UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിത്‌ വോട്ട് ബാങ്കില്‍ അതൃപ്തി; രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ശിവസേന വീണ്ടും കോണ്‍ഗ്രസിനൊപ്പം?

എന്‍ഡിഎയുടെ ഭാഗമായ ശിവസേന 2007ലും 2012ലും യുപിഎ സ്ഥാനാര്‍ത്ഥികളായ പ്രതിഭ പാട്ടീലിനേയും പ്രണബ് മുഖര്‍ജിയേയും പിന്തുണച്ചത് ശ്രദ്ധേയമായിരുന്നു.

2007ലും 2012ലും പോലെ ഇത്തവണയും ശിവസേന കോണ്‍ഗ്രസ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിക്കൊപ്പം നില്‍ക്കുമോ എന്നാണ് അറിയാനുള്ളത്. രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ശിവസേനയ്ക്ക് അതൃപ്തിയുണ്ട്. ദളിത് വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതെങ്കില്‍ തങ്ങള്‍ പിന്തുണക്കില്ലെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ചത്തെ യോഗത്തില്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നാണ് താക്കറെ അറിയിച്ചിരിക്കുന്നത്.

നേരത്തെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റേയും കാര്‍ഷിക ശാസ്ത്രജ്ഞന്‍ എംഎസ് സ്വാമിനാഥന്റേയും പേരുകള്‍ ശിവസേന മുന്നോട്ട് വച്ചിരുന്നു. ഭഗവത് തനിക്ക് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയപ്പോള്‍ സ്വാമിനാഥന്‍ പ്രതികരിച്ചതേ ഇല്ല. സ്വാമിനാഥന്റെ പ്രായം ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദ്ദേശം ബിജെപി നേതൃത്വം തള്ളിയത്. എന്‍ഡിഎയുടെ ഭാഗമായ ശിവസേന 2007ലും 2012ലും യുപിഎ സ്ഥാനാര്‍ത്ഥികളായ പ്രതിഭ പാട്ടീലിനേയും പ്രണബ് മുഖര്‍ജിയേയും പിന്തുണച്ചത് ശ്രദ്ധേയമായിരുന്നു.

രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഉദ്ധവ് താക്കറെയെ ഫോണില്‍ വിളിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്നാണ് ഉദ്ധവ് താക്കറെ പറഞ്ഞത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപിക്ക് 122 എംഎല്‍എമാരാണുള്ളത്. ശിവസേനയ്ക്ക് 63 എംഎല്‍എമാര്‍. ബിജെപിക്ക് മഹാരാഷ്ട്രയില്‍ നിന്ന് 23 ലോക്‌സഭാ എംപിമാരും അഞ്ച് രാജ്യസഭാ എംപിമാരുമുണ്ട് .  സേനയ്ക്ക് 18 ലോക്‌സഭാ എംപിമാരും മൂന്ന് രാജ്യസഭാ എംപിമാരും. വോട്ട് മൂല്യം 19,824. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടി ലോക്‌സഭയിലും രാജ്യസഭയിലുമായി 15 എംപിമാരേ ഉള്ളൂ. യുപിഎയുടെ വോട്ട് മൂല്യം 10,620.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍