UPDATES

ന്യൂസ് അപ്ഡേറ്റ്സ്

17 വര്‍ഷത്തിനു ശേഷം സാമൂതിരി കേരള മുഖ്യമന്ത്രിയെ കണ്ടതെന്തിന്?

ഏത് സന്ദിഗ്ധ ഘട്ടത്തിലും അചഞ്ചലമായി നില്‍ക്കുകയും നിലപാടുകള്‍ കര്‍ശനമായി നടപ്പിലാക്കുകയും ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ സമീപനമെന്ന് പറഞ്ഞ കെസിയു രാജ മുഖ്യമന്ത്രിയെ അഭിനന്ദിച്ചു.

കോഴിക്കോട് സാമൂതിരി കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. നിലവിലെ സാമൂതിരിയായി കുടുംബം പരിഗണിക്കുന്ന കെസിയു രാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ നിയമസഭയിലെ ഓഫീസില്‍ സന്ദര്‍ശിച്ചത്. ജനങ്ങളുടെ ഭരണാധികാരിയെ സന്ദര്‍ശിച്ച് അഭിവാദ്യമര്‍പ്പിക്കുക മാത്രമാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശമെന്ന് സാമൂതിരി പറഞ്ഞു. ഏത് സന്ദിഗ്ധ ഘട്ടത്തിലും അചഞ്ചലമായി നില്‍ക്കുകയും നിലപാടുകള്‍ കര്‍ശനമായി നടപ്പിലാക്കുകയും ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ സമീപനമെന്ന് പറഞ്ഞ കെസിയു രാജ മുഖ്യമന്ത്രിയെ അഭിനന്ദിച്ചു. സര്‍ക്കാരിന്റെ പരിസ്ഥിതി സൗഹൃദ നിലപാടിന് ധാര്‍മിക പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മഷിപ്പേനയും കോഴിക്കോടിന്റെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകങ്ങളും അദ്ദേഹം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

മലബാറിലെ 45ഓളം ക്ഷേത്രങ്ങളുടെ ട്രസ്റ്റി ഇപ്പോഴും സാമൂതിരി കുടുംബത്തിന്റെ പ്രതിനിധിയായ കെസിയു രാജയാണ്. ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുമ്പോഴും ഈ ട്രസ്റ്റിഷിപ്പ് നിലനിര്‍ത്തണമെന്ന് കെസിയു രാജ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ട്രസ്റ്റിഷിപ്പില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അദ്ദേഹത്തിന് ഉറപ്പു നല്‍കി. ഇത് രണ്ടാം തവണയാണ് സാമൂതിരി കുടുംബത്തിന്റെ പ്രധാന പ്രതിനിധി മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ തലസ്ഥാനത്തെത്തുന്നത്. 1999ല്‍ അന്ന് സാമൂതിരി സ്ഥാനം വഹിച്ചിരുന്ന കെ ഏട്ടനുണ്ണിരാജയും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയായിരുന്ന ഇകെ നായനാര്‍ നായനാരെ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷം ഇപ്പോഴാണ് മറ്റൊരു സാമൂതിരി പ്രതിനിധി മുഖ്യമന്ത്രിയെ കാണാനെത്തുന്നത്.

നാല് വര്‍ഷം മുമ്പാണ് കെസിയു രാജ സാമൂതിരി സ്ഥാനം ഏറ്റെടുത്തത്. ഇപ്പോള്‍ 92 വയസ്സുണ്ട്. ചെന്നൈയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കി പെരുമ്പൂര്‍ ലോക്കോമോട്ടിവ് വര്‍ക്സ്, ജംഷെഡ്പൂരിലെ ടെല്‍കോ എന്നിവിടങ്ങളിലും 25 വര്‍ഷക്കാലം കളമശ്ശേരി ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സില്‍ മാനേജരായും പ്രവര്‍ത്തിച്ചു. ഇന്ത്യയിലാദ്യമായി കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കല്‍ സെന്‍ട്രല്‍ മെഷീന്‍ ടൂള്‍സിന്റെ പ്രവര്‍ത്തനം പ്രാബല്യത്തില്‍ കൊണ്ടുവന്നത് കെസിയു രാജയുടെ നേതൃത്വത്തില്‍ എച്ച്എംടിയിലായിരുന്നു. ഇതിനായി സര്‍ക്കാര്‍ ഇദ്ദേഹത്തെ ജര്‍മനിയിലയച്ച് പരിശീലനം നല്‍കിയിരുന്നു. ജര്‍മനി, സ്വിറ്റ്സര്‍ലണ്ട്, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള കെസിയു രാജ മികച്ചൊരു ഫോട്ടോഗ്രഫറുമാണ്. മക്കളായ സരസിജ രാജ, മായാ ഗോവിന്ദ്, മരുമകന്‍ അഡ്വ. ഗോവിന്ദ് ചന്ദ്രശേഖര്‍, മരുമകന്‍ കെസി സംഗമേഷ് വര്‍മ, മരുമകള്‍ ഡോ. പിസി രതി തമ്പാട്ടി, ഭര്‍ത്താവ് ഡോ. ഇകെ ഗോവിന്ദവര്‍മ രാജ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍