UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെന്‍കുമാറിന് ഡിജിപി സ്ഥാനം തിരികെ നല്‍കണം: സര്‍ക്കാരിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതി വിധി

ജിഷ കേസിലും പുറ്റിങ്ങള്‍ വെടിക്കെട്ട് അപകടത്തിലും വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയത്.

തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്ക് കനത്ത തിരിച്ചടിയായി സുപ്രീംകോടതി വിധി. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന്‍ നീക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹത്തിന് പൊലീസ് മേധാവി സ്ഥാനം തിരിച്ച് നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സെന്‍കുമാറിനോട്‌ കടുത്ത അനീതിയാണ് കാണിച്ചതെന്നും സര്‍ക്കാര്‍ തീരുമാനം ശരി വച്ച ഹൈക്കോടതി വിധി റദ്ദാക്കുകയാണെന്നും ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ മാടന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ജൂണ്‍ 30 വരെയാണ് സെന്‍കുമാറിന് കാലാവധിയുള്ളത്. ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ആറാം ദിവസമാണ്.

പൊലീസ് മേധാവിയെ നിയമിക്കുന്നതും മാറ്റുന്നതും സര്‍ക്കാരിന്‍റെ വിവേചനാധികാരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നു.
പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവർത്തികളിൽ ജനത്തിന് അതൃപ്തിയുണ്ടായാൽ പൊലീസ് നിയമത്തിലെ 97 പ്രകാരം മാറ്റാൻ സർക്കാരിനു അധികാരമുണ്ടെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്. ജിഷ കേസിലും പുറ്റിങ്ങള്‍ വെടിക്കെട്ട് അപകടത്തിലും വീഴ്ച വരുത്തിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ആയിരുന്ന നിലവിലെ ചീഫ് സെക്രട്ടറി നളിനി നെറ്റോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നളിനി നെറ്റൊയുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സംബന്ധിച്ച് കോടതി അന്വേഷിച്ചിരുന്നെങ്കിലും മതിയായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. ജിഷ കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻപോലും കാലതാമസം വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സെൻകുമാർ സംരക്ഷിക്കാൻ ശ്രമിച്ചു, പുറ്റിങ്ങൽ അപകടത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിനു പകരം കൊല്ലം ജിലാ ഭരണകൂടത്തെ പഴിചാരാനാണ് സെൻകുമാർ ശ്രമിച്ചതെന്നും സർക്കാർ വാദിച്ചു. നിയമനം നൽകി രണ്ടുവർഷത്തേക്ക് സ്ഥലംമാറ്റരുതെന്ന പ്രകാശ് സിങ് കേസിലെ നിർദേശം സെൻകുമാറിന്റെ കാര്യത്തിൽ ബാധകമല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, സ്ഥലംമാറ്റിയ നടപടി നിലവിലുളള സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നാണ് സെൻകുമാറിന്റെ അഭിഭാഷകന്‍ വാദിച്ചത്. ജിഷ, പുറ്റിങ്ങൽ കേസുകളിൽ വീഴ്ച വരുത്തിയിട്ടില്ല. സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ട പൊലീസ് നിയമത്തിലെ വകുപ്പുകൾ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദ് ചെയ്യണമെന്നും സെൻകുമാറിന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടു.

എന്നാല്‍ കീഴ്വഴക്കങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ ഡിജിപിയെ മാറ്റിയതെന്ന് സുപ്രീംകോടതി വിലയിരുത്തി. ദുഷ്യന്ത് ദവേ, ഹാരിസ് ബീരാന്‍ തുടങ്ങിയ അഭിഭാഷകരാണ് സെന്‍കുമാറിന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നത്. സര്‍ക്കാരിന് വേണ്ടി ഹരീഷ് സാല്‍വെയാണ് ഹാജരായത്. സെന്‍കുമാറിനോടുള്ള സര്‍ക്കാര്‍ സമീപനം മോശമായിരുന്നു. സെന്‍കുമാറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം വലിയ ചര്‍ച്ചാവിഷയമായി. മുഖ്യമന്ത്രി നേരിട്ട് സെന്‍കുമാറിനെ കടന്നാക്രമിച്ചിരുന്നു. സെന്‍കുമാര്‍ ബിജെപി ക്യാമ്പിലാണെന്ന് അദ്ദേഹം നിയമസഭയില്‍ ആരോപിച്ചു. സെന്‍ കുമാര്‍ കേസ് പരിഗണിക്കേവേ, ജിഷ്ണു കേസില്‍ വീഴ്ചയുണ്ടായിട്ടും എന്തുകൊണ്ട് ലോക്‌നാഥ് ബെഹ്രയെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയില്ല എന്ന് ചോദിച്ച് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍