UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“യാര്‍ ദില്‍ദാര്‍ ഇമ്രാന്‍ ഖാന്‍” എന്ന് സിധു; കര്‍താര്‍പൂര്‍ വേറെ, ചര്‍ച്ച വേറെ എന്ന് സുഷമ സ്വരാജ്‌; രണ്ട് കേന്ദ്ര മന്ത്രിമാര്‍ പാകിസ്താനില്‍

കര്‍താര്‍പൂരിലെ സഹകരണത്തിന് ഉഭയകക്ഷി ചര്‍ച്ചകളുമായി യാതൊരു ബന്ധവുമില്ലെന്ന് സുഷമ സ്വരാജ് പറഞ്ഞു. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.

“യാര്‍ ദില്‍ദാര്‍” (പ്രിയ സുഹൃത്ത്) എന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജോത് സിംഗ് സിധു അഭിസംബോധന ചെയ്തത്. ഇന്ത്യന്‍ പഞ്ചാബിലെ ഗുര്‍ദാസ് പൂരിലുള്ള ദേര ബാബ നാനാക് ഗുരുദ്വാരയെ പാക് പഞ്ചാബിലെ കര്‍താര്‍പൂര്‍ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയുമായി (സിഖ് മത സ്ഥാപകന്‍ ഗുരു നാനാക്കിന്‍റെ സമാധി സ്ഥലം) ബന്ധിപ്പിക്കുന്ന, തീര്‍ത്ഥാടകര്‍ക്ക് സ്വതന്ത്ര സഞ്ചാരം അനുവദിക്കുന്ന കര്‍താര്‍പൂര്‍ കോറിഡോറിന്റെ ഉദ്ഘാടന ചടങ്ങിലെത്തിയപ്പോളാണ് ക്രിക്കറ്റ് കാലം മുതല്‍ തന്റെ സുഹൃത്തായ ഇമ്രാന്‍ ഖാനെ സിധു ഇത്തരത്തില്‍ വിളിച്ചത്. പാകിസ്താന്‍ ഭാഗത്തെ വഴി വെട്ടല്‍ ചടങ്ങിന്റെ ഉദ്ഘാടനമാണ് ഇമ്രാന്‍ ഖാന്‍ നിര്‍വഹിച്ചത്. പാക് ആര്‍മി ചീഫ് ഖമര്‍ ജാവേദ് ബജ്വ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇന്ത്യന്‍ ഭാഗത്തെ വഴി വെട്ടല്‍ ഉദ്ഘാടനം രണ്ട് ദിവസം മുമ്പ് കഴിഞ്ഞിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് സിധുവിന് പുറമെ കേന്ദ്ര മന്ത്രിമാരായ ഹര്‍സിമ്രത് കൗര്‍ ബാദലും ഹര്‍ദീപ് സിംഗ് പുരിയും പരിപാടിയില്‍ പങ്കെടുത്തു.

അതേസമയം വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും പരിപാടി ബഹിഷ്‌കരിച്ചു. കര്‍താര്‍പൂര്‍ കോറിഡോറിനെ സ്വാഗതം ചെയ്ത പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ചടങ്ങില്‍ പങ്കെടുക്കാനുള്ള പാകിസ്താന്റെ ക്ഷണം തള്ളിയിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിക്കാതെ പാകിസ്താനുമായി വിട്ടുവീഴ്ചകള്‍ക്കില്ലെന്ന് അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. ഇതേ നിലപാടാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും അറിയിച്ചത്. കര്‍താര്‍പൂരിലെ സഹകരണത്തിന് ഉഭയകക്ഷി ചര്‍ച്ചകളുമായി യാതൊരു ബന്ധവുമില്ലെന്ന് സുഷമ സ്വരാജ് പറഞ്ഞു. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി. ഇസ്ലാമബാദില്‍ നടത്താനുദ്ദേശിക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക് സര്‍ക്കാര്‍ ക്ഷണിച്ചിരുന്നെങ്കിലും ഇന്ത്യ ക്ഷണം നിരസിച്ചിരിക്കുകയാണ്.

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമുണ്ടായിരുന്നില്ല. അതേസമയം സിധു അടക്കമുള്ള ഇന്ത്യയിലെ ക്രിക്കറ്റ് സുഹൃത്തുക്കളെ ക്ഷണിച്ചിരുന്നു. സിധു ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റില്‍ പാകിസ്താനില്‍ പോയപ്പോള്‍ പാക് കരസേന മേധാവിയെ കെട്ടിപ്പിടിച്ച നവ്‌ജോത് സിംഗ് സിധുവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തിരുന്നു. സിധുവിന്‍റെ നടപടി തെറ്റായിപ്പോയി എന്ന് മുന്‍ സൈനികന്‍ കൂടിയായ അമരീന്ദര്‍ സിംഗ് അന്ന് പറഞ്ഞിരുന്നു.

“എന്നെ പാകിസ്താനിലേയ്ക്കയച്ചത് എന്റെ ക്യാപ്റ്റനായ രാഹുല്‍ ഗാന്ധിയാണ്”: സിധു

പാകിസ്താന്‍ കരസേന മേധാവിയെ കെട്ടിപ്പിടിച്ചു; സിധുവിനെതിരെ രാജ്യദ്രോഹ കേസ്

“ജര്‍മ്മനിക്കും ഫ്രാന്‍സിനും അതിര്‍ത്തി തുറന്നിടാമെങ്കില്‍ പാകിസ്താനും ഇന്ത്യക്കും എന്തുകൊണ്ട് അതായിക്കൂട?”: ഇമ്രാന്‍ ഖാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍