UPDATES

പുല്‍വാമയെ ചോദ്യം ചെയ്തു, ഇമ്രാന്‍ ഖാനെ പ്രശംസിച്ചു: യുപിയില്‍ ഏഴ് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

പുല്‍വാമ ഭീകരാക്രമണത്തില്‍ ഗൂഢാലോചനയുണ്ട് എന്ന് അഭിപ്രായപ്പെട്ടതിനാണ് ഒരു അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്.

പുല്‍വാമ ഭീകരാക്രമണത്തെ ചോദ്യം ചെയ്യുകയും സര്‍ക്കാരിനെ വിമര്‍ശിക്കുകയും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിക്കുകയും ചെയ്തതിന് ഏഴ് അധ്യാപകരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഗ്രൂപ്പ് എ എജുക്കേഷന്‍ സര്‍വീസ് ഓഫീസര്‍ (ബേസിക് ശിക്ഷ അധികാരി) അടക്കമുള്ളവരെയാണ് യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സര്‍വീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് നടപടി. രണ്ട് സസ്‌പെന്‍ഷനുകള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ്. ഒരു സ്വകാര്യ സ്‌കൂള്‍ ടീച്ചര്‍ക്കെതിരെ കേസെടുത്തു. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും ഇട്ട പോസ്റ്റുകളും മെസേജുകളുമാണ് നടപടിക്ക് ആധാരം. പുല്‍വാമ ഭീകരാക്രമണത്തില്‍ ഗൂഢാലോചനയുണ്ട് എന്ന് അഭിപ്രായപ്പെട്ടതിനാണ് ഒരു അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം സ്വകാര്യ സംഭാഷണങ്ങളില്‍ പറഞ്ഞ കാര്യങ്ങളാണ് ഇവ എന്ന് അധ്യാപകര്‍ പറയുന്നു.

മുസഫര്‍നഗര്‍ ബേസിക് ശിക്ഷ അധികാരി ദിനേഷ് യാദവിനെ ഫെബ്രുവരി 21ന് സ്‌പെഷല്‍ സെക്രട്ടറി ആനന്ദ് കുമാര്‍ സിംഗ് സസ്‌പെന്‍ഡ് ചെയ്തത് ഫെബ്രുവരി 19ന് പ്രൊവിന്‍ഷ്യല്‍ എജുക്കേഷന്‍ സര്‍വീസ് വാട്‌സ് ആപ് ഗ്രൂപ്പില്‍ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്ന് ആരോപിച്ചതിനാണ്. അതേസമയം താന്‍ സര്‍വീസ് ചട്ടമൊന്നും ലംഘിച്ചിട്ടില്ലെന്നും ഒരു സുഹൃത്തുമായി ചാറ്റ് ചെയ്യുകയായിരുന്നു എന്നും ദിനേഷ് യാദവ് പറയുന്നു.

പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആ സുരേന്ദ്ര കുമാറിനെ ബാരബങ്കി ബേസിക് ശിക്ഷ അധികാരി വിപി സിംഗ് ഫെബ്രുവരി 27ന് സസ്‌പെന്‍ഡ് ചെയ്തു. അധ്യാപകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പുല്‍വാമ ആക്രമണത്തിനിടയാക്കിയ സാഹചര്യങ്ങളില്‍ സംശയം പ്രകടിപ്പിച്ചതിന്.

സുല്‍ത്താന്‍പൂരിലെ പ്രൈറി സ്‌കൂള്‍ അസി.ടീച്ചര്‍ അമ്രേന്ദ്ര കുമാറിനെ മാര്‍ച്ച് രണ്ടിന് സുല്‍ത്താന്‍പൂര്‍ ബിഎസ്എ കൗസ്തുഭ് കുമാര്‍ സിംഗ് സസ്‌പെന്‍ഡ് ചെയ്തത് ടീച്ചര്‍മാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇമ്രാന്‍ ഖാനെ പുകഴ്ത്തിയതിനാണ്. സല്യൂട്ട് ടു ഇമ്രാന്‍ ഖാന്‍ മിശിഹ ഓഫ് പീസ് (സമാധാനത്തിന്റെ മിശിഹ) എന്നാണ് അംരേന്ദ്ര കുമാര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.

റായ്ബറേലിയിലെ പ്രൈമറി സ്‌കൂള്‍ അസിസ്റ്റന്റ് ടീച്ചര്‍ രവീന്ദ്ര കനോജിയയെ സസ്‌പെന്‍ഡ് ചെയ്തത് മാര്‍ച്ച് ആറിന് റായ്ബറേലി ബിഎസ്എ പിഎന്‍ സിംഗ്. ബലാകോട് വ്യോമാക്രമണത്തിന്റെ വിജയം ചോദ്യം ചെയ്തതിനും സര്‍ക്കാരിനേയു സൈന്യത്തേയും വിമര്‍ശിച്ചതിനും. ഇത് സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഇടയാക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. അതേസമയം ഇത്തരത്തില്‍ ഒന്ന് താന്‍ എഴുതിയിട്ടേ ഇല്ലെന്നും തന്റെ മൊബൈലില്‍ നിന്ന് മറ്റാരെങ്കിലും ചെയ്തിരിക്കാമെന്നും രവീന്ദ്ര കനോജിയ പറയുന്നു. മിര്‍സാപൂര്‍ പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രവിശങ്കര്‍ യാദവിനെ പുറത്താക്കിയത് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിമര്‍ശിച്ചതിനാണ്. അസംഗഡിലെ പ്രൈമറി സ്‌കൂള്‍ അസിസ്റ്റന്റ് ടീച്ചര്‍ നന്ദ്ജി യാദവിനെ പുറത്താക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കുറിച്ചും മോശമായി സംസാരിച്ചു എന്ന് ആരോപിച്ചാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍