UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാണാതായ യുദ്ധവിമാനത്തിനായുള്ള തിരച്ചില്‍ തുടരുന്നു; പൈലറ്റുമാരില്‍ ഒരാള്‍ മലയാളി

വിമാനം കാട്ടില്‍ തകര്‍ന്നു വീണതായാണ് കരുതുന്നത്.

വ്യോമസേനയുടെ കാണാതായ സുഖോയ്-30 വിമാനത്തിനായുള്ള തിരച്ചില്‍ അസം-മേഘാലയ അതിര്‍ത്തിയിലെ കാടുകളില്‍ തുടരുന്നു. വ്യോമസേനയുടെ സി-130 വിമാനം, ഒരു അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍, ചേതക് ഹെലികോപ്റ്ററുകള്‍ എന്നിവ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. വ്യോമസേനയുടെ നാല് ഗ്രൗണ്ട് ടീമുകളും കരസേനയുടെ ഒമ്പത് സംഘങ്ങളും തിരച്ചിലിനായി രംഗത്തുണ്ട്. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരില്‍ ഒരാള്‍ തിരുവനന്തപുരം സ്വദേശി ഫ്‌ളൈറ്റ് ലഫ്റ്റനന്റ് അച്യുത് ദേവ് (26) ആണ്. വിമാനം കാട്ടില്‍ തകര്‍ന്നു വീണതായാണ് സൂചന. മോശം കാലാവസ്ഥ മേഘാലയ കാടുകളില്‍ തുടരുന്ന തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

തിരുവനന്തപുരം പോങ്ങുംമൂട്ടില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ വിപി സഹദേവന്റെയും ശ്രീദേവിയുടെയും മകനാണ് അച്യുത് ദേവ്. ഐഎസ്ആര്‍ഒ റിട്ട.ഉദ്യോഗസ്ഥനാണ് സഹദേവന്‍. ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യന്‍ മിലിറ്ററി സ്‌കൂളില്‍ 11-ാം വയസില്‍ ചേര്‍ന്ന അച്യുത് ദേവ് 2012ലാണ് കമ്മീഷന്‍ഡ് ഓഫിസറായി വ്യോമസേനയില്‍ ചേരുന്നത്. 21നായിരുന്നു അച്യുതിന്റെ പിറന്നാള്‍. വിവരമറിഞ്ഞ മാതാപിതാക്കള്‍ അസമില്‍ എത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 10.30ന് തേസ്പുര്‍ വ്യോമതാവളത്തില്‍ നിന്ന് പരിശീലനപ്പറക്കലിനായി പുറപ്പെട്ട രണ്ട് സുഖോയ് വിമാനങ്ങളിലൊന്നാണ് കാണാതായത്. തേസ്പുരില്‍ നിന്ന് 60 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ചൈനാ അതിര്‍ത്തിയില്‍ നിന്ന് 172 കിലോമീറ്റര്‍ അകലെയാണ് തേസ്പുര്‍. വിമാനത്തെ കുറിച്ചോ പൈലറ്റുമാരെ കുറിച്ചോ യാതൊരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല. ഇന്ത്യന്‍ വിമാനത്തെക്കുറിച്ച് യാതൊരു വിവരവും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് ചൈന പറയുന്നത്. ഇന്ത്യന്‍ വിമാനത്തെക്കുറിച്ച് യാതൊരു വിവരവും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് ചൈന പറയുന്നത്. വിമാനത്തിനായുള്ള തിരിച്ചിലിന്റെ പേരില്‍ അതിര്‍ത്തിയിലെ സമാധാനാന്തരീക്ഷം ഇന്ത്യ തകര്‍ക്കരുതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം അസമിലെ നൗഗാവില്‍ സുഖോയ് വിമാനം തകര്‍ന്നുവീണിരുന്നു. റഷ്യന്‍ നിര്‍മ്മിത സുഖോയ് 1990ലാണ് വ്യേമസേനയ്ക്ക് ലഭിച്ചത്. ഇതിനിടെ ഏഴ് വിമാനങ്ങള്‍ പറക്കലിനിടയില്‍ തകര്‍ന്നുവീണു. സുഖോയ് പോര്‍വിമാനങ്ങള്‍ തേസ്പുര്‍ ഉള്‍പ്പെടെ രാജ്യത്തെ മൂന്നു വ്യോമസേനാ താവങ്ങളിലാണുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍