UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാഹനം ഓവര്‍ടേക്ക് ചെയ്ത യുവാവിനെ കൊന്ന കേസ്: ജെഡിയു നേതാവിന്റെ മകന്‍ റോക്കി യാദവിന് ജീവപര്യന്തം

റോക്കിയുടെ രണ്ട് സുഹൃത്തുക്കള്‍ക്കും ഗയ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. റോക്കിയുടെ പിതാവ് ബിന്ദി യാദവിനെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്.

ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും (എംഎല്‍സി) ജെഡിയു നേതാവുമായ മനോരമ ദേവിയുടെ മകന്‍ റോക്കി യാദവിന് കൊലപാതക കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ. ആദിത്യ സച് ദേവ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ റോക്കി അടക്കമുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് ഓഗസ്റ്റ് 31ന് കോടതി വിധിച്ചിരുന്നു. റോക്കിയുടെ രണ്ട് സുഹൃത്തുക്കള്‍ക്കും ഗയ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഇവരില്‍ ഒരാള്‍ റോക്കിയുടെ കസിനും മറ്റെയാള്‍ മനോരമ ദേവിയുടെ സുരക്ഷാ ഉദ്യോഗസ്ഥനുമാണ്. ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. റോക്കിയുടെ പിതാവ് ബിന്ദി യാദവിനെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് കാര്‍ ഓടിച്ചുപോയതിനാണ് ആദിത്യ സച്ച്‌ദേവയെ റോക്കി വെടിവച്ച് കൊന്നത്. 2016 മേയ് ഏഴിന് ഗയ – ബോധ്ഗയ റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെടുമ്പോള്‍ 19 വയസ് പ്രായമുണ്ടായിരുന്ന ആദിത്യ 12ാം ക്‌ളാസ് വിദ്യാര്‍ത്ഥിയായിരുന്നു.

വേഗത കുറച്ച് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് റോക്കി യാദവ് ആകാശത്തേയ്ക്ക് വെടിവച്ചു. എന്നാല്‍ വണ്ടി നിര്‍ത്താതെ ആദിത്യ മുന്നോട്ട് പോയി. തുടര്‍ന്ന് ആദിത്യയുടെ കാറിനെ പിന്തുടര്‍ന്ന് മുന്നിലെത്തി വണ്ടി തടഞ്ഞുനിര്‍ത്തി. പുറത്തിറക്കി മര്‍ദ്ദിച്ചു. ഇതിന് ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. റോക്കി ഉടന്‍ സ്ഥലം കാലിയാക്കി. ബോധ്ഗയയിലുള്ള അച്ഛന്റെ ഫാക്ടറിയില്‍ പോയി ഒളിച്ചു. ഇവിടെ നിന്ന് രണ്ട് ദിവസത്തിനുള്ളില്‍ റോക്കിയെ പൊലീസ് പിടികൂടിയത്. ആദിത്യയുടെ കുടുംബത്തിനും സാക്ഷികള്‍ക്കും നേരെ ഭീഷണികളും സമ്മര്‍ദ്ദവുമായി റോക്കിയുടെ കുടുംബം സജീവമായി. സാക്ഷികളില്‍ പലരും കൂറുമാറിയിരുന്നു. കൊലപാതകം (ഐപിസി 302), മനപൂര്‍വമുള്ള അതിക്രമം (323), നാശനഷ്ടമുണ്ടാക്കല്‍ (427) എന്നിവയും ആയുധ നിയമത്തിലെ സെക്ഷന്‍ 27ഉം ആണ് റോക്കി യാദവിന് മേല്‍ ചുമത്തിയിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍