മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം
ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കന്‍ നഗരമായ മിറിയാംഗിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ അഗ്നിബാധയില്‍ 31 പേര്‍ മരിച്ചതായി പ്രാദേശിക വാര്‍ത്ത ഏജന്‍സിയായ യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന ഭീതി നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സമയം വെളുപ്പിലെ നാലുമണിക്ക് (പ്രാദേശിക സമയം രാവിലെ ഏഴര) സെജോംഗ് ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്.
എമര്‍ജന്‍സി മുറിയില്‍ പെട്ടെന്ന് തീപിടിത്തം ഉണ്ടാവുകയായിുരുന്നു എന്ന് ദൃക്‌സാക്ഷികളായ രണ്ട് നേഴ്‌സുമാര്‍ പറഞ്ഞതായി അഗ്നിശമന സേന വിഭാഗം തലവന്‍ ചോയ് മാന്‍-വൂ അസോസിയേറ്റ് പ്രസിനോട് പറഞ്ഞു. എന്നാല്‍ തീപിടിക്കാനുള്ള കാരണം വ്യക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച് നിലകളുള്ള കെട്ടിടം ആശുപത്രിയും നേഴ്‌സിംഗ് ഹോമുമായാണ് പ്രവര്‍ത്തിക്കുന്നത്. അഗ്നിബാധയുണ്ടായപ്പോള്‍ ആശുപത്രിയില്‍ 200ല്‍ ഏറെ ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാ രോഗികളെയും ആശുപത്രിയില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. തീകെടുത്താന്‍ സാധിച്ചതായും വൂ പറഞ്ഞു.