UPDATES

ഇന്ത്യ

സുപ്രീംകോടതിയുടേത് ജുഡീഷ്യൽ നിയമനിർമാണം; എസ് സി-എസ് ടി ഉത്തരവ് രാജ്യത്ത് ഐക്യം തകർത്തു: കേന്ദ്രം

നിയമനിർമാണ സഭയും ഏക്സിക്യുട്ടീവും ജുഡീഷ്യറിയും തമ്മിലുണ്ടായിരിക്കേണ്ട അധികാരപരമായ അതിർവരമ്പുകൾ അലംഘനീയമാണെന്ന വാദത്തിനാണ് അറ്റോർണി ജനറൽ കൂടുതൽ ഊന്നൽ നൽകിയത് എന്നത് ശ്രദ്ധേയമാണ്.

പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമവുമായി ബന്ധപ്പെട്ട് മാർച്ച് 20ന് പുറത്തിറക്കിയ ഉത്തരവ് രാജ്യത്ത് അനൈക്യം വളർത്ത‌ുന്നതിലേക്ക് നയിച്ചെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അറ്റോർണി ജനറൽ കെകെ വേണുഗോപാൽ എഴുതി നൽകിയ സബ്മിഷനിലാണ് സർക്കാർ കോടതിയെ ഇക്കാര്യം ബോധിപ്പിച്ചത്.

നിയമത്തിലെ ചില വ്യവസ്ഥകൾ റദ്ദ് ചെയ്ത് പുതിയവ ചേർത്ത സുപ്രീംകോടതി നടപടി ‘ജുഡീഷ്യൽ നിയമനിർമാണ’ത്തോളം വളർന്നുവെന്നും ഇത് ജനങ്ങളിൽ രോഷം വളർത്തുകയും വിവിധ ജനവിഭാഗങ്ങൾക്കിടയിലെ ഐക്യം തകർക്കുകയും ചെയ്തുവെന്നും സബ്മിഷനിലൂടെ സർക്കാർ കോടതിയെ അറിയിച്ചു.

ദളിത് സംഘടനകൾ രാജ്യത്തെമ്പാടും ഹർത്താലിന് ആഹ്വാനം ചെയ്തതിനു പിന്നാലെ സർക്കാർ പുനഃപരിശോധനാ ഹരജി നൽകിയിരുന്നെങ്കിലും സംഘർഷാവസ്ഥ മാത്രം പരിഗണിച്ച് ഉത്തരവ് പിൻവലിക്കാനാകില്ലെന്ന നിലപാടാണ് കോടതിയെടുത്തത്. ഉത്തരവിലൂടെ വരുത്തിയ മാറ്റം പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ പഴുതുകളടയ്ക്കാൻ പര്യാപ്തമായവയല്ലെന്നും സർക്കാർ സബ്മിഷനിൽ വ്യക്തമാക്കി. കോടതിയുത്തരവ് അതീവ വൈകാരിക പ്രതികരണങ്ങൾക്ക് കാരണമായെന്നും രാജ്യത്ത് അസ്വസ്ഥത വളർത്തിയെന്നും സർക്കാർ പറഞ്ഞു.

നിയമനിർമാണ സഭയും ഏക്സിക്യുട്ടീവും ജുഡീഷ്യറിയും തമ്മിലുണ്ടായിരിക്കേണ്ട അധികാരപരമായ അതിർവരമ്പുകൾ അലംഘനീയമാണെന്ന വാദത്തിനാണ് അറ്റോർണി ജനറൽ കൂടുതൽ ഊന്നൽ നൽകിയത് എന്നത് ശ്രദ്ധേയമാണ്. ഏപ്രിൽ മൂന്നിലെ പുനഃരിശോധനാ ഹരജിയിൽ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട അസ്വസ്ഥതകളിലായിരുന്നു ഊന്നൽ. ഇതിനെ കോടതി നിഷ്പ്രയാസം തള്ളുകയും ചെയ്തു. കൂടാതെ, തങ്ങളുടേതിന് സമാനമായ അഭിപ്രായം സർക്കാർ മുമ്പ് പങ്കു വെച്ചിരുന്ന കാര്യം ചൂണ്ടിക്കാട്ടി കോടതി പ്രതികരിക്കുകയും ചെയ്തിരുന്നു.

അധികാരപരിധിക്കുള്ളിൽ നിന്നു തന്നെ നിയമം നിലവിലില്ലാത്ത സന്ദർഭത്തിൽ നിയമസൃഷ്ടി നടത്താമെന്ന കോടതിയുടെ പ്രസ്താവം മിഥ്യാധാരണയാണെന്ന് അറ്റോർണി ജനറൽ പറഞ്ഞു. ഇന്ത്യയുടേത് ഒരു എഴുതപ്പെട്ട ഭരണഘടനയാണെന്നും നിയമനിർമാണസഭകളും എക്സിക്യുട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാരവിഭജനം അടിസ്ഥാനഘടനയാണെന്നും അലംഘനീയമാണെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍