UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷിംലയില്‍ ‘നിര്‍ഭയ’ ബലാത്സംഗം; ജനരോക്ഷം ശക്തം

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കൊന്നകേസില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്‌

ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഷിംല ഉള്‍പ്പെടുന്ന ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ ജനരോഷം ശക്തമാവുന്നു. ജൂലൈ ആറിനാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഹലൈല വനത്തില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും ബലാത്സംഗം നടന്നിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഷിംല ജില്ലയില്‍ ആപ്പിള്‍ കച്ചവടം നടത്തുന്ന സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ് കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്ന യുവാക്കളെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ നാലിന് സ്‌കൂളില്‍ നിന്നും മടങ്ങി വരുമ്പോഴാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ചോദ്യം ചെയ്യലില്‍ അഞ്ചംഗം സംഘം വെളിപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി മുഴുവന്‍ ഇവരെ ചോദ്യം ചെയ്തിരുന്നു.

പെണ്‍കുട്ടിയെ ഒരു വാഹനത്തില്‍ ബലാല്‍ക്കാരമായി കയറ്റിക്കൊണ്ടുപോയി ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ കൈയും കാലും പിടിവലിക്കിടയില്‍ ഒടിഞ്ഞിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയാവുകയും ശ്വാസംമുട്ടി മരിക്കുകയും മുഖത്തുള്‍പ്പെടെ ശരീരത്തിലെമ്പാടും ആഴത്തില്‍ മുറിവുകള്‍ ഏല്‍ക്കുകയും ചെയ്തിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. പെണ്‍കുട്ടിയുടെ ദാരുണ മരണത്തില്‍ പ്രതികാരം ചെയ്യണമെന്നും അതിനാല്‍ പ്രതികളെ തങ്ങള്‍ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് തടിച്ചുകൂടിയ ജനം അക്രമാസക്തരായതോടെ ചൊവ്വാഴ്ച മൂന്ന് തവണയാണ് ചോദ്യം ചെയ്യുന്ന സ്ഥലം പൊലീസിന് മാറ്റേണ്ടി വന്നത്. ഇപ്പോള്‍ ഒരു അജ്ഞാത കേന്ദ്രത്തില്‍ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

പ്രതികളില്‍ ഒരാള്‍ക്കെതിരെ പട്ടികജാതി/പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസുണ്ടെന്നും മറ്റൊരാള്‍ മയക്കുമരുന്നിന് അടിമയാണെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറയുന്നു. ഒരാള്‍ മദ്യത്തിന് അടിമയും മറ്റൊരാള്‍ മയക്കുമരുന്ന് കടത്തുകേസില്‍ പ്രതിയുമാണ്. കുറ്റകൃത്യം നടന്ന വീടും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനും പിന്നീട് ശവശരീരം കാട്ടില്‍ ഉപേക്ഷിക്കാനും ഉപയോഗിച്ച വാഹനവും കണ്ടെത്തിയിട്ടുണ്ട്. ജൂലൈ നാലിന് പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് കര്‍ഷകനായ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതികളുടെ ഫോണ്‍രേഖകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികള്‍ക്ക് ചില പ്രദേശവാസികളുടെ സഹായവും ലഭിച്ചിരുന്നതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണസംഘ തലവന്‍ ഐജി സാഹുര്‍ സൈദി മാധ്യമങ്ങളോട് പറഞ്ഞു. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി തെളിവുകള്‍ ഇനിയും ശേഖരിക്കാനുണ്ടെന്നും അതിനാല്‍ പ്രതികളുടെ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആവില്ലെന്നും സൈദി പറഞ്ഞു. 21നും 29നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍. നിര്‍ഭയ കേസില്‍ നിന്നും വ്യത്യസ്തമാണെങ്കിലും ‘അത്രയും ക്രൂരമായ’ പീഡനമാണ് ഈ പെണ്‍കുട്ടിയും നേരിടേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് ഓള്‍ യൂത്ത് ഫെഡറേഷന്‍ അപ്പര്‍ സിംലയുടെ നേതൃത്വത്തില്‍ ബുധനാഴ്ച നഗരത്തില്‍ മൗനജാഥ നടന്നു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍