UPDATES

സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസ്: മുന്‍ ആര്‍എസ്എസ് നേതാവ് അസീമാനന്ദ് അടക്കമുള്ളവരെ കോടതി വെറുതെ വിട്ടു

ബോംബ് വച്ചവരെ തങ്ങള്‍ക്കറിയാമെന്നും ഇന്ത്യയിലെത്തി മൊഴി നല്‍കാന്‍ തയ്യാറാണെന്നും സ്‌ഫോടനത്തിന് ഇരകളായ പാകിസ്താനി ദമ്പതികള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ മുന്‍ ആര്‍എസ്എസ് നേതാവ് അസീമാനന്ദ് അടക്കമുള്ള പ്രതികളെ എന്‍ഐഎ കോടതി വെറുതെ വിട്ടു. അസീമാനന്ദിനേയും മറ്റ് മൂന്ന് പ്രതികളേയുമാണ് ഹരിയാനയിലെ പഞ്ച്കുളയിലുള്ള എന്‍ഐഎ കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരെ തെളിവില്ലെന്നാണ് കോടതി പറഞ്ഞത്.

അതേസമയം ബോംബ് വച്ചവരെ തങ്ങള്‍ക്കറിയാമെന്നും ഇന്ത്യയിലെത്തി മൊഴി നല്‍കാന്‍ തയ്യാറാണെന്നും സ്‌ഫോടനത്തിന് ഇരകളായ പാകിസ്താനി ദമ്പതികള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇവരുടെ കുട്ടികള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടരുന്നു. ഇവരുടെ മൊഴി പരിഗണിക്കാതെയാണ് കോടതി വിധി. പാകിസ്താനി ദമ്പതികള്‍ ഇക്കാര്യം പറഞ്ഞത് കേസ് നീട്ടിക്കൊണ്ടുപോകാനാണ് എന്നാണ് പ്രതിഭാഗം ആരോപിച്ചത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട തന്റെ പിതാവ് സ്‌ഫോടനത്തിന് തൊട്ടുമുമ്പ് തന്നെ ഫോണില്‍ വിളിച്ചപ്പോള്‍ സംശയകരമായി തോന്നുന്ന ചിലരെ കണ്ടതായി പറഞ്ഞതായി മറ്റൊരു പാകിസ്താനി സ്ത്രീയും വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയോ പാകിസ്താനോ പാക് ദമ്പതികളെ സഹായിക്കുന്നില്ല എന്നാണ് അവരുടെ അഭിഭാഷകന്‍ കുറ്റപ്പെടുത്തിയിരുന്നത്.

ഡല്‍ഹിയില്‍ നിന്ന് പാകിസ്താനിലെ ലാഹോറിലേയ്ക്കുള്ള സംഝോത എക്‌സ്പ്രസ് ട്രെയിനില്‍ 2007 ഫെബ്രുവരി 18നുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഭൂരിഭാഗവും പാകിസ്താന്‍ സ്വദേശികളായിരുന്നു. ഹരിയാനയിലെ പാനിപത്തില്‍ വച്ചാണ് സ്‌ഫോടനമുണ്ടായത്. രണ്ട് കോച്ചുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു. ഹരിയാന പൊലീസ് ആദ്യം അന്വേഷണം തുടങ്ങുകയും പിന്നീട് എന്‍ഐഎയ്ക്ക് കൈമാറുകയുമായിരുന്നു. 2011 ജൂണിലാണ് എട്ട് പേരെ പ്രതികളാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍