UPDATES

10 എടിഎം ഇടപാടുകള്‍ സൗജന്യം: എസ്ബിഐയുടെ പുതിയ സര്‍ക്കുലര്‍

വിവാദ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് എസ്ബിഐയുടെ നടപടി.

10 എടിഎം ഇടപാടുകള്‍ സൗജന്യമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ സര്‍ക്കുലര്‍. മെട്രോ നഗരങ്ങളില്‍ എട്ട് ഇടപാടുകള്‍ ആയിരിക്കും സൗജന്യമായി ലഭിക്കുക. സേവിംഗ്സ് അക്കൌണ്ട് ഉടമകള്‍ക്കാണ് സൗജന്യം. സൗജന്യ എടിഎം ഇടപാടുകള്‍ ജൂണ്‍ ഒന്ന് മുതല്‍ നിര്‍ത്താനും ഓരോ ഇടപാടിനും 25 രൂപ വീതം ഈടാക്കാനുമുള്ള വിവാദ ഉത്തരവ് എസ്ബിഐ പിന്‍വലിച്ചു. മാസത്തില്‍ നിലവിലുള്ളത് പോലെ നാല് എടിഎം ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്ന് എസ്ബിഐ അറിയിച്ചു. വിവാദ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് എസ്ബിഐയുടെ നടപടി. ഉത്തരവ് ബഡ്ഡി ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതാണെന്നും തെറ്റായ ഉത്തരവാണ് പുറത്തിറങ്ങിയതെന്നും നേരത്തെ എസ്ബിഐ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

ജൂണ്‍ ഒന്ന്‍ മുതല്‍ സൗജന്യ എടിഎം സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു എന്നാണ് നേരത്തേ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ഓരോ ഇടപാടിനും 25 രൂപ വീതം ചാര്‍ജ് ഈടാക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. എസ്ബിഐയുടേത് ഭ്രാന്തന്‍ നടപടിയാണെന്ന് വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസകും രംഗത്തെത്തിയിരുന്നു. ഇതോടൊപ്പം ചെക്ക് ബുക്കുകള്‍ക്കും മുഷിഞ്ഞ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ചാര്‍ജുകള്‍ പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

എസ്ബിഐയുടെ വിവാദ ഉത്തരവില്‍ പറഞ്ഞിരുന്ന മറ്റ് കാര്യങ്ങള്‍:

പണം നിക്ഷേപിക്കുന്നതിന്നതിന് മിനിമം രണ്ട് രൂപമുതല്‍ മാക്‌സിമം എട്ട് രൂപ വരെ ഈടാക്കും. കാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴിയുള്ള പണം പിന്‍വലിക്കലിനും മിനിമം ആറ് രൂപ ഈടാക്കും. സേവിംഗ്‌സ് അക്കൗണ്ട് ഉള്ളവര്‍ക്ക് ചെക്ക് ബുക്ക് അനുവദിക്കുന്നിതിലും ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. 10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപയും സര്‍വീസ് ടാക്‌സും ഈടാക്കും. 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപയും, 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപയും സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കും. ഇനി മുതല്‍ റുപ്പേ, ക്ലാസിക് എടിഎം കാര്‍ഡുകള്‍ മാത്രമേ സൗജന്യമായി നല്‍കൂ എന്നും എസ്ബിഐ വ്യക്തമാക്കുന്നു.

മുഷിഞ്ഞ നോട്ടുകള്‍ ഒരു പരിധിയില്‍ അധികം മാറ്റിയെടുക്കാന്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. 20ല്‍ കൂടുതല്‍ നോട്ടുകള്‍ ഉണ്ടെങ്കില്‍ ഓരോ നോട്ടിനും രണ്ടുരൂപയും സേവനനികുതിയും കൊടുക്കേണ്ടി വരും. 5,000 രൂപയിലും അധികമാണെങ്കില്‍ ഓരോ നോട്ടിനും രണ്ടുരൂപയും സേവന നികുതി അല്ലെങ്കില്‍ 1000 രൂപയ്ക്ക് അഞ്ച് രൂപയും സേവന നികുതി എന്നിവയില്‍ അധികം വരുന്നത് ഏതാണോ അതാണ് ഈടാക്കുക. അതായത് 500 രൂപയുടെ 25 മുഷിഞ്ഞ നോട്ട് മാറ്റണമെങ്കില്‍ നോട്ട് ഒന്നിന് രണ്ടുരൂപ കണക്കാക്കിയാല്‍ 50 രൂപ സേവനനികുതി വരും. എന്നാല്‍ 1000 രൂപയ്ക്ക് അഞ്ചുരൂപ എന്ന കണക്കിലാണെങ്കില്‍ 62.50 രൂപയുമാണ് സേവന നികുതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍