UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു കാശ്മീരില്‍ നാനൂറിലധികം നേതാക്കള്‍ക്ക് സുരക്ഷ തിരിച്ച് നല്‍കി; സുരക്ഷ പിന്‍വലിച്ച ചീഫ് സെക്രട്ടറിയുടെ തീരുമാനത്തില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി

ചീഫ് സെക്രട്ടറി സുരക്ഷ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചതിലും നേതാക്കളുടെ സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനമെടുത്തതിലും ഗവര്‍ണര്‍ അതൃപ്തനായിരുന്നു എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജമ്മു കാശ്മീരില്‍ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പിന്‍വലിച്ചിരുന്ന, നാനൂറിലധികം രാഷ്ട്രീയ നേതാക്കള്‍ക്കുള്ള സുരക്ഷ പുനസ്ഥാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഇവരുടെ സുരക്ഷ പിന്‍വലിച്ച ചീഫ് സെക്രട്ടറിയുടെ തീരുമാനം വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. പ്രധാന രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് സുരക്ഷ പുനസ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. സുരക്ഷ പിന്‍വലിച്ചത് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണും ഭീകരപ്രവര്‍ത്തകരില്‍ നിന്ന് ഭീഷണി നേരിടുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ സുരക്ഷ അപായപ്പെടുത്തുന്ന നീക്കമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

ഏപ്രില്‍ 11 മുതല്‍ മേയ് ആറ് വരെ അഞ്ച് ഘട്ടമായാണ് ജമ്മു കാശ്മീരിലെ ആറ് ലോക്‌സഭ സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കുക. വിഘടനവാദി നേതാക്കള്‍ക്കും മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷയാണ് പിന്‍വലിച്ചിരുന്നത്. മിര്‍വായിസ് ഉമര്‍ ഫാറൂഖ് അടക്കം അഞ്ച് വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ പിന്‍വലിച്ചിരുന്നു. ചീഫ് സെക്രട്ടറി സുരക്ഷ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചതിലും നേതാക്കളുടെ സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനമെടുത്തതിലും ഗവര്‍ണര്‍ അതൃപ്തനായിരുന്നു എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, പിഡിപി നേതാവ് മെഹബൂബ മുഫ്തി തുടങ്ങിയവരുമായി താന്‍ ചര്‍ച്ച നടത്തിയതായും സുരക്ഷ ആവശ്യമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെല്ലാം അത് ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ എന്‍ഡിടിവിയോട് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍