UPDATES

വരാണസിയില്‍ മോദിക്കെതിരെ സ്ഥാനാര്‍ത്ഥിയെ മാറ്റി മുന്‍ ബിഎസ്എഫ് ജവാനെ രംഗത്തിറക്കി മഹാസഖ്യം, കോണ്‍ഗ്രസ് സഹകരിക്കുമോ?

തേജ് ബഹദൂര്‍ യാദവ് നേരത്തെ തന്നെ സ്വതന്ത്രനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. മാര്‍ച്ച് ആദ്യം തന്നെ മോദിക്കെതിരെ മത്സരിക്കാനുള്ള താല്‍പര്യം തേജ്ബഹദൂര്‍ പ്രകടിപ്പിച്ചിരുന്നു.

വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിയോഗിച്ചിരുന്ന സ്ഥാനാര്‍ത്ഥിയെ മഹാസഖ്യ സ്ഥാനാര്‍ത്ഥിയെ സമാജ്‌വാദി പാര്‍ട്ടി മാറ്റി. നേരത്തെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശാലിനി യാദവിനെ, മാറ്റി മുന്‍ ബി എസ് എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിനെയാണ് എസ് പി – ബി എസ് പി സഖ്യം മോദിക്കെതിരെ രംഗത്തിറക്കിയിരിക്കുന്നത്.
തേജ് ബഹദൂര്‍ യാദവ് നേരത്തെ തന്നെ സ്വതന്ത്രനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇനി സമാജ്‌വാദി പാര്‍ട്ടിയുടെ ചിഹ്നത്തിലാണ് തേജ് ബഹദൂര്‍ മത്സരിക്കുക.

മാര്‍ച്ച് ആദ്യം തന്നെ മോദിക്കെതിരെ മത്സരിക്കാനുള്ള താല്‍പര്യം തേജ്ബഹദൂര്‍ പ്രകടിപ്പിച്ചിരുന്നു. അഴിമതിയെക്കുറിച്ച് പറഞ്ഞതിനെ എന്നെ ജോലിയില്‍ നിന്ന് പുറത്താക്കി. സൈന്യത്തിനെ അഴിമതി തുറന്നുകാട്ടുകയായിരുന്നു എന്റെ ലക്ഷ്യം – തേജ് ബഹദൂര്‍ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ മേയ് 19നാണ് വരാണസിയില്‍ വോട്ടെടുപ്പ്.

സൈനികര്‍ക്ക് നല്‍കുന്ന മോശം ഭക്ഷണത്തെക്കുറിച്ച് പറയുന്ന 2017ലെ വീഡിയോയിലൂടെയാണ് തേജ് ബഹദൂര്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ യാദവിനെ സര്‍വീസില്‍ നിന്ന് ഡിസ്മിസ് ചെയ്യുകയാണുണ്ടായത്. തേജ്ബഹദൂറിന്റെ ആരോപണങ്ങള്‍ പരിശോധിക്കാന്‍ ബി എസ് എഫ് ഒരു സമിതിയെ നിയോഗിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും റിപ്പോര്‍ട്ട് ആവശ്യപ്പടുകയും ചെയ്തിരുന്നു.

ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില് മാന്‍ഡി മന്ദിര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ 29ാം ബറ്റാലിയനില്‍ ബിഎസ്എഫ് കോണ്‍സ്റ്റബിളായി പ്രവര്‍ത്തിക്കവേയാണ് തേജ് ബഹദൂര്‍ മോശം ഭക്ഷണത്തെക്കുറിച്ച് വീഡിയോയില്‍ പറഞ്ഞത്. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ തേജ് ബഹദൂര്‍ ലംഘിച്ചതായി ആരോപിച്ചാണ് അദ്ദേഹത്തെ ബി എസ് എഫ് പിരിച്ചുവിട്ടത്. ഡ്യൂട്ടിയിലിരിക്കെ രണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോയും വീഡിയോയും ഇട്ടു എന്നെല്ലാം തേജ് ബഹദൂറിനെതിരായി ബി എസ് എഫ് പറഞ്ഞിരുന്നു.

കഴിഞ്ഞ തവണ മത്സരിച്ച അജയ് റായ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തേജ് ബഹദൂറിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ എന്ന ചോദ്യമുണ്ട്. വരാണസിയില്‍ പ്രതിപക്ഷം പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മോദി വിയര്‍ക്കും എന്ന വിലയിരുത്തല്‍ ശക്തമാണ്. സൈന്യത്തെ തിരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കാന്‍ ശ്രമിച്ചുകൊണ്ട് മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമെല്ലാം മുന്നോട്ടുപോകുന്നതിനിടെ ഒരു മുന്‍ സൈനികനെ തന്നെ രംഗത്തിറക്കുന്നത് ശ്രദ്ധേയമായ നീക്കമാണ്.

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മോദിക്കെതിരെ വരാണസയില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും ഇതുണ്ടായില്ല. എന്തുകൊണ്ട് താന്‍ വരാണസിയില്‍ മത്സരിച്ചുകൂടാ എന്ന് ചോദിച്ച് പ്രിയങ്ക തന്നെയാണ് ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടതും. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ഇത് സസ്‌പെന്‍സ് ആയി ഇരിക്കട്ടെ എന്ന് പറഞ്ഞ് നിഷേധിക്കാതിരിക്കുകയാണ് ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം വരാണസിയിലെ സ്ഥാനാര്‍ത്ഥിയായി അജയ് റായിയെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഈ അഭ്യൂഹങ്ങള്‍ അവസാനിച്ചു.

ദലിത് സംഘടനയായ ഭീം ആര്‍മിയുടെ നേതാവ് ചന്ദ്രശേഖര്‍ ആസാദ് മോദിക്കെതിരെ മത്സരിക്കാന്‍ സന്നദ്ധനായി രംഗത്തുവന്നിരുന്നു. ചന്ദ്രശേഖര്‍ ആസാദുമായി പ്രിയങ്ക ഗാന്ധി നടത്തിയ കൂടിക്കാഴ്ചയും ശ്രദ്ധേയമായി. അതേസമയം ചന്ദ്രശേഖര്‍ ആസാദ് ബിജെപി ഏജന്റ് ആണ് എന്ന ആരോപണവുമായി ബി എസ് പി അധ്യക്ഷ മായാവതി രംഗത്തെത്തി. ഇതിന് പിന്നാലെ, തനിക്ക് മോദിക്കെതിരായ വോട്ടുകളെ, ദലിത് വോട്ടുകളെ ഭിന്നിപ്പിച്ച് മോദിക്ക് വിജയമൊരുക്കാന്‍ സഹായിക്കാന്‍ താല്‍പര്യമില്ല എന്ന് പറഞ്ഞ് ആസാദ് പിന്മാറി. കോണ്‍ഗ്രസ് എന്ത് നിലപാടെടുക്കും എന്നത് കൗതുകമുള്ള കാര്യമാണ്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ട് കണക്ക് ഇങ്ങനെ:

നരേന്ദ്ര മോദി – ബിജെപി – 5,81,023
അരവിന്ദ് കെജ്രിവാള്‍ – ആം ആദ്മി പാര്‍ട്ടി – 2,09,238
അജയ് റായ് – കോണ്‍ഗ്രസ് – 75,614
വിജയ് പ്രകാശ് ജയസ്വാള്‍ – ബി എസ് പി – 60,579
കൈലാഷ് ചൗരസ്യ – എസ് പി – 45,291.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍