UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൗരി ലങ്കേഷ് വധം: കുറ്റം സമ്മതിക്കാന്‍ അന്വേഷണ സംഘം 25 ലക്ഷം വാഗ്ദാനം ചെയ്തതായി പ്രതി

വാഗ്മരെയും എടാവെയുമടക്കം 12 പേരെയാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഗൗരി ലങ്കേഷ് വധത്തില്‍ കുറ്റം സമ്മതിക്കാന്‍ തനിക്ക് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പ്രതിയുടെ ആരോപണം. കുടുംബത്തിന് നേരെയുള്ള ഭീഷണികളെ തുടര്‍ന്നാണ് കുറ്റം സമ്മതിക്കാന്‍ നിര്‍ബന്ധിതനാകുന്നതെന്ന് മറ്റൊരു പ്രതി മനോഹര്‍ എടാവെയും പറയുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൗരി ലങ്കേഷിനെ വെടി വച്ചതായി പറയുന്ന പരശുറാം വാഗ്മരെ കോടതിയിലേയ്ക്ക് കൊണ്ടുപോകും വഴി ഒരു പ്രാദേശിക ചാനലിനോടാണ് ഇക്കാര്യം പറഞ്ഞത്. തനിക്ക് കേസുമായി ബന്ധമില്ലെന്നും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരെ ഭീഷണിയുള്ളതിനാല്‍ കുറ്റം സമ്മതിക്കുകയായിരുന്നു എന്നും മനോഹര്‍ എടാവെ പറയുന്നു.

വാഗ്മരെയും എടാവെയുമടക്കം 12 പേരെയാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം കഴിഞ്ഞ നാല് മാസത്തെ ജയില്‍വാസത്തിനിടെ ഇതാദ്യമായാണ് പ്രതികള്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിന് പിന്നിലുള്ള താല്‍പര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.

കഴിഞ്ഞ മാസം മഹാരാഷ്ട്ര എടിഎസ് (ഭീകരവിരുദ്ധ സ്‌ക്വാഡ്). ഹിന്ദുത്വ തീവ്രവാദ സംഘടയില്‍ പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് വലിയ തോതില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. ഇതിലൊരാളായ സുധാന്‍വ ഗൊന്ധലേക്കര്‍ ഗൗരി ലങ്കേഷ് വധത്തിന് പുറമെ നരേന്ദ്ര ധബോല്‍ക്കറിന്റേയും എംഎം കല്‍ബുര്‍ഗിയുടേയും വധത്തിലുള്ള തന്റെ പങ്ക് സമ്മതിച്ചിരുന്നു.

2017 സെപ്റ്റംബര്‍ അഞ്ചിനാണ് മാധ്യമപ്രവര്‍ത്തകയും സംഘപരിവാറിന്റെ കടുത്ത വിമര്‍ശകയുമായരുന്ന ഗൗര ലങ്കേഷിനെ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വീടിന് മുന്നില്‍ വച്ച് അക്രമികള്‍ വെടിവച്ച് കൊന്നത്. രണ്ടാഴ്ച മുമ്പ് ഗൗരിയുടെ കൊലപാതകത്തില്‍ ഉപയോഗിച്ചത് എന്ന് സംശയിക്കുന്ന ഒരു ബൈക്ക് അന്വേഷണസംഘം സിസിടിവി ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍