര്‍ജെഡി അംഗീകരിച്ചില്ല.

ബിഹാറില്‍ അനിശ്ചിതത്വങ്ങള്‍ക്കും ഭിന്നതകള്‍ക്കുമൊടുവില്‍ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയപ്പോള്‍ സിപിഎമ്മിനും സിപിഐയ്ക്കും ഒരൊറ്റ സീറ്റ് പോലും നല്‍കിയില്ല. ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും മത്സരിക്കും. മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി അഞ്ച് സീറ്റിലും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയും വിഐപി പാര്‍ട്ടിയും (വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി) മൂന്ന് സീറ്റുകളിലും മത്സരിക്കും.

സിപിഐഎംഎല്ലിന് ഒരു സീറ്റ് നല്‍കാമെന്ന് ആര്‍ജെഡി അറിയിച്ചിട്ടുണ്ട്. പക്ഷെ ആര്‍ജെഡി ചിഹ്നത്തില്‍ മത്സരിക്കണം. ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവും ആര്‍ജെഡി ചിഹ്നത്തില്‍ മത്സരിക്കും. ആദ്യം ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് കോണ്‍ഗ്രസിന് നല്‍കുമെന്നും ആര്‍ജെഡി നേതാവ് മനോജ് ഝാ പറഞ്ഞു. ഇടതുപാര്‍ട്ടികളെ മഹാസഖ്യം അവഗണിച്ചു. ബിഹാറില്‍ സിപിഎമ്മിനേക്കാള്‍ സ്വാധീനമുള്ളത് സിപിഐയ്ക്കും സിപിഐഎംഎല്ലിനുമാണ്. ബെഗുസാരായില്‍ കനയ്യ കുമാറിനെ മത്സരിപ്പിക്കാന്‍ സിപിഐ താല്‍പര്യപ്പെട്ടിരുന്നെങ്കിലും സീറ്റ് നിഷേധിച്ചതോടെ ഈ പ്രതീക്ഷ അസ്ഥാനത്തായി.

11 മുതല്‍ 13 വരെ സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് ആര്‍ജെഡി അംഗീകരിച്ചില്ല. ഒരു ഘട്ടത്തില്‍ സഖ്യം തകരുന്നത് വരെ എത്തിയിരുന്നു. 2015ല്‍ ജെഡിയുവും ആര്‍ജെഡിയും ഉള്‍പ്പെട്ട മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ധാരണയിലെത്തിയത്. അതേസമയം 10 സീറ്റെങ്കിലും കോണ്‍ഗ്രസിന് അര്‍ഹതയുണ്ടായിരുന്നു എന്ന് പിസിസി പ്രസിഡന്റ് മദന്‍മോഹന്‍ ഝാ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥിരമായി മത്സരിച്ചുവന്നിരുന്ന ഔറംഗബാദ് സീറ്റില്‍ എച്ച്എഎമ്മിന് വിട്ടുകൊടുക്കേണ്ടി വന്നു. മുന്‍ ഗവര്‍ണര്‍ നിഖില്‍ കുമാറിന് ഇവിടെ മത്സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു.

ആര്‍ജെഡി പിന്തുണയുണ്ടെങ്കില്‍ ഇവിടെ പ്രതിപക്ഷ കക്ഷികളുടെ പൊതുപിന്തുണയുള്ള സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് കനയ്യ കുമാര്‍ കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. ആര്‍ജെഡി കനയ്യയെ പിന്തുണക്കാന്‍ തയ്യാറാണ് എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു എന്നാല്‍ കനയ്യ കുമാറിന്റെ പേര് തങ്ങളുടെ ചര്‍ച്ചയില്‍ പോലും വന്നിട്ടില്ല എന്നാണ് ആര്‍ജെഡി നേതാക്കള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍