UPDATES

ട്രെന്‍ഡിങ്ങ്

ജെഎന്‍യു തിരഞ്ഞെടുപ്പ്: ഐസ – എസ്എഫ്‌ഐ – ഡിഎസ്എഫ് സഖ്യം മുന്നില്‍; എബിവിപിക്ക് തിരിച്ചടി

സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായി എല്ലാ സംഘടനകളില്‍ നിന്നും പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പെണ്‍കുട്ടികളാണ് രംഗത്തുള്ളത്.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നുതുടങ്ങുമ്പോള്‍ ഐസ-എസ്എഫ്‌ഐ-ഡിഎസ്എഫ് സഖ്യം മുന്നില്‍. എല്ലാ ജനറല്‍ സീറ്റുകളിലും ലെഫ്റ്റ് യൂണിറ്റി എന്ന പേരിലുള്ള ഇടത് സഖ്യം ലീഡ് ചെയ്യുകയാണ്.  ജനറല്‍ സീറ്റുകളില്‍ നിലവില്‍ എബിവിപി രണ്ടാം സ്ഥാനത്തും ബാപ്സ മൂന്നാം സ്ഥാനത്തുമാണ്. എന്നാല്‍ സോഷ്യല്‍ സയന്‍സ് വോട്ട് എണ്ണിത്തീരുന്നതോടെ എബിവിപി വീണ്ടും പിന്നിലേക്ക് പോകുമെന്നാണ് ഇടത് സഖ്യത്തിന്‍റെ പ്രതീക്ഷ. ഇവിടെ എബിവിപിക്ക് പിന്തുണയില്ല. തെരഞ്ഞെടുപ്പിന്റെ പൂര്‍ണ്ണഫലം ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോ വ്യക്തമാകും.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഇടത് സഖ്യത്തില്‍ നിന്ന് ഐസ സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്ഐയും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഡിഎസ്എഫും മത്സരിക്കുന്നു.  രണ്ട് സ്‌കൂളുകളിലെ 10 കൗണ്‍സിലര്‍ സീറ്റുകളില്‍ എട്ടിലും ഇടത് സഖ്യം വിജയിച്ചു. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ അഞ്ചില്‍ നാല് കൗണ്‍സിലര്‍ സീറ്റുകളും ഇടത് സഖ്യം നേടി. ഒരു സീറ്റില്‍ സ്വതന്ത്രന്‍ ജയിച്ചു.

സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായി എല്ലാ സംഘടനകളില്‍ നിന്നും പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പെണ്‍കുട്ടികളാണ് രംഗത്തുള്ളത് എന്ന പ്രത്യേകതയുണ്ട്. ഇടത് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഗീതാകുമാരിയും എഐഎസ്എഫ് സ്ഥാനാര്‍ത്ഥിയായി അപരാജിത രാജയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. തുടക്കത്തില്‍ എബിവിപി മുന്നിലെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എബിവിപിക്ക് മുന്‍തൂക്കമുള്ള സ്കൂള്‍ ഓഫ് സയന്‍സിലെ വോട്ടുകള്‍ എണ്ണിയപ്പോളായിരുന്നു ഇത്. ഇവിടെ എബിവിപി ഒന്നാം സ്ഥാനത്തും ഇടത് സഖ്യം രണ്ടാം സ്ഥാനത്തും ബാപ്സ മൂന്നാം സ്ഥാനത്തുമാണ്.  എന്നാല്‍ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലും സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലും വോട്ടെണ്ണി തുടങ്ങിയതോടെ എബിവിപി പിന്നോട്ട് പോവുകയും ഇടത് സഖ്യം ശക്തമായ മുന്നേറ്റം നടത്തുകയുമായിരുന്നു. സ്കൂള്‍ ഓഫ് ലാംഗ്വേജ്‌സില്‍ എബിവിപിക്ക് സ്വാധീനമുണ്ട്. എന്നാല്‍ എബിവിപി ഇനി വലിയ മുന്നേറ്റമുണ്ടാക്കില്ല എന്നാണ് വിലയിരുത്തല്‍.

നജീബിന്റെ തിരോധാനം, യുജിസി വിജ്ഞാപനത്തെ തുടര്‍ന്ന് ഗവേഷണ കോഴ്സുകളിലെ സീറ്റുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചത്, സര്‍വകലാശാലയ്ക്കെതിരെ സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന അപവാദ പ്രചരണങ്ങള്‍ തുടങ്ങിയവയായിരുന്നു ഇത്തവണത്തെ പ്രധാനപ്പെട്ട പ്രചാരണ വിഷയങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍