UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്താന്‍ കരസേന മേധാവിയെ കെട്ടിപ്പിടിച്ചു; സിധുവിനെതിരെ രാജ്യദ്രോഹ കേസ്

പാക് സൈനിക മേധാവിയെ കെട്ടിപ്പിടിച്ച സിധുവിന്റെ നടപടി ശരിയായില്ല എന്നാണ് മുന്‍ സൈനികന്‍ കൂടിയായ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അഭിപ്രായപ്പെട്ടത്. അതേസമയം ജനറല്‍ ബജ്വയുമായി വളരെ ഫലപ്രദമായ സംഭാഷണമാണ് താന്‍ നടത്തിയത് എന്ന് സിധു പറഞ്ഞു.

പാക് കരസേന മേധാവിയെ കെട്ടിപ്പിടിച്ച പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജോത് സിംഗ് സിധുവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. ഈയടുത്ത് നടത്തിയ പാകിസ്താന്‍ സന്ദര്‍ശനത്തിനിടെയാണ് പാക് കരസേന മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയെ, സിധു കെട്ടിപ്പിടിച്ചത്. ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിന് ഇസ്ലാമബാദിലെത്തിയപ്പോളാണ് സിധു പാക് സൈനിക മേധാവിയെ കണ്ടത്. ബിഹാര്‍ സ്വദേശിയായ സുധീര്‍ ഓജ എന്ന അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തത്. മുസഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

പാക് സൈനിക മേധാവിയെ കെട്ടിപ്പിടിച്ച സിധുവിന്റെ നടപടി ശരിയായില്ല എന്നാണ് മുന്‍ സൈനികന്‍ കൂടിയായ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അഭിപ്രായപ്പെട്ടത്. നമ്മുടെ പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെടുമ്പോള്‍ അവരുടെ സൈനിക മേധാവിയെ കെട്ടിപ്പിടിക്കുന്നതിന് ഞാന്‍ എതിരാണ്. എന്റെ റെജിമെന്റിന് മാത്രം ഒരു മേജറേയും മൂന്ന് ജവാന്മാരേയും ഈയ്ടുത്ത് നഷ്ടമായി. എല്ലാ ദിവസവും ആര്‍ക്കെങ്കിലുമൊക്കെ വെടി കൊള്ളുന്നുണ്ട് – അമരീന്ദര്‍ സിംഗ് പറഞ്ഞു. സിധു, ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് പോയത് സ്വന്തം തീരുമാനപ്രകാരമാണെന്നും സര്‍ക്കാരിനും കോണ്‍ഗ്രസിനും ഇതുമായി ബന്ധമില്ലെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. എന്‍ഡിടിവിയോടാണ് അമരീന്ദര്‍ സിംഗ് ഇക്കാര്യം പറഞ്ഞത്.

അതേസമയം ജനറല്‍ ബജ്വയുമായി വളരെ ഫലപ്രദമായ സംഭാഷണമാണ് താന്‍ നടത്തിയത് എന്ന് സിധു പറഞ്ഞു. 2019ല്‍ ഗുരുനാനാകിന്റെ 550ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വിശ്വാസികള്‍ക്ക് വേണ്ടി കര്‍താര്‍പൂരിലെ അതിര്‍ത്തി തുറക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുമായി സമാധാനമാണ് തങ്ങള്‍ താല്‍പര്യപ്പെടുന്നതെന്ന് പാക് സൈനിക മേധാവി പറഞ്ഞതായും സിധു എന്‍ഡിടിവിയോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍