UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യയ്ക്കും ഉമര്‍ ഖാലിദിനും അനിര്‍ഭന്‍ ഭട്ടാചാര്യയ്ക്കുമെതിരെ രാജ്യദ്രോഹ കുറ്റപത്രം; കേസെടുത്ത് മൂന്ന് വര്‍ഷമാകുമ്പോമ്പോള്‍

“ഇത് വ്യക്തമായും രാഷ്ട്രീയപ്രേരിതമായ കേസാണ്. കനയ്യ കുമാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോവുകയാണ്”.

ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കേസില്‍ ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്ലിന്റെ കരട് കുറ്റപത്രം. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്ന് ആരോപിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷമാകുമ്പോളാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറി. ഉടന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിക്കും. മൂന്ന് പേരേയും 2016 ഫെബ്രുവരി – മാര്‍ച്ചില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ ജയിലിലടച്ചിരുന്നു. മറ്റ് എട്ട് പേരേയും ഡ്രാഫ്റ്റ് ചാര്‍ജ്ജ് ഷീറ്റില്‍ പൊലീസ് ചേര്‍ത്തിട്ടുണ്ട്. ഈ എട്ട് പേരും കാശ്മീര്‍ സ്വദേശികളാണ്. രണ്ട് പേര്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളാണ്. രണ്ട് പേര്‍ ജാമിയ മിലിയ വിദ്യാര്‍ത്ഥികളും ഒരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുമാണ്. മറ്റ് രണ്ട് പേരും വിദ്യാര്‍ത്ഥികളാണ്.

പ്രതികളുടെ മൊബൈല്‍ ഫോണ്‍, ലാപ്പ് ടോപ്പ് ഡാറ്റകളുടെ ഫോറന്‍സിക് പരിശോധന ഫലം വൈകി മാത്രം കിട്ടിയതിനാലാണ് കുറ്റപത്രം വൈകിയതെന്ന് പൊലീസ് പറയുന്നു. ഒരു വീഡിയോ ഫൂട്ടേജ് യഥാര്‍ത്ഥമാണ് എന്ന് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ പരിശോധനയില്‍ കണ്ടെത്തിയതായി പൊലീസ് അവകാശപ്പെടുന്നു. അതേസമയം കുറ്റപത്രത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും കിട്ടിയിട്ടില്ലെന്ന് കനയ്യ കുമാറിന്റെ അഭിഭാഷക വൃന്ദ ഗ്രോവര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇത് വ്യക്തമായും രാഷ്ട്രീയപ്രേരിതമായ കേസാണ്. കനയ്യ കുമാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോവുകയാണ് (ബിഹാറിലെ ബെഗുസാരായില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി കനയ്യ കുമാര്‍ മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കുമെന്ന് ആര്‍ജെഡി വ്യക്തമാക്കിയിട്ടുണ്ട്. കനയ്യ ഇവിടെ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു) അതുകൊണ്ടാണ് ഇപ്പോള്‍ കുറ്റപത്രം വരുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. ഇത് പൊലിസിന്റേയും നിയമസംവിധാനത്തിന്റേയും ദുരുപയോഗമാണ്. ഇതില്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട് ഒന്നുമില്ലെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഞങ്ങള്‍ തുടക്കം മുതല്‍ പറയുന്നതാണ് – വൃന്ദ ഗ്രോവര്‍ ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും മറ്റും പൊലീസ് പരിശോധിച്ചിരുന്നു. വിവാദ പരിപാടിയില്‍ വിളിച്ച ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഫേസ്ബുക്കില്‍ ഒരു വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലില്‍ കണ്ടെത്തിയതായി പൊലീസ് പറയുന്നു. 2016 ഫെബ്രുവരി ഒമ്പതിന് പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ മൂന്നാം വാര്‍ഷികത്തിലാണ് കാശ്മീരി വിദ്യാര്‍ത്ഥികള്‍ വിവാദ മുദ്രാവാക്യങ്ങള്‍ വിളിച്ചതായി ആരോപണം. എന്നാല്‍ കനയ്യയ്ക്കും ഉമര്‍ ഖാലിദിനും അനിര്‍ഭന്‍ ഭട്ടാചാര്യക്കുമെതിരായ ദേശ വിരുദ്ധ മുദ്രാവാക്യ ആരോപണം വ്യാജമാണ് എന്ന് പിന്നീട് വ്യക്തമായിരുന്നു. വ്യാജ ദൃശ്യങ്ങളാണ് സീ ടിവി പ്രചരിപ്പിച്ചിരുന്നത് എന്ന് തെളിഞ്ഞു. വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്ല റാഷിദ് അടക്കം 32 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ കാര്യമായ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍