UPDATES

സൗമ്യ വധക്കേസ്: നിയമപോരാട്ടങ്ങള്‍ അവസാനിച്ചു; ഗോവിന്ദച്ചാമിക്ക് വധശിക്ഷയാവശ്യപ്പെട്ടുള്ള തിരുത്തല്‍ ഹര്‍ജിയും തള്ളി

ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാറിന്‍റെ നേതൃത്വത്തിലുള്ള ബഞ്ചാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി തള്ളിയത്.

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധ ശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരായ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാറിന്‍റെ നേതൃത്വത്തിലുള്ള ബഞ്ചാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജി തള്ളിയത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ ചെലമേശ്വര്‍ എന്നിവര്‍ക്ക് പുറമേ നേരത്തെ ഹര്‍ജി പരിഗണിച്ച ബഞ്ചില്‍ ഉണ്ടായിരുന്ന രഞ്ജന്‍ ഗോഗോയ്, പിസി പന്ത്, യുയു ലളിത് എന്നിവരും ബഞ്ചില്‍ ഉണ്ടായിരുന്നു. ആറ് ജഡ്ജിമാരും പുന:പരിശോധന ഹര്‍ജി തള്ളുന്നത് അംഗീകരിച്ചു. അതേ സമയം വിധി ദു:ഖകരമാണെന്ന് സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു.

ഗോവിന്ദച്ചാമിക്ക് വിചാരണക്കോടതിയും ഹൈക്കോടതിയും വിധിച്ച വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. ഇത് തിരുത്തണമെന്ന് കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും സമര്‍പ്പിച്ച ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേട്ടശേഷം സുപ്രീം കോടതി തളളിയിരുന്നു. ഇതിനെതിരെ റിവിഷന്‍ ഹര്‍ജി നല്‍കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്.

2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് തൃശൂര്‍ അതിവേഗ കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതി ശിക്ഷ ശരി വച്ചെങ്കിലും സുപ്രീംകോടതി ശിക്ഷ റദ്ദാക്കി. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി കീഴക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിയത്. അതേസമയം ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകള്‍ പ്രകാരം നല്‍കിയ ശിക്ഷകളും നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.

പുന:പരിശോധനാ ഹർജിയിൽ സുപ്രീം കേ‍ാടതിയിൽ നിന്ന് നീതി കിട്ടുമെന്ന് തന്നെയായിരുന്നു പ്രതീക്ഷയെന്ന് സൗമ്യയുടെ അമ്മ സുമതി പറഞ്ഞു. ഗോവിന്ദച്ചാമിയുടെ മരണം മാത്രമാണ് ആഗ്രഹം. നീതി കിട്ടുന്നതുവരെ പേ‍ാരാടുക തന്നെ ചെയ്യുമെന്നും അവർ പറഞ്ഞു. ഒരു സർക്കാരിന് നിയമപരമായി ഏതറ്റം വരെ പോകാൻ കഴിയുമോ അതുവരെ സർക്കാർ പോയിട്ടുണ്ടെന്ന് നിയമ മന്ത്രി എ.കെ. ബാലൻ പ്രതികരിച്ചു. ഇതിനപ്പുറം നിയമപരമായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍