UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പശു ഗുണ്ടായിസത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം: സുപ്രീംകോടതി

ഒക്ടോബര്‍ 31നകം ഗോരക്ഷാ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവിന് അനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് കോടതി വീണ്ടും ആവശ്യപ്പെട്ടു.

ഗോരക്ഷാ ഗുണ്ടായിസത്തിന് ഇരയാകുന്നവര്‍ക്ക് സംസ്ഥാനങ്ങള്‍ നഷ്ടപരിഹാരം കൊടുക്കണമെന്ന് സുപ്രീംകോടതി. അതിന് കോടതി ഉത്തരവ് കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തെഹ്‌സാന്‍ എസ് പൂനാവാല, സാമൂഹ്യപ്രവര്‍ത്തകന്‍ തുഷാര്‍ ഗാന്ധി എന്നിവരുടെ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇത്തരം അക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി കൃത്യമായ പദ്ധതി വേണമെന്ന് തുഷാര്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു. ഫരീദാബാദില്‍ ജുനൈദ് കൊല്ലപ്പെട്ട സംഭവവും രാജസ്ഥാനില്‍ പെഹ്ലു ഖാന്‍ കൊല്ലപ്പെട്ട സംഭവവും ഇന്ദിര ജയ്‌സിംഗും കപില്‍ സിബലും ചൂണ്ടിക്കാട്ടി. ഇരകള്‍ക്ക് നീതി കിട്ടുന്നതിന് പകരം ഇവര്‍ക്കെതിരെ കേസെടുത്ത് പീഡിപ്പിക്കുകയാണ് ഉണ്ടായതെന്ന് ഇരുവരും പറഞ്ഞു.

ഒക്ടോബര്‍ 31നകം ഗോരക്ഷാ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. ഈ ഉത്തരവിന് അനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് കോടതി വീണ്ടും ആവശ്യപ്പെട്ടു. ഗുജറാത്ത്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നകത്. മറ്റ് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആരും റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ തടിയൂരാമെന്ന് വിചാരിക്കേണ്ടെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂലായ് മുതല്‍ ആള്‍ക്കൂട്ട അക്രമ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട 66 സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ഇന്ദിര ജയ്‌സിംഗ് കോടതിയെ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍