UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും മെട്രോ ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്തണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശ്രീധരനും പ്രതിപക്ഷ നേതാവും അടക്കമുള്ളവരെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിക്കുകയാണ്.

ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ വേദിയില്‍ സ്ഥാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശ്രീധരനും പ്രതിപക്ഷ നേതാവും അടക്കമുള്ളവരെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിക്കുകയാണ്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ കത്ത്. പിടി തോമസ്‌ എംഎല്‍എയെയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എന്നാല്‍ 2012ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മെട്രോയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍ ഇ ശ്രീധരന്‍ വേദിയിലുണ്ടായിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും വേദിയില്‍ ഇരിപ്പിടമുണ്ടായിരുന്നു. അന്ന് ഇത്തരത്തില്‍ സുരക്ഷാ പ്രശ്നമൊന്നും ആരും ഉയര്‍ത്തിയിരുന്നില്ല. ഡിഎംആര്‍സിയുടെ ഭാഗമായി കൊച്ചി മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച ശ്രീധരനെ ഉദ്ഘാടന വേദിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം തനിക്ക് ഇതില്‍ യാതൊരു പരാതിയും ഇല്ലെന്നാണ് ശ്രീധരന്‍ പ്രതികരിച്ചത്.

പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പരിപാടി പ്രകാരം പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായ്ഡു, ഗവര്‍ണര്‍, കെ.വി. തോമസ് എം.പി, മന്ത്രി തോമസ് ചാണ്ടി, മേയര്‍ സൗമിനി ജയിന്‍ എന്നീ ഏഴുപേരേ വേദിയിലുണ്ടാകു. അവരില്‍ത്തന്നെ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി നായ്ഡു എന്നിവര്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം. സ്വാഗതം പറയുന്ന കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് താഴെ ഇരിക്കണം. ഗവര്‍ണര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് വേദിയില്‍ സ്ഥാനമുണ്ടെങ്കിലും സംസാരിക്കാന്‍ അവസരമില്ല.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പരിപാടി പ്രകാരം 17 പേര്‍ക്ക് വേദിയില്‍ ഇരിപ്പിടമുണ്ടായിരുന്നു. 10 പേര്‍ക്ക് സംസാരിക്കാനുളള അവസരവും.  പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി നായ്ഡു എന്നിവര്‍ക്ക് പുറമെ ഗവര്‍ണര്‍ പി. സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ.ഇ. ശ്രീധരന്‍, കെ.വി. തോമസ് എം.പി, പി.ടി. തോമസ് എം.എല്‍.എ, കെ.എം.ആര്‍.എല്‍ എം.ഡി. ഏലിയാസ് ജോര്‍ജ്, എന്നിവര്‍ക്കായിരുന്നു സംസാരിക്കാന്‍ അവസരം.

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വേദിയില്‍ സ്ഥാനം ലഭിക്കേണ്ടവര്‍: മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, പി.ടി.തോമസ്. എം.എല്‍.എ,  മന്ത്രിമാരായ തോമസ് ചാണ്ടി, ഇ. ചന്ദ്രശേഖരന്‍, മാത്യു. ടി തോമസ്, കടന്നപ്പളളി രാമചന്ദ്രന്‍, നഗരവികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗുഹ, കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്. മൂന്നുപേരെ കൂടി ഉള്‍പ്പെടുത്താന്‍ അപേക്ഷിച്ച് ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍