UPDATES

സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചു; ഫയലില്‍ മുഖ്യമന്ത്രി ഒപ്പ് വച്ചു

സുപ്രീംകോടതിയില്‍ നിന്നുള്ള കനത്ത തിരിച്ചടിയുടെ പിന്നാലെയാണ് സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ടിപി സെന്‍കുമാറിനെ വീണ്ടും ഡിജിപിയായി നിയമിച്ചു. സെന്‍കുമാറിന്‍റെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പ് വച്ചു. സുപ്രീംകോടതിയില്‍ നിന്നുള്ള കനത്ത തിരിച്ചടിയുടെ പിന്നാലെയാണ് സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പ് വച്ചത്. ഉത്തരവ് നാളെ പുറത്തിറങ്ങും. ലോക് നാഥ് ബെഹ്ര വിജിലന്‍സ് മേധാവിയായി തുടരും. സര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും.

സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയ സര്‍ക്കാര്‍ തീരുമാനം ശരിവച്ച് കൊണ്ടുള്ള ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടും സെന്‍കുമാറിനെ ഡിജിപിയായി വീണ്ടും നിയമിക്കാന്‍ ആവശ്യപ്പെട്ടും ഏപ്രില്‍ 24നാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നിയമന ഉത്തരവ് ഇറക്കുന്നത് നീട്ടിക്കൊണ്ട് പോയതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാരിന് സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടിസ് അയച്ചിരുന്നു. സെന്‍കുമാറിനെ പുനര്‍നിയമിക്കാനുള്ള കോടതി ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി തള്ളുകയും കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി 25000 രൂപ പിഴയിടുകയും ചെയുതിരുന്നു. വിധി നടപ്പാക്കിയില്ലെങ്കിൽ എന്തു ചെയ്യണമെന്ന് അറിയാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേത് തന്നെയായിരുന്നു ഈ വിധിയും.

വിധി പ്രഖ്യാപിച്ച് പന്ത്രണ്ടു ദിവസമാകുമ്പോഴും സര്‍ക്കാര്‍ ‌പുനര്‍നിയമന ഉത്തരവ് പുറത്തിറങ്ങാത്തതാണ് കോടതിയുടെ വിമർശനത്തിന് കാരണമായത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് ഉത്തരവിറക്കുന്നതിന് പ്രധാന തടസ്സമെന്നും കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നുമായിരുന്നു കോടതിയലക്ഷ്യ ഹർജിയിൽ സെന്‍കുമാറിന്‍റെ ആവശ്യം. പൊലീസ് മേധാവിയായി നിയമിക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിനെയും സെന്‍കുമാര്‍ ചോദ്യം ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് നിയമന ഉത്തരവില്‍ ഒപ്പ് വച്ചത്. ഇന്ന് തന്നെ നിയമന ഉത്തരവില്‍ ഒപ്പ് വയ്ക്കണം എന്ന് സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍