UPDATES

വായന/സംസ്കാരം

ഇനി പാടിയാല്‍ ജയിലില്‍ പാടിക്കുമെന്ന് ഏമാന്‍മാര്‍; ബാബുക്ക പാടി നടന്ന നഗരത്തില്‍ നിന്നും ബാബു ഭായിമാര്‍ പുറത്താക്കപ്പെടുമ്പോള്‍

കോഴിക്കോടിന്‍റെ തെരുവുകളില്‍ 35 വര്‍ഷത്തിലധികമായി പാട്ട് പാടുന്ന ബാബു ഭായിയും കുടുംബവും കലയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലമായ ഈ പട്ടണത്തെ നോക്കി പകച്ചു നിൽക്കുകയാണ്.

“പരാജയപ്പെട്ട മനുഷ്യരുടെ കണ്ണുനീർ തുള്ളികളിൽ നിന്നാണ്, യഥാർത്ഥ ചരിത്രം ആരംഭിക്കുന്നത്” പ്രദീപൻ പാമ്പിരിക്കുന്നിന്റെ ‘എരി’ എന്ന നോവൽ ആരംഭിക്കുന്നത് ഇപ്രകാരമാണ്. അധികാരഘടനയിലോ, മുഖ്യധാരയിലോ എന്തിനു ആ ശ്രേണിയിലെ ഏറ്റവും താഴെക്കിടയിൽ ഉള്ള “സാധാരണ ജനങ്ങളിലോ” പോലും ഇടം കിട്ടാത്ത സാധാരണക്കാരുടെ ജീവിത ദുരിതങ്ങൾ അഭ്രപാളികളിൽ കണ്ടു ആത്മനിർവൃതി അടയുകയും, യഥാർത്ഥ ജീവിത പ്രാരാബ്ദങ്ങളെ കണ്ടില്ലെന്നു നടിച്ചു മുന്നോട്ടു പോവുകയും ചെയ്തുപോരുന്ന ഒരു സവിശേഷത മലയാളി മധ്യവർഗത്തിനുണ്ട്. പോയാൽ വോട്ടർ പട്ടികയിൽ പോലും വെട്ടേണ്ട ആവശ്യം ഇല്ലാത്ത കുറെ ജീവിതങ്ങൾ. അവർക്ക് മേൽപ്പറഞ്ഞ അധികാര ഘടനകളെ കുറിച്ചോ ആ അധികാരം തങ്ങളുടെമേൽ വന്നു പതിക്കുന്നതിനെ കുറിച്ചോ വലിയ പിടിപാടില്ല.

നഗരം രമണീയമാക്കുന്നതിനും, കുററവാളികളെ നിർമ്മൂലനം ചെയ്യുന്നതിനും അല്ലെങ്കിൽ പ്രദേശം വീണ്ടും വികസിപ്പിക്കുന്നതിനും അത്യാവശ്യമാണെന്നു പറഞ്ഞുകൊണ്ടു നഗര പ്രദേശങ്ങൾ ശുദ്ധീകരിക്കുന്ന പ്രക്രിയ ലോകമെമ്പാടുമുണ്ട്. കാരണം എന്തുതന്നെയായിരുന്നാലും ദരിദ്രരാണു കഷ്ടമനുഭവിക്കുന്നത്‌. സാധാരണയായി, 2014 ബ്രസീൽ ലോകകപ്പിലും, 2010 കോമൺ വെൽത്ത് ഗെയിംസിനും മുൻപായി ക്ലീൻ സിറ്റി പ്രോജക്ട് പ്രഖ്യാപിച്ചപ്പോൾ ആയിരങ്ങൾക്ക് സ്വന്തം ഇടം നഷ്ടപ്പെട്ടിരുന്നു.

കലയുടെയും സംസ്ക്കാരത്തിന്‍െറയും ഈറ്റില്ലമാണ് കോഴിക്കോട് നഗരം അറിയപ്പെടുന്നത്. ഹിന്ദുസ്ഥാനി സംഗീതവും, ഗസലുകളും കോഴിക്കോടന്‍ രാവുകളെ സംഗീത സാന്ദ്രമാക്കുന്നതുപോലെ തന്നെ മുഹമ്മദ് റഫി, കിഷോര്‍കുമാര്‍, തലത്ത് മഹമൂദ്, ഹേമന്ത് ദാ, മന്നാഡേ തുടങ്ങിയവരുടെ ശ്രുതിമധുരമായ അനശ്വര ഗാനങ്ങളും ഈ നഗരം എന്നും ഹൃദയത്തിലേറ്റുന്നു. സംഗീതം പോലെ തന്നെയാണ് കോഴിക്കോടിന് ഫുട്ബോളും. പുല്‍മൈതാനങ്ങളിലെ നാടന്‍ പന്തുകളി മുതല്‍ “ഫിഫ” വേള്‍ഡ് കപ്പ് വരെ കോഴിക്കോട്ടുകാര്‍ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്.

കോഴിക്കോടന്‍ ഹല്‍വയുടെ മധുരം ആസ്വദിച്ച യൂറോപ്യന്‍മാര്‍ അതിനെ “സ്വീറ്റ് മീറ്റ്” (എസ്.എം) എന്നു വിളിക്കുകയും, “എസ്.എം സ്ട്രീറ്റ്” എന്ന പേരിലും അറിയപ്പെടുന്ന ഈ നഗരത്തിന്‍െറ സ്വന്തമായ “മിഠായിത്തെരുവി” ന് സഞ്ചാര സാഹിത്യലോകത്തു പോലും ഖ്യാതി നേടിക്കൊടുക്കുകയും ചെയ്തു. ഇരുവശങ്ങളിലുമായി കച്ചവടസ്ഥാപനങ്ങള്‍ നിറഞ്ഞ, സദാ തിരക്കനുഭവപ്പെടുന്ന ഈ തെരുവിലെ കടകളില്‍ ലഭിക്കാത്തതായി ഒന്നുമില്ല എന്നു ആളുകള്‍ പറയുന്നത് അതിശയോക്തിയല്ല.

കോഴിക്കോടിന്‍റെ തെരുവുകളില്‍ 35 വര്‍ഷത്തിലധികമായി പാട്ട് പാടുന്ന ബാബു ഭായിയും കുടുംബവും കലയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലമായ ഈ പട്ടണത്തെ നോക്കി ഇപ്പോള്‍ പകച്ചു നിൽക്കുകയാണ്. കാരണം ഈ നഗരത്തിൽ ഇപ്പോൾ ഇവർക്ക് പാടാൻ വിലക്കാണ്. മിഠായിത്തെരുവിലോ ബീച്ചിലോ മാനാഞ്ചിറയിലോ എവിടെയും ഇരുന്നു പാടാന്‍ സമ്മതിക്കുന്നില്ല. ആധുനിക നഗരത്തിന്‍റെ ചരിത്രത്തേക്കാള്‍ പഴക്കമുണ്ട് ഇവരുടെ സംഗീത ജീവിതത്തിന് എന്നത് ഒരു കാല്പനിക ചിന്ത ആയി തള്ളിയാൽ അതെ സംഗീതം അവരുടെ ജീവിതോപാധി ആണെന്നതിനെ എങ്ങനെ മറച്ചു പിടിക്കും?

കോഴിക്കോടിന്റെ തെരുവുകളിൽ കാൽ നൂറ്റാണ്ടിനു മുകളിൽ ഡോലക് കൊട്ടി പാടുന്ന ബാബു ശങ്കരൻ എന്ന ബാബു ഭായ് അഴിമുഖത്തോടു തന്റെ ദുരവസ്ഥ പങ്കു വെക്കുന്നു.

തെരുവിൽ പെടുന്നവർക്ക് വീട് വെച്ച് തരണം എന്ന ഒരു ആശയവുമായി വി കെ സി മമ്മദ് കോയ, എം കെ മുനീർ തുടങ്ങിയ സാറന്മാരുടെ സഹായത്തോടെയാണ് കഴിഞ്ഞ 30 വർഷമായി തെരുവിൽ പാടുന്ന എനിക്കൊരു വീട് സ്വന്തമായി ലഭിച്ചത്. 2011ലാണത്. മാവൂർ റോഡിനു സമീപം കന്നിപ്പറമ്പ് എന്ന പ്രദേശത്ത് ഒരു സെന്റ് ഭൂമിയും വീടും ഉണ്ട്. ഞാൻ കുടുംബത്തോടെ അവിടെയാണ് താമസം. 2017 വരെ കാര്യങ്ങളെല്ലാം ബുദ്ധിമുട്ടില്ലാതെ പോയി. എന്നാൽ ഈ വര്‍ഷം മുതൽ ഒരു പുതിയ സി ഐ വന്നതിനു ശേഷം ബസ് സ്റ്റാൻഡിൽ പാടാൻ സമ്മതിക്കാതായി. ആളുകൾ കൂടും അത് ബുദ്ധിമുട്ടാകും എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കിട്ടുന്ന കാശും കൊണ്ട് ഞാൻ തിരിച്ചു പോരും. ഇത് പലപ്പോഴായി തുടർന്ന് പോന്നു.

ഒരു ദിവസം കോഴിക്കോട് ബസ്സ്റ്റാൻഡിൽ പാടിക്കൊണ്ടിരിക്കുന്ന സമയം, പത്തറുപത് രൂപയോളം ലഭിച്ചു കാണും. ഒരു പോലീസുകാരൻ വന്നു സർ വിളിക്കുന്നു എന്ന് പറഞ്ഞു. ഞാനും എന്റെ ഭാര്യയും ചേർന്ന് കോഴിക്കോട് ബസ് സ്റ്റാന്റിനകത്തെ സ്റ്റേഷൻ സെല്ലിൽ പോയി അദ്ദേഹത്തോട് വളരെ താഴ്മയായി ഞാൻ പറഞ്ഞു “എനിക്ക് വേറെ ജോലി അറിയില്ല സർ, രണ്ടു മക്കൾ സ്‌കൂൾ പഠിക്കുന്നുണ്ട്. അവരുടെ ബുക്ക്, സ്കൂൾ ഫീസ് എല്ലാം ഞാൻ തന്നെ നോക്കണം. ഒരുപാട് ബുദ്ധിമുട്ടി ആണ് ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്. എന്നെ പാടാൻ അനുവദിക്കണം”. അതിനു അദ്ദേഹത്തിന്റെ മറുപടി “നിങ്ങൾ കൂടുതൽ ബുദ്ധിമുട്ടണ്ട, കുട്ടികളെ ഞാൻ പഠിപ്പിച്ചോളാം, മേലിൽ ഇനി ബസ് സ്റ്റാന്റിലോ, മാനാഞ്ചിറയിലോ, പാളയത്തോ പാടാൻ പാടില്ല. എവിടെയെങ്കിലും പാടുന്നത് കണ്ടാൽ പിന്നെ ജയിലിൽ കൊണ്ടുപോയി പാടിക്കും.” എന്നായിരുന്നു

ആ സാർ അങ്ങനെ പറഞ്ഞതിന് ശേഷം ഞാൻ കുറച്ചു കാലം ബസ് സ്റ്റാൻഡ് പരിസരത്ത് പോയിട്ടില്ല.   പക്ഷെ ഇതല്ലാതെ എനിക്ക് വേറെ തൊഴിൽ അറിയില്ലല്ലോ. അതുകൊണ്ട് പോലീസ് സാറന്മാർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്ത് മാത്രം പാടി കിട്ടുന്ന പണം കൊണ്ട് തിരിച്ചു പോരും. ഒരു മൂന്നു മാസം തുടർച്ചയായി ഇങ്ങനെ ചെയ്തു. 

രണ്ടാഴ്ച മുൻപ് കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിൽ പാടിക്കൊണ്ടിരുന്നപ്പോൾ വീണ്ടും പോലീസുകാർ വന്നു. കളക്ടറുടെ ഓർഡർ മേടിച്ചിട്ടു ഇനി പാടിയാൽ മതി എന്ന് പറഞ്ഞു. രണ്ടു പ്രാവശ്യം ഞാൻ അതനുസരിച്ചു കളക്ടറെ കാണാൻ അദ്ദേഹത്തിന്റെ ഓഫീസിൽ പോയി. പക്ഷെ കാണാൻ കഴിഞ്ഞില്ല. പ്രളയം മൂലം ഉണ്ടായ തിരക്കിൽ ആയിരുന്നു അദ്ദേഹം. അടുത്ത വീടുകളിൽ നിന്നൊക്കെ അരി മേടിച്ചിട്ടാണ് സാറേ കുട്ടികളുടെ ഭക്ഷണ കാര്യങ്ങൾ ഒക്കെ ഇപ്പോൾ നടന്നു പോകുന്നത്.

മാനാഞ്ചിറ സ്‌ക്വയറിൽ ഞാൻ പാടിക്കൊണ്ടിരിക്കുമ്പോൾ പോലീസുകാർ തടസ്സപ്പെടുത്തിയത് മനോരമയും, മാതൃഭൂമിയും ഒക്കെ റിപ്പോട് ചെയ്തിരുന്നു. അവർ ഫോട്ടോയും എടുത്താണ് പോയത്. അത് വലിയ ചർച്ച ആയി എന്ന് തോന്നുന്നു. കാരണം പിന്നീട് കഴിഞ്ഞ ഞായറാഴ്ച ഞാൻ പാടാൻ പോയപ്പോൾ പോലീസുകാർ ഒന്നും പറഞ്ഞില്ല. ഒരുപാട് കാലത്തിനു ശേഷം മനസ്സ് നിറച്ചു പാടിയ ദിവസം ആയിരുന്നു അന്ന്, രണ്ടു മണിക്കൂർ തുടർച്ചയായി ഞാൻ പാടി. അതിന്റെ ഫലമായി ഒരു 500 രൂപയോളം കിട്ടി.പത്രത്തിൽ ഫോട്ടോ വന്ന ശേഷം ഒരുപാട് ടി വി ചാനലുകാർ ഒക്കെ വന്നു വാർത്ത എടുത്തിട്ട് പോയിട്ടുണ്ട്. അവർ കുറച്ചു പൈസയും തന്നിട്ടാണ് പോയത്.

ഇപ്പോൾ മൂന്നു ദിവസമായി ഞാൻ പാട്ട് പാടാൻ പോയിട്ടില്ല, എനിക്ക് നല്ല പേടി തോന്നുന്നു. എന്റെ സാറേ ഞാൻ ജനിച്ചത് കോഴിക്കോട് കല്ലായിയിൽ ആണ്, ഒരു 25 വർഷത്തോളം നാടോടി ആയി കർണാടകയിലും, തമിഴ്നാട്ടിലും എല്ലാം അലഞ്ഞു നടന്നു പാടിയിട്ടുണ്ട്. ഇപ്പോൾ അതിനുള്ള ആരോഗ്യമോ, സാഹചര്യമോ ഇല്ല. ആരോടും വഴക്കു കൂടാനൊന്നും അറിയില്ല. എനിക്ക് പോകാൻ വേറെ ഇടവും ഇല്ല. മക്കളെ പഠിപ്പിക്കണം, അവർക്കു മൂന്നു നേരം ഭക്ഷണം വെച്ച് കൊടുക്കണം അതിനു എനിക്ക് ഈ തൊഴിൽ മാത്രമേ അറിയൂ, എങ്ങനെയെങ്കിലും, ആരെങ്കിലും സഹായിക്കണം.”

ബാബുവിന്റെ ജോലി തടസ്സപ്പെടുത്തുന്ന മാനാഞ്ചിറ സ്‌ക്വയറിലെ രംഗം നേരിട്ട് കണ്ട മാധ്യമ പ്രവർത്തകൻ മുഹമ്മദ് ഇർഷാദ് പറയുന്നതിപ്രകാരം ആണ്. “തെരുവിന്റെ ഓരങ്ങളിൽ കരഞ്ഞും, ചിരിച്ചും ജീവിച്ചു പോയവരുടെ കഥ പറഞ്ഞ എസ്. കെ പൊറ്റക്കാടിന്റെ ഒരു പ്രതിമയുണ്ട് മിഠായിതെരുവ് തുടങ്ങുന്ന കിഡ്സൺ കോർണറിൽ. ആ പ്രതിമയുടെ അരികിലിരുന്നു ഡോലക് കൊട്ടി പാട്ട് പാടുകയായിരുന്നു ബാബു ശങ്കരൻ എന്ന തെരുവ് ഗായകനും കുടുംബവും. ഹാർമോണിയം വായിക്കുന്നത് ഭാര്യ ലത. പാട്ടിൽ മുഴുകി കുറച്ചു പേർ. കുറച്ചു പത്ത്, ഇരുപതു രൂപ നോട്ടുകൾ ഇയാളുടെ ടവ്വലിലേക്കു എത്തി തുടങ്ങി. പാട്ടിന്റെ ഈണത്തിൽ ജനം താളം പിടിക്കുന്നുണ്ട്. രസം കൊല്ലിയായി ഒരു പോലീസുകാരന്റെ വരവ്. ബാബുവിന്റെ അടുത്തെത്തിയ അയാൾ ബാബുവിനോട് പെട്ടി എടുത്ത് സ്ഥലം വിടാനും, പാട്ട് നിർത്താനും ആവശ്യപ്പെട്ടു. നാട്ടുകാർ ഇടപെട്ടു നോക്കിയെങ്കിലും പോലീസുകാർ വഴിങ്ങിയില്ല. കണ്ണീരുമായി കിട്ടിയ പണവും കൊണ്ട് തബലയും ഹാര്‍മോണിയവും ചുമന്നു നടന്നു നീങ്ങി”.

ഖത്തറിലെ പ്രവാസി സംഘടനയായ കരുണ ഖത്തർ ബാബു ശങ്കരനെയും കുടുംബത്തെയും മാസങ്ങൾക്കു മുൻപ് ഖത്തറിൽ ഒരു പരിപാടിക്ക് കൊണ്ട് പോയിരുന്നു. കരുണയുടെ പ്രവർത്തകനായ ഷെരീഫിന്റെ വാക്കുകൾ; “ബാബുഭായിയും അദ്ദേഹത്തിന്റെ കുടുംബവും തെരുവിൽ പെട്ടിയും ഡോലക്കും വെച്ച്‌ പാടുന്നത്‌ കേട്ടാണു ഞങ്ങളൊക്കെ വളരുന്നത്‌! ഇവരെ ഖത്തറിൽ പാടാന്‍ കൊണ്ടുവന്നപ്പോള്‍ ഒരു സംഗീത പരിപാടിക്കും പങ്കെടുക്കാത്തത്രയും ജനങ്ങളാണ് ഇവരെ കേള്‍ക്കാന്‍ വന്നത്. കോഴിക്കോട് ബസ്സ്‌സ്റ്റാന്‍ഡിലോ ബീച്ചിലോ ഒക്കെ ബാബു ഭായി ഡോലക്ക് കൊട്ടി റാഫിയുടെയും കിഷോര്‍കുമാറിന്‍റെയുമൊക്കെ പാട്ട് പാടുന്നത് നമ്മള്‍ കണ്ടിട്ടുണ്ടാവും. തൊട്ടടുത്ത്‌ റാഫിയുടെ ചിത്രമൊട്ടിച്ച പൊട്ടിപ്പൊളിഞ്ഞ ഹാര്‍മോണിയത്തില്‍ തന്‍റെ കൈവേഗങ്ങള്‍ കൊണ്ട് മാസ്മരികത തീര്‍ക്കുന്ന അദ്ദേഹത്തിന്‍റെ ജീവിത പങ്കാളി ലതയെ കാണാം. മകള്‍ കൌസല്യയെ കാണാം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായമൊന്നുമില്ലാതെ തിരക്ക് പിടിച്ച നഗരത്തിന്‍റെ ശബ്ദത്തേക്കാള്‍ ഉച്ചസ്ഥായിയില്‍ തൊണ്ടപൊട്ടുന്ന ഇവരുടെ ജീവസംഗീതം കേള്‍ക്കാം. ഇങ്ങനെ കിട്ടുന്ന നാണയത്തുട്ടുകളില്‍ നിന്നാണ് ഇവര്‍ വര്‍ഷങ്ങളായി ദൈനംദിന ജീവിതം പുലര്‍ത്തുന്നത്. വേറെ ഒരു ജോലിയും ഇവര്‍ക്കറിയില്ല.ഇവരോട് നമുക് ഐക്യപ്പെടേണ്ടതുണ്ട്.”

ഗായകൻ ഷഹബാസ് അമൻ പറയുന്നതിങ്ങനെ; “തെരുവുകളിലൂടെയും വീടുവീടാന്തരങ്ങളും പാടി നടന്നിരുന്നവരും ഇപ്പോഴും അങ്ങനെ പാടിനടക്കുന്നവരുമൊക്കെത്തന്നെയാണു തീർച്ചയായിട്ടും ഞങ്ങളുടെ മുൻ ഗാമികൾ! അതിൽ അഭിമാനം മാത്രമേയുള്ളു! അവരെ അവിടെ നിന്ന് ആട്ടിപ്പായിക്കാൻ ഞങ്ങൾ സമ്മതിക്കില്ല! നഗരത്തെ സംബന്ധിച്ച്‌ കാരണങ്ങൾ പലതുണ്ടാകാം.അതിൽ മിക്കതും “ഇത്‌ ഇവിടെ ശരിയാവില്ല” എന്ന സ്ഥിരം സംഗതികൾ ആവാനേ തരമുള്ളു! പക്ഷേ ബാബുഭായിയും അദ്ധേഹത്തിന്റെ കുടുംബവും തെരുവിൽ പെട്ടിയും ഡോലക്കും വെച്ച്‌ പാടുന്നത്‌ കേട്ടാണു ഞങ്ങളൊക്കെ വളരുന്നത്‌! പാട്ടുപാടാൻ അവർക്ക്‌ കംഫർട്ടബിൾ ആയ വെന്യൂ സ്ട്രീറ്റ്‌ ആണെങ്കിൽ അത്‌ അനുവദിക്കാൻ നമ്മൾ ബാധ്യസ്ഥരാണു! അവരെയൊക്കെ അവിടുന്ന് ഒഴിവാക്കിക്കൊണ്ടല്ല,പുതിയ കേരള സങ്കൽപ്പം മെനയേണ്ടതും മെടയേണ്ടതും‌! ഇതിന്റെ പിന്നിലെ സംഗതികൾ എന്തൊക്കെയാണെന്ന് തീർച്ചയായും അന്വേഷിക്കപ്പെടേണ്ടതുണ്ട്‌! നമുക്ക്‌ നോക്കാം.”

ഇതര സംസ്ഥാന തൊഴിലാളികളെ അതിഥികളായി പരിഗണിക്കണം എന്ന് നിഷ്കർഷിക്കുന്ന ഒരു സർക്കാർ ആണ് കേരളത്തിലേത്. നിർഭാഗ്യവശാൽ പോലീസുകാർ സ്വന്തം നാട്ടുകാരോട് അടക്കം അതിഥി പോയിട്ട് ആജന്മ ശത്രുവിനോട് ഇടപെടുന്ന രീതിയിൽ ആണ് തെരുവ് ജീവിതങ്ങളോട് ഇടപഴകുന്നത്. നവ കേരളം നിർമാണവും, നഗരത്തിന്റെ മോടി പിടിപ്പിക്കലും എല്ലാം നടക്കട്ടെ, അത് പക്ഷെ ബാബുവിനെ പോലുള്ള മനുഷ്യരുടെ രക്തത്തിൽ ചവിട്ടി കൊണ്ടാകാതിരിക്കാൻ സർക്കാരും, പോലീസും ശ്രദ്ധിക്കണം. അത്തരം ചരിത്രങ്ങൾ നമുക്ക് ഒരു പുതുമയല്ലല്ലോ!!

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍