UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൊഹ്‌റാബുദ്ദീന്‍ കേസ് അന്വേഷണം അട്ടിമറിച്ചത് കോണ്‍ഗ്രസ് എന്ന് അരുണ്‍ ജയ്റ്റ്‌ലി

രാഹുലിന്റെ പ്രസ്താവന വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സൊഹ്‌റാബുദ്ദീന്‍ കേസ് ജയ്റ്റ്‌ലി എടുത്തിടുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിനെ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിച്ചതായി കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കേസ് അന്വേഷണം അട്ടിമറിച്ചത് കോണ്‍ഗ്രസ് ആണെന്നും ജയ്റ്റ്‌ലി ആരോപിച്ചു. സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയേയും വ്യാജ ഏറ്റുമുട്ടലില്‍ ഗുജറാത്ത് പൊലീസ് സംഘം കൊലപ്പെടുത്തിയെന്ന കേസില്‍ എല്ലാ പ്രതികളേയും മുംബൈയിലെ പ്രത്യേക സിബിഐ കോടതി വെറുതെവിട്ടിരുന്നു. ഇതിന് പിന്നാലെ സൊഹ്‌റാബുദ്ദിനേയും ജസ്റ്റിസ് ലോയയേയും അടക്കമുള്ളവരെ ആരും കൊന്നിട്ടില്ല എന്ന് പറഞ്ഞുള്ള വിമര്‍ശന – പരിഹാസ ട്വീറ്റുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് ജയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്. അതേസമയം രാഹുലിന്റെ പ്രസ്താവന വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സൊഹ്‌റാബുദ്ദീന്‍ കേസ് ജയ്റ്റ്‌ലി എടുത്തിടുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന കേസില്‍ വാദം കേള്‍ക്കാനിരിക്കെയാണ് ജസ്റ്റിസ് ബിഎച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

നോ വണ്‍ കില്‍ഡ് സൊഹ്‌റാബുദ്ദീന്‍ എന്ന് പറയുന്നതിന് പകരം ഹു കില്‍ഡ് സൊഹ്രാബുദ്ദീന്‍ കേസ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന് ചോദിക്കുകയാണ് രാഹുല്‍ ചെയ്യേണ്ടത് എന്ന് ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. 2013 സെപ്റ്റംബര്‍ 27ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ഞാന്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ഒരു കത്ത് നല്‍കിയിരുന്നു. കേസ് അന്വേഷണത്തിലെ രാഷ്ട്രീയവത്കരണത്തെക്കുറിച്ച് ആ കത്തില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. അന്ന് ഞാനെഴുതിയ ഓരോ വാക്കും ശരിയാണെന്നാണ് അഞ്ച് വര്‍ഷം കൊണ്ട് വ്യക്തമായിരിക്കുന്നത്. കോണ്‍ഗ്രസ് എങ്ങനെയാണ് അന്വേഷണ ഏജന്‍സികളെ കൈകാര്യം ചെയ്തത് എന്നാണ് ഇത് വ്യക്തമാക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍