UPDATES

വീഡിയോ

“മര്യാദയ്ക്ക് അവിടെ ഇരി, അല്ലെങ്കില്‍ പള്ളിക്ക് വിഷ്ണുവിന്റെ പേരിടും”: ബിജെപി വക്താവ് സംബിത് പത്ര

“മര്യാദയ്ക്ക് അവിടെ ഇരുന്നോ, എന്നും മുസ്ലീം പള്ളിക്ക് മഹാവിഷ്ണുവിന്റെ പേരിടും” എന്നുമായിരുന്നു സംബിത് പത്ര ഭീഷണി മുഴക്കിയത്.

ടിവി ചര്‍ച്ചയില്‍ മുസ്ലീം പാനലിസ്റ്റിനെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും ബിജെപി വക്താവ് സംബിത് പത്ര. ഇന്ത്യ ടുഡെ ഗ്രൂപ്പിന്റെ ആജ് തക് വാര്‍ത്താ ചാനലിന്റെ ചര്‍ച്ചയിലാണ് സംബിത് പത്ര വര്‍ഗീയ വെറി പ്രകടിപ്പിച്ചത്. “മര്യാദയ്ക്ക് അവിടെ ഇരുന്നോ” എന്നും “മുസ്ലീം പള്ളിക്ക് മഹാവിഷ്ണുവിന്റെ പേരിടും” എന്നുമായിരുന്നു സംബിത് പത്ര ഭീഷണി മുഴക്കിയത്. ഉത്തര്‍പ്രദേശിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകള്‍ നഗരങ്ങളുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. മുഗള്‍, മുസ്ലീം സ്വാധീനമുള്ള പേരുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്.

സംവാദത്തിനിടെ എഐഎംഐഎം നേതാവ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ബിജെപി വക്താവ്. ലക്‌നൗവിലെ ഏകാന സ്റ്റേഡിയത്തിന്റെ പേര് അടല്‍ ബിഹാരി വാജ്‌പേയ് സ്റ്റേഡിയം എന്ന് മാറ്റിയതിലൂടെ മഹാവിഷ്ണുവിനെ അപമാനിക്കുകയാണ് ബിജെപി എന്ന് എഐഎംഐഎം നേതാവ് പറഞ്ഞിരുന്നു. ഇതാണ് ബിജെപി വക്താവിനെ ക്ഷുഭിതനാക്കിയത്. കഴിഞ്ഞയാഴ്ച സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഇതേ കാര്യം പറഞ്ഞിരുന്നു. ഏകാന എന്നത് വിഷ്ണുവിന്റെ മറ്റൊരു പേരാണ് എന്ന്.

“നിങ്ങള്‍ വിഷ്ണു ഭക്തനാണോ അതോ അള്ളാഹുവിന്റെ വിശ്വാസിയാണോ?” എന്നായി എഐഎംഐഎം നേതാവിനോട് സംബിത് പത്രയുടെ ചോദ്യം. താന്‍ അള്ളാഹുവിന്റെ വിശ്വാസിയാണെന്നും മറ്റെല്ലാ മതങ്ങളേയും ബഹുമാനിക്കുന്നതായും എഐഎംഐഎമ്മുകാരന്‍ പറഞ്ഞു. തുടര്‍ന്ന് രോഷാകുലനായ സംബിത് പത്ര – “എന്നാല്‍ ഒച്ചയുണ്ടാക്കരുതെന്നും അവിടെ ഇരിക്കണമെന്നും ഉറക്കെ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മുസ്ലീം പള്ളികള്‍ക്ക് വിഷ്ണുവിന്റെ പേരിടുമെന്നും ഭീഷണി മുഴക്കി. പിന്നെ നിങ്ങളിങ്ങനെ തൊള്ളയിട്ടുകൊണ്ടിരിക്കുമെന്നും സംബിത് പത്ര പരിഹസിച്ചു. എന്നാല്‍ സംബിത് പത്രയുടെ വെറുപ്പ് നിറഞ്ഞ ഈ സംഭാഷണത്തില്‍ അവതാരകന്‍ ഇടപെട്ടില്ല. എഐഎംഐഎം നേതാവ് പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ മാത്രമാണ് ഇടപെട്ടത്.

വീഡിയോ കാണാം:

ഈയടുത്ത് ഇന്ത്യ ടുഡെ ഇംഗ്ലീഷ് വാര്‍ത്താ ചാനലിന്റെ ചര്‍ച്ചയില്‍ ബിജെപി വക്താവ് കൂടാതെ കോണ്‍ഗ്രസ് വക്താവിനെ രാഹുല്‍ ഗാന്ധിയുടെ നായ എന്നും സംബിത് പത്ര വിളിച്ചിരുന്നു. ഇത് വലിയ വിവാദമാവുകയും പ്രതിഷേധമുയരുകയും ചെയ്തു. സംവാദ പരിപാടിയുടെ അവതാരകനും ഇന്ത്യ ടുഡെ കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായ് ക്ഷമ ചോദിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍