UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മധുവിന്റെ കൊലപാതകം; എല്ലാ പ്രതികളും കീഴടങ്ങിയതായി സൂചന

കസ്റ്റഡിയിലുള്ള ആര്‍ക്കുമെതിരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും വിവരം

മധുവിനെ അടിച്ചുകൊന്ന കേസില്‍ പ്രതികളെല്ലാം പോലീസിന് കീഴടങ്ങിയതായി സൂചന. ഇന്നലെ രാത്രിയോടെ അഗളി പോലീസ് സ്‌റ്റേഷനിലും ശ്രീകൃഷ്ണപുരം പോലീസ് സ്‌റ്റേഷനിലുമായി മുഴുവന്‍ പ്രതികളും കീഴടങ്ങിയതായാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇത് സംബന്ധിച്ച എന്തെങ്കിലും സ്ഥിരീകരണം പോലീസില്‍ നിന്നുണ്ടായിട്ടില്ല. കീഴടങ്ങിയ കാര്യം വെളിപ്പെടുത്തിയില്ലെങ്കിലും കസ്റ്റഡിയിലുള്ള ആര്‍ക്കുമെതിരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല എന്നാണ് പോലീസ് നല്‍കുന്ന വിവരം.

വ്യഴാഴ്ചയാണ് അട്ടപ്പാടിയിലെ പ്രാക്തന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള 27-കാരന്‍ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പോലീസിന് കൈമാറിയത്. പോലീസില്‍ ഏല്‍പ്പിച്ചവര്‍ തന്നെ മര്‍ദ്ദിച്ചിരുന്നതായി മധു പോലീസിനോട് പറയുകയുമുണ്ടായി. മധുവിനെ മര്‍ദ്ദിച്ചെന്ന് കരുതപ്പെടുന്ന ഏഴ് പേരുടെ പേരുകള്‍ ചേര്‍ത്താണ് പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയായിട്ടും ഒരു പ്രതികളേയും പിടികൂടുകയുണ്ടായില്ല. തുടര്‍ന്ന് ആദിവാസി ജനതയും ആദിവാസി സംഘടനാ നേതാക്കളും പോലീസ്‌റ്റേഷനും റോഡും ഉപരോധിച്ച് വലിയ പ്രതിരോധം തീര്‍ത്തതോടെ ഏഴ് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്ന വാദവുമായി പോലീസ് എത്തുകയായിരുന്നു. പിന്നീട് രണ്ട് പേര്‍ മാത്രമാണ് കസ്റ്റഡിയിലുള്ളതെന്നും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അഗളി പോലീസ് പറഞ്ഞിരുന്നു.

ഇതിനിടെ ഇന്നലെ വൈകിട്ട് അഗളിപോലീസ് സ്‌റ്റേഷനിലെത്തിയ തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത്കുമാര്‍ രണ്ട് പേര്‍ക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതിഷേധക്കാരോട് നേരിട്ട് വെളിപ്പെടുത്തി. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്ന മുറയ്‌ക്കേ അറസ്റ്റ് രേഖപ്പെടുത്തൂവെന്നും അഗളി പോലീസ് പിന്നീട് വ്യക്തമാക്കി. ഇതോടെ ഈ കേസില്‍ പോലീസിന്റെ നടപടികളും വിമര്‍ശനവിധേയമാവുകയാണ്. ഐജി നേരിട്ടെത്തി രണ്ട് പേരുടെ അറസ്റ്റ് വെളിപ്പെടുത്തിയെങ്കിലും പിന്നീട് അത് ലോക്കല്‍ പോലീസ് സ്‌റ്റേഷന് തിരുത്തേണ്ടി വന്നത് സംഭവത്തിന് പിന്നിലെ പോലീസ് ഒത്തുകളിയെക്കുറിച്ചുള്ള സൂചനകളാണ് നല്‍കുന്നതെന്ന് പ്രതിഷേധക്കാരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു.

“മധുവിനെ പിടിച്ചുകൊണ്ടുവരാന്‍ പോലീസ് പറഞ്ഞതിനനുസരിച്ചാണ് നാല്‍പ്പതോളം പേര്‍ ചേര്‍ന്ന് അയാളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചതെന്ന ഒരു വാദവും നാട്ടുകാരില്‍ ചിലര്‍ ഉന്നയിക്കുന്നുണ്ട്. ആ വാദത്തില്‍ നാട്ടുകാര്‍ ഉറച്ചുനിന്നാല്‍ പോലീസും പ്രതിരോധത്തിലാവും. അതുകൊണ്ടാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന സംശയം രൂപപ്പെട്ട് വന്നിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് ഒരു ദിവസമായിട്ടും എന്തുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തുന്നില്ല എന്ന ചോദ്യമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്”, അട്ടപ്പാടി സ്വദേശിയായ ഒരാള്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയോടെ രണ്ട് പോലീസ് വാഹനങ്ങളിലായി ചിലരെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതായും ഇവര്‍ മധുവിന്റെ കൊലപാതകത്തില്‍ പങ്കുള്ളയാളുകളായിരുന്നെന്നും എന്നാല്‍ പിന്നീട് പോലീസില്‍ നിന്ന് മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ല എന്നും പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നവരില്‍ ഒരാളായ തമ്പ് പ്രവര്‍ത്തകന്‍ രാമു പറയുന്നു.

പാലക്കാട് എസ്.പിയുടെ നേതൃത്വത്തില്‍ അഗളി ഡിവൈഎസ്പി ടി.കെ സുബ്രഹ്മണ്യന്‍ അന്വേഷണ ഉദ്യോഗസ്ഥനായി പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നതിനായി രൂപീകരിച്ചിട്ടുണ്ട്. തൃശൂര്‍ റേഞ്ച് ഐ.ജി. അജിത്കുമാര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

ആരാണീ നാട്ടുകാര്‍? അവര്‍ക്ക് ആദിവാസി ഒരു അനാവശ്യവസ്തുവാണ്; എം ഗീതാനന്ദന്‍ പ്രതികരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍