UPDATES

ട്രെന്‍ഡിങ്ങ്

എല്‍ഡിഎഫ് പ്രവേശനം കാത്ത് സികെ ജാനുവിന്റേതടക്കമുള്ള ചെറുകക്ഷികള്‍; ഐഎന്‍എല്ലിന് മുന്നില്‍ കാല്‍ നൂറ്റാണ്ടിന് ശേഷം വാതില്‍ തുറന്നു

മുന്നണിയിലെടുക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്ന കാര്യം എല്‍ഡിഎഫ് കണ്‍വീനറും സ്ഥിരീകരിച്ചിട്ടുണ്ട്.

ആദിവാസി നേതാവ് സികെ ജാനു എല്‍ഡിഎഫിലേയ്ക്ക് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇന്ന് നാല് പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിച്ചതായി എല്‍ഡിഎഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രഖ്യാപിച്ചെങ്കിലും ഇതില്‍ സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ (ജെആര്‍എസ്) ഇല്ല. മുന്നണിയിലെടുക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്ന കാര്യം എല്‍ഡിഎഫ് കണ്‍വീനറും സ്ഥിരീകരിച്ചിട്ടുണ്ട്. ജാനുവിന്റെ പാര്‍ട്ടിയെ മുന്നണിയിലെടുക്കുമോ എന്ന കാര്യം വാര്‍ത്താസമ്മേളനത്തില്‍ എ വിജയരാഘവന്‍ വ്യക്തമാക്കിയില്ല.

നിരവധി ചെറു പാര്‍ട്ടികള്‍ കത്ത് നല്‍കിയിട്ടുണ്ട് എന്നാണ് വിജയരാഘവന്‍ പറഞ്ഞത്. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ ആര്‍എസ്പി ലെനിനിസ്റ്റ്, ജെഎസ്എസിലേയും സിഎംപിയിലേയും വിഭാഗങ്ങള്‍, ആര്‍എസ്പി ലെഫ്റ്റ്, ഫോര്‍വേഡ് ബ്ലോക്ക്, ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി തുടങ്ങിയവയും എല്‍ഡിഎഫില്‍ ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരെ തല്‍ക്കാലം മുന്നണിയിലെടുക്കേണ്ടതില്ല എന്നാണ് തീരുമാനം. ഇടത് സ്വതന്ത്ര എംഎല്‍എയായ പിടിഎ റഹീമിന്റെ പാര്‍ട്ടി മുന്നണിയിലെ ഘടകകക്ഷിയല്ലെന്നും എന്നാല്‍ റഹീം പാര്‍ലമെന്ററി ബോഡ് അംഗമാണെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

90കളില്‍ വയനാട്ടിലെ സിപിഎം ബ്രാഞ്ച് അംഗമായിരുന്ന സികെ ജാനു പിന്നീട് പാര്‍ട്ടിയുമായി തെറ്റിപ്പിരിയുകയായിരുന്നു. 2003ലെ മുത്തങ്ങ സമരത്തോടെയാണ് സികെ ജാനു ആദിവാസി ഗോത്രമഹാസഭ നേതാവ് എന്ന നിലയില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് എന്‍ഡിഎയുടെ ഭാഗമായി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തു. എന്നാല്‍ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് മുന്നണി വിട്ടു.

2003ല്‍ എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റ് കാലത്താണ് മുത്തങ്ങ വെടിവയ്പടക്കം ഉണ്ടാകുന്നത്. മുത്തങ്ങയിലെ ഇരകളായ ആദിവാസികള്‍ക്ക് അനുകൂലമായി സിപിഎമ്മും എല്‍ഡിഎഫും ശക്തമായ പ്രചാരണം നടത്തിയിരുന്നു. 2006ലെ നിയമസഭ തിരഞ്ഞെടുപ്പിലടക്കം മുത്തങ്ങ ഇടതുമുന്നണി പ്രചാരണ വിഷയമാക്കി. എന്നാല്‍ 2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സികെ ജാനു യുഡിഎഫിനെയാണ് പിന്തുണച്ചത്. 2016ല്‍ ഇരുമുന്നണികളുമായി ചേരാതെ ജനാധിപത്യ രാഷ്ട്രീയ സഭ രൂപീകരിച്ച് ബിജെപി സഖ്യത്തിലേയ്ക്ക് പോവുകയായിരുന്നു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം നല്‍കുന്നതിനുള്ള സുപ്രീം കോടതി വിധിയെ ശക്തമായി അനുകൂലിച്ചും ബിജെപി, സംഘപരിവാര്‍ പ്രചാരണങ്ങളെ എതിര്‍ത്തും രംഗത്ത് വന്ന സികെ ജാനു ഇടതുപക്ഷത്തോട് അടുത്തിരുന്നു. ശബരിമല ആദിവാസികള്‍ക്ക് അവകാശപ്പെട്ടതാണെന്നും തേനഭിഷേകം അടക്കം ആദിവാസികള്‍ നടത്തിവന്നിരുന്ന ആചാരങ്ങള്‍ പുനസ്ഥാപിക്കണമെന്നും ജാനു ആവശ്യപ്പെട്ടിരുന്നു. സിപിഐയുമായി ജാനു ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ജാനു സിപിഎയില്‍ ചേരുന്നു എന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ ജെആര്‍പിയുമായി തന്നെ സികെ ജാനു എല്‍ഡിഎഫിലേയ്ക്ക് എന്ന സൂചനയാണ് പിന്നീടുണ്ടായത്.

അതേസമയം വിയോജിക്കേണ്ട കാര്യങ്ങളുണ്ടെങ്കില്‍ എന്‍എസ്എസ് നിലപാടിനോടുള്ള വിയോജിപ്പ് വ്യക്തമായി പ്രകടിപ്പിക്കുമെന്ന് ആര്‍ ബാലകൃഷ്ണ പിള്ള പറഞ്ഞു. എന്‍എസ്എസുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ്. ശബരിമല വിഷയത്തില്‍ എന്‍എസ്എസ്, സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. സാമുദായിക കക്ഷി എന്ന പ്രതിച്ഛായയുണ്ടായിരുന്നതിനാല്‍, മുസ്ലീം ലീഗ് വീട്ട് പുറത്തുപോന്ന ഐഎന്‍എല്ലിനെ ഇടതുമുന്നണിയിലെടുത്തിരുന്നില്ല. 90കള്‍ മുതല്‍ എല്‍ഡിഎഫുമായി സഹകരിക്കുന്നുണ്ടെങ്കിലും 2006ല്‍ ആദ്യമായി നിയമസഭ സീറ്റ് അവര്‍ക്ക് നല്‍കിയെങ്കിലും ഇപ്പോളാണ് ഇപ്പോളാണ് അവരെ മുന്നണിയിലെടുത്തത്. സികെ ജാനുവിന്റെ പാര്‍ട്ടി എല്‍ഡിഎഫിലെത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍