UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശുഹൈബ് ഫണ്ട് റിജില്‍ മാക്കുറ്റി അടിച്ചുമാറ്റി എന്നാരോപണം; നിഷേധിച്ച് സതീശന്‍ പാച്ചേനി; കണ്ണൂര്‍ കോണ്‍ഗ്രസ്സിനെ അലോസരപ്പെടുത്തി ആരോപണങ്ങള്‍

ശുഹൈബിനെ വൻ കടത്തിലേക്ക് തള്ളിവിട്ടത് റിജിൽ ആണെന്നും അതിന്റെ ഭാഗമായി വലിയ ബാധ്യത വന്നുവെന്നും റിജിൽ തടിച്ചു കൊഴുത്തത് ശുഹൈബിന്റെ പണം കൊണ്ടാണെന്നും വരെ എതിർ വിഭാഗം ആരോപിക്കുന്നു

യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന എടയന്നൂരിലെ ശുഹൈബിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ചെടുത്ത പണത്തെ ചൊല്ലി കണ്ണൂർ കോൺഗ്രസ്സിൽ പുതിയ വിവാദം പുകയുന്നു.

ശുഹൈബിന്റെ കുടുംബത്തിന് നൽകാൻ സമാഹരിച്ച ഫണ്ടിൽ നിന്ന് വൻ തുക മാറ്റി ചെലവഴിച്ചു എന്ന ഗുരുതരമായ ആരോപണമാണ് പാർട്ടിയിലെ ഒരു വിഭാഗം പരസ്യമായി ഉന്നയിച്ചിരിക്കുന്നത്. സസ്പെൻഷൻ അവസാനിച്ചു ഈയിടെ പാർട്ടിയിൽ തിരിച്ചെത്തിയ യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം ഭാരവാഹി റിജിൽ മാക്കുറ്റി, കെ എസ് യു മുൻ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് എന്നിവർക്കെതിരെയാണ് ആരോപണം ഉയർന്നത്. ഡി സി സി ഓഫീസിൽ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് നേതാക്കൾ ചേരി തിരിഞ്ഞു തമ്മിലടിച്ചിരുന്നു. ഈ സംഭവത്തിന് തൊട്ടു പിന്നാലെയാണ് ഗുരുതര ആരോപണം സോഷ്യൽ മീഡിയയിലും മറ്റുമായി ഒരു വിഭാഗം ഉയർത്തിയിരിക്കുന്നത്. ഷുഹൈബ് ഫണ്ടിൽ നിന്ന് യൂത്ത് കോൺഗ്രസ്സുകാർ വ്യക്തിപരമായ കടം വീട്ടാൻ വൻ തുക തിരിമറി നടത്തി എന്നാണ് ആരോപണം. ഇക്കാര്യം ഡി സി സി ഓഫീസിൽ വച്ച് സംസാരിക്കുമ്പോൾ എളയാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിനെ റെജിലിന്റെ നേതൃത്വത്തിൽ മർദിച്ചു എന്നും ആരോപണമുയർന്നിരുന്നു.

ശുഹൈബിനെ വൻ കടത്തിലേക്ക് തള്ളിവിട്ടത് റെജിൽ ആണെന്നും അതിന്റെ ഭാഗമായി വലിയ ബാധ്യത വന്നുവെന്നും റിജിൽ തടിച്ചു കൊഴുത്തത് ശുഹൈബിന്റെ പണം കൊണ്ടാണെന്നും വരെ എതിർ വിഭാഗം ആരോപിക്കുന്നു. കൂത്തുപറമ്പിലേ ജ്വല്ലറിയിൽ നിന്ന് സ്വർണം വാങ്ങിയ വകയിൽ ഉണ്ടായിരുന്ന ബാധ്യത തീർത്തതും ഷുഹൈബ് ഫണ്ടിലെ തുക ഉപയോഗിച്ചാണെന്ന ആക്ഷേപവും ഇതോടൊപ്പം ഉയർന്നു. എന്നാൽ ഇതെല്ലാം കണ്ടിട്ടും ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി മൗനി ബാബയായി നിൽക്കുകയാണെന്നും ഒരു വിഭാഗം കുറ്റപ്പെടുത്തന്നു.

എന്നാൽ ഇക്കാര്യങ്ങളെല്ലാം സതീശൻ പാച്ചേനി പൂർണമായി നിഷേധിക്കുന്നു. “ശുഹൈബ് ഫണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറിക്കഴിഞ്ഞു. ചന്ദ്രൻ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആണ് ഫണ്ടിന്റെ ചുമതല വഹിച്ചത്. റിജിലിനോ സുദീപിന്നോ യാതൊരു റോളും ഉണ്ടായിരുന്നില്ല. മാത്രമല്ല റിജിൽ ആ സമയത്ത് സസ്പെന്‍ഷനിലും ആയിരുന്നു. ഫണ്ട് പിരിക്കാനോ വിതരണം ചെയ്യാനോ ഇവർ ഉണ്ടായിരുന്നില്ല. സ്വർണം ശുഹൈബ് വ്യക്തിപരമായി വാങ്ങിയതാണ്. കുടുംബമറിയാത്ത ഒരു കടവും വീട്ടാൻ കഴിയില്ല എന്ന നിലപാട് ഉണ്ടായിരുന്നതിനാൽ ശുഹൈബിന്റെ പിതാവിനെ ഇരുത്തിക്കൊണ്ടാണ് പണം കൈകാര്യം ചെയ്തത്. ഡി സി സി പ്രസിഡന്റ് എന്ന നിലയിൽ ഞാൻ, ചന്ദ്രൻ തില്ലങ്കേരി, ശുഹൈബിന്റെ പിതാവ് എന്ന നിലയിലാണ് കാര്യങ്ങൾ നീക്കിയത്. കൃത്യമായ കണക്കും ഉണ്ട്.” അതിനാൽ ഈ ആരോപണങ്ങൾ മുഖവിലക്കെടുക്കുന്നില്ലെന്നും പാച്ചേനി പറയുന്നു. പോസ്റ്റ് ഇട്ടത് കോൺഗ്രസുകാരൻ അല്ലെന്നും വസ്തുത എന്താണെന്നു ശുഹൈബിന്റെ കുടുംബത്തിന് ബോധ്യമുണ്ടെന്നും പാച്ചേനി വ്യക്തമാക്കുന്നു.

25 പവൻ വാങ്ങി എന്നത് തെറ്റ് ആണെന്നും 7 പവൻ ശുഹൈബ് കൂത്തുപറമ്പിലെ ജ്വല്ലറിയിൽ നിന്ന് വാങ്ങിയിരുന്നുവെന്നും അത് വ്യക്തിപരം ആയിരുന്നുവെന്നും ആരോപണ വിധേയനായ സുദീപ് ജെയിംസും പറയുന്നു.

ഏതായാലും വിവാദങ്ങൾ വിടാതെ പിന്തുടരുന്ന കണ്ണൂരിലെ കോൺഗ്രസ്സിനെ രക്തസാക്ഷിയുടെ പേരിലുള്ള ഫണ്ട് തിരിമറി എന്ന ആരോപണം ഇനിയുള്ള ദിവങ്ങളിൽ അലോസരപ്പെടുത്തിയേക്കും എന്നാണ് സൂചനകൾ.

ഷിജിത്ത് വായന്നൂര്‍

ഷിജിത്ത് വായന്നൂര്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍