UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യക്തിഹത്യ: റിപ്പബ്ലിക് ടിവിക്കെതിരെ പ്രസ് കൗണ്‍സിലിന് പരാതിയുമായി കൂടംകുളം സമര നേതാവ് ഉദയകുമാര്‍

തന്നെ വ്യക്തിഹത്യ നടത്തുകയും തന്റെ കുടുംബത്തെ മാനസിക പീഡനത്തിന് ഇരയാക്കുകയുമാണ് ചെയ്തതെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് ചന്ദ്രമൗലി കുമാര്‍ പ്രസാദിന് അയച്ച കത്തില്‍ ഉദയകുമാര്‍ പറയുന്നു.

തന്നെയും കുടുംബത്തേയും തേജോവധം ചെയ്യുന്നതായി ആരോപിച്ച് അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്കെതിരെ പരാതിയുമായി കൂടംകുളം സമരനേതാവ് എസ് പി ഉദയകുമാര്‍. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കാണ് ഉദയകുമാര്‍ പരാതി നല്‍കിയത്. സ്റ്റിംഗ് ഓപ്പറേഷനെന്ന പേരില്‍ തനിക്കെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് റിപ്പബ്ലിക് ടിവി എംഡി അര്‍ണാബ് ഗോസ്വാമി, റിപ്പോര്‍ട്ടര്‍മാരായ ശ്വേത കോത്താരി, സഞ്ജീവ് എന്നിവര്‍ക്കെതിരെ ഉദയകുമാര്‍ പരാതി നല്‍കിയിരിക്കുന്നത്.

തന്നെ വ്യക്തിഹത്യ നടത്തുകയും തന്റെ കുടുംബത്തെ മാനസിക പീഡനത്തിന് ഇരയാക്കുകയുമാണ് ചെയ്തതെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് ചന്ദ്രമൗലി കുമാര്‍ പ്രസാദിന് അയച്ച കത്തില്‍ ഉദയകുമാര്‍ പറയുന്നു.

എസ് പി ഉദയകുമാറിന്റെ കത്ത്:

നാഗര്‍കോവിലിലെ എന്റെ വീട്ടിലേയ്ക്ക് ശ്വേത കോത്താരി വന്നത്. ബ്രിട്ടനിലെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷക എന്ന പേരിലാണ്. സഞ്ജീവിനെ ആ പ്രദേശത്തുള്ള സുഹൃത്തായും അവതരിപ്പിച്ചു. ഡെസര്‍ട്ടേഷന്‍ തയ്യാറാക്കുന്നതിന് വേണ്ടി സഹായം വേണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ സമീപിച്ചത്. അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കുകയും ചില പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കുകയും ചെയ്തിരുന്നു. കാര്‍ഡിഫ് സര്‍വകലാശാല പ്രൊഫസര്‍മാര്‍ കൂടംകുളം ആണവനിലയത്തിനെതിരായ സമരത്തെ പിന്തുണക്കാന്‍ ആഗ്രഹിക്കുന്നതായി ശ്വേത പറഞ്ഞിരുന്നു. എന്നാല്‍ സമരസമിതി വിദേശഫണ്ട് സ്വീകരിക്കാറില്ലെന്നും ബാങ്ക് അക്കൗണ്ട് ഇല്ലെന്നും അവരെ അറിയിച്ചു. എന്റെ വ്യക്തിഗത അക്കൗണ്ട് പോലും മരവിപ്പിക്കപ്പെട്ടിരിക്കുന്നതായി ഞാന്‍ അറിയിച്ചു. ഞങ്ങളുടെ പാര്‍ട്ടിക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലുള്ള തന്റെ രക്ഷിതാക്കള്‍ പണം സംഭാവന ചെയ്യാന്‍ തയ്യാറാണെന്നായി ശ്വേത. അത് ഞാന്‍ സമ്മതിച്ചു. കൃത്യമായി റെസീറ്റ് തരുമെന്നും അവരോട് പറഞ്ഞു.

പക്ഷെ ജൂണ്‍ 20ന് ഇക്കാര്യം എനിക്കെതിരെയുള്ള വലിയ സ്റ്റിംഗ് ഓപ്പറേഷനായിട്ടാണ് അര്‍ണാബിന്റെ ചാനല്‍ അവതരിപ്പിച്ചത്. വിദേശഫണ്ട് പറ്റുന്ന ക്രിസ്ത്യന്‍ പള്ളികളില്‍ നിന്ന് പണം വാങ്ങുന്നു എന്നാണ് ആരോപണം. റിപ്പബ്ലിക് ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് ഞാന്‍ നടന്ന സംഭവം വിശദീകരിച്ചെങ്കിലും അര്‍ണാബ് വളരെ മോശമായി പെരുമാറുകയാണുണ്ടായത്. ഞാന്‍ കുംഭകോണത്ത് നിന്നാണ് അര്‍ണാബിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഈ സമയത്ത് സഞ്ജീവ് എന്ന അവരുടെ റിപ്പോര്‍ട്ടര്‍ നാഗര്‍കോവിലിലെ എന്റെ വീടിന് മുന്നില്‍ നിന്ന് എന്റെ കുടുംബാംഗങ്ങളെ തേജോവധം ചെയ്യുകയായിരുന്നു. 85 വയസുള്ള അച്ഛനും 82കാരിയായ അമ്മയും ഭാര്യയും സ്‌കൂളില്‍ പോകുന്ന മകനുമാണ് അവിടെയുണ്ടായിരുന്നത്. രാത്രി വരെ ഇയാള്‍ എന്റെ വീടിന് മുന്നില്‍ ഈ പ്രകടനം നടത്തി. സ്റ്റിംഗ് ഓപ്പറേഷനെ കുറിച്ച് പ്രതികരിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഞാന്‍ സ്ഥലത്തില്ലെന്ന് വീട്ടുകാര്‍ അറിയിച്ചിട്ടും സഞ്ജീവും മൂന്ന് സഹപ്രവര്‍ത്തകരും അവരെ ഉപദ്രവിക്കുന്നത് തുടര്‍ന്നു. പിറ്റേന്ന് രാവിലെയും എന്റെ വീടിന് മുന്നില്‍ സഞ്ജീവ് ഈ പരിപാടി തുടര്‍ന്നു. സഹികെട്ട് എന്റെ അച്ഛന്‍ അയാളോട് തട്ടിക്കയറി. എന്നാല്‍ സഞ്ജീവ് ക്യാമറയില്‍ പറഞ്ഞത് ഞാന്‍ അയാളെ ചീത്ത വിളിച്ചു എന്നായിരുന്നു. അന്ന് വൈകുന്നേരം വീട്ടിലെത്തിയ ശേഷമാണ് ഞാന്‍ ഈ സംഭവങ്ങളൊക്കെ അറിയുന്നത്.

ടിആര്‍പി റേറ്റിംഗ് ലക്ഷ്യം വച്ച് എന്നെ അധിക്ഷേപിച്ച് കൊണ്ട് വ്യാജ പ്രചാരണം നടത്തുകയാണ് റിപ്പബ്ലിക് ടിവി. സോഷ്യല്‍ മീഡിയയിലും അപവാദ പ്രചാരണം നടത്തുന്നു. ഒരു ജനാധിപത്യ സമൂഹത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല. എല്ലാ അതിരുകളും ലംഘിക്കുകയും എന്നെയും എന്റെ കുടുംബത്തേയും വലിയ തോതില്‍ മാനസിക പീഡനത്തിന് ഇരയാക്കിയിരിക്കുകയുമാണ്. ഇത്തരത്തില്‍ എന്നെയും എന്റെ കുടുംബത്തേയും അതുപോലെ സമൂഹത്തിലെ മറ്റുള്ളവരേയും ഉപദ്രവിക്കുന്നതില്‍ നിന്ന് ഈ ജനവിരുദ്ധ ടിവി ചാനലിനെ തടയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇക്കാര്യത്തില്‍ പെട്ടെന്ന് തന്നെ ഉചിതമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നു.

സ്‌നേഹപൂര്‍വം
എസ് പി ഉദയകുമാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍