UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്നെ ദയവായി കൊന്ന് തരണം: രാജീവ് ഗാന്ധി വധക്കേസ് പ്രതി റോബര്‍ട്ട് പയസിന്റെ അപേക്ഷ

ജയിലില്‍ നിന്ന് ഒരിക്കലും മോചനം സാദ്ധ്യമാകില്ലെന്നാണ് കരുതുന്നതെന്നും എല്ലാ പ്രതീക്ഷകളും നഷ്ടമായതായും റോബര്‍ട്ട് പയസ് പറയുന്നു.

തനിക്ക് ദയാവധം നല്‍കുകയോ സ്വയം മരിക്കാന്‍ അനുവദിക്കുകയോ ചെയ്യണമെന്ന്  ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ശ്രീലങ്കന്‍ സ്വദേശി റോബര്‍ട്ട് പയസ്. പുഴല്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്കും മുഖ്യമന്ത്രി ഇ പളനിസാമിയ്ക്കുമാണ് റോബര്‍ട്ട് പയസ് ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയത്. ജയില്‍ ഉദ്യോഗസ്ഥര്‍ പയസിന്റെ അപേക്ഷ മേലധികാരികള്‍ക്ക് കൈമാറി. പയസിന്റെ അപേക്ഷ ഡിജിപിയുടെ ഓഫീസ് വഴി ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. ജയിലില്‍ നിന്ന് ഒരിക്കലും മോചനം സാദ്ധ്യമാകില്ലെന്നാണ് കരുതുന്നതെന്നും എല്ലാ പ്രതീക്ഷകളും നഷ്ടമായതായും റോബര്‍ട്ട് പയസ് പറയുന്നു.

രാജീവ് വധത്തിന്റെ ഗൂഢാലോചനയില്‍ പയസിന് പ്രധാന പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. 80കളുടെ അവസാനം ഇന്ത്യന്‍ സേനയായ ഐപികെഫ് ശ്രീലങ്കയില്‍ നടത്തിയ ഓപ്പറേഷനുകള്‍ക്കിടെയുള്ള അതിക്രമങ്ങളില്‍ പയസിന്റെ കുട്ടി മരിച്ചിരുന്നു. വധശിക്ഷയില്‍ ഇളവ് ലഭിച്ച നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരും രവിചന്ദ്രന്‍, ജയകുമാര്‍ എന്നീ പ്രതികളുമാണ് പയസിനൊപ്പം ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നത്. കേസില്‍ നിലവില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഏഴ് പേരെയും വിട്ടയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ 2014ല്‍ തീരുമാനിച്ചിരുന്നെങ്കിലും സുപ്രീംകോടതി ഇത് തടയുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഈ കേസില്‍ പ്രതികളെ വിട്ടയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. താനടക്കമുള്ളവരുടെ മോചനത്തെ എതിര്‍ത്ത മുന്‍ യുപിഎ സര്‍ക്കാരിനേയും ഇപ്പോഴത്തെ എന്‍ഡിഎ സര്‍ക്കാകരിനേയും പയസ് കുറ്റപ്പെടുത്തുന്നു. ഞങ്ങളുടെ ജീവിതം ജയിലില്‍ തന്നെ തീരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇനിയും ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലാതായിരിക്കുന്നു.

ഇപ്പോള്‍ 52 വയസ് പ്രായമുള്ള റോബര്‍ട്ട് പയസ് ജൂണ്‍ 11ന് ജയിലില്‍ 26 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. പയസിന്റെ ബന്ധുവാണ് ജയകുമാര്‍. 1990 സെപ്റ്റംബറില്‍ എല്‍ടിടിഇയുടെ നിര്‍ദ്ദേശപ്രകാരം മദ്രാസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനാണ് പയസും ജയകുമാറും എത്തുന്നത്. സെപ്റ്റംബര്‍ 20ന് മറ്റ് ചില ബന്ധുക്കളോടൊപ്പം അഭയാര്‍ത്ഥികളെന്ന നിലയിലാണ് ഇരുവരും ബോട്ടില്‍ രാമേശ്വരത്തെത്തിയത് എന്നാണ് അന്വേഷണസംഘം പറയുന്നത്. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം അഭയാര്‍ത്ഥികളെ ഈ സമയത്ത് വലിയ തോതില്‍ തമിഴ്‌നാട്ടിലെത്തിച്ചിരുന്നു. രാജീവ് വധത്തിലെ ഗൂഢാലോചനയില്‍ തനിക്ക് പങ്കുള്ളതായി പയസ് സമ്മതിച്ചിരുന്നു. ഐപികെഎഫിന്റെ അതിക്രമത്തിലാണ് തന്റെ കുട്ടി കൊല്ലപ്പെട്ടതെന്നും ഇന്ത്യക്കെതിരായ പ്രതികാരത്തിന്റെ ഭാഗമായാണ് രാജീവ് വധത്തില്‍ പങ്കാളിയായതെന്നും റോബര്‍ട്ട് പയസ് മൊഴി നല്‍കിയതായാണ് അന്വേഷണസംഘം പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍