UPDATES

ട്രെന്‍ഡിങ്ങ്

കര്‍ക്കറെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിനാല്‍ ‘രക്തസാക്ഷി’ എന്ന് വിളിക്കുന്നു, പക്ഷെ ആളത്ര ശരിയായിരുന്നില്ല: സ്പീക്കര്‍ സുമിത്ര മഹാജന്‍

“അദ്ദേഹം ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. അതുകൊണ്ട് രക്തസാക്ഷിയായി. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഒട്ടും ശരിയായിരുന്നില്ല”.

ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ പ്രഗ്യ സിംഗ് ഠാക്കൂറിന് ശേഷം ഹേമന്ത് കര്‍ക്കറെയെ അധിക്ഷേപിച്ച് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജനും. മുംബയ് ഭീകരാക്രമണസമയത്ത് കൃത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെട്ടതുകൊണ്ടാണ് ഹേമന്ത് കര്‍ക്കറെയെ രക്തസാക്ഷി എന്ന് വിളിക്കുന്നത് എന്നും എന്നാല്‍ മഹാരാഷ്ട്ര എടിഎസ് (ഭീകരവിരുദ്ധ സ്‌ക്വാഡ്) തലവന്‍ എന്ന നിലയിലും പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലും നല്ല പ്രവര്‍ത്തനമല്ല കര്‍ക്കറെ നടത്തിയത് എന്ന് സുമിത്ര മഹാജന്‍ ആരോപിച്ചു. കര്‍ക്കറെയെ സംബന്ധിച്ച് രണ്ട് വശങ്ങള്‍ പറയാനുണ്ട്. ഒന്ന് അദ്ദേഹം ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. അതുകൊണ്ട് രക്തസാക്ഷിയായി. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഒട്ടും ശരിയായിരുന്നില്ല – സുമിത്ര മഹാജന്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിംഗ് കര്‍ക്കറെയുടെ സുഹൃത്തായിരുന്നു. ദിഗ് വിജയ് സിംഗ് മുഖ്യമന്ത്രിയായിരിക്കെ മധ്യപ്രദേശില്‍ ആര്‍എഎസ്എസ് ബോംബ് നിര്‍മ്മിക്കുന്നതായി അദ്ദേഹം നിരന്തരം ആരോപിക്കുമായിരുന്ന. മാലേഗാവ് സ്‌ഫോടന കേസില്‍ പ്രഗ്യ സിംഗ് ഠാക്കൂര്‍ അടക്കമുള്ളവരെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത് ദിഗ് വിജയ് സിംഗിന്റെ താല്‍പര്യപ്രകാരം ആയിരുന്നു എന്ന് ആരോപിച്ച സുമിത്ര മഹാജന്‍ അതേസമയം ഇത് സംബന്ധിച്ച് തന്‍െ കയ്യില്‍ തെളിവൊന്നുമില്ലെന്നും പറഞ്ഞു. ഇന്‍ഡോറില്‍ നിന്ന് മഹാരാഷ്ട്ര എടിഎസ് നടത്തിയ അറസ്റ്റുകള്‍ ദിഗ് വിജയ് സിംഗിന്റെ താല്‍പര്യപ്രകാരമായിരുന്നു എന്ന് സുമിത്ര മഹാജന്‍ പറയുന്നു. മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്ത ദിലീപ് പട്ടീദാര്‍ പിന്നീട് തിരിച്ചുവന്നില്ല എന്ന് സുമിത്ര മഹാജന്‍ പറഞ്ഞു. പട്ടീദാറിനെ കാണാനില്ലെന്ന കേസ് ഇപ്പോളും കോടതിയുടെ പരിഗണനയിലാണ്. ഈ വിഷയം താന്‍ ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു – സുമിത്ര മഹാജന്‍ പറഞ്ഞു. പട്ടീദാര്‍ കൊല്ലപ്പെട്ടതായും അവര്‍ പറഞ്ഞു.

ഒമ്പത് തവണ ഇന്‍ഡോറില്‍ നിന്നുള്ള ബിജെപി എംപിയായിട്ടുള്ള സുമിത്ര മഹാജന്‍ ഇത്തവണ പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് മത്സരിക്കാനില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ആര്‍എസ്എസ് നേതൃത്വവുമായി വലിയ അടുപ്പമാണ് സുമിത്ര മഹാജനുള്ളത്. ഒരു മറാത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലും സമാനമായ കാര്യങ്ങള്‍ സുമിത്ര മഹാജന്‍ പറഞ്ഞിരുന്നു.

അതേസമയം അശോക ചക്ര പുരസ്‌കാരം നേടിയിട്ടുള്ള ധീര രക്തസാക്ഷി ഹേമന്ത് കര്‍ക്കറെയുമായി തനിക്ക് സൗഹൃമുണ്ടായിരുന്നു എന്ന് കാര്യത്തില്‍ അഭിമാനമാണുള്ളത് എന്ന് ദിഗ് വിജയ് സിംഗ് സുമിത്ര മഹാജന് മറുപടി നല്‍കി. നിങ്ങളുടെ അനുയായികള്‍ അദ്ദേഹത്തെ അപമാനിച്ചേക്കാം, എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കാനായി പ്രവര്‍ത്തിച്ച കര്‍ക്കറെയെ പോലുള്ളവരെ പിന്തുണച്ചതില്‍ എനിക്ക് അഭിമാനമേയുള്ളൂ – ദിഗ് വിജയ് സിംഗ് പറഞ്ഞു.

ഹേമന്ത് കര്‍ക്കറെ മുംബയ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടാണ് എന്ന് പ്രഗ്യ സിംഗ് ഠാക്കൂര്‍ പറഞ്ഞത്. തന്നെ കസ്റ്റഡിയില്‍ പീഡിപ്പിച്ച കര്‍ക്കറെയും കര്‍ക്കറേയുടെ കുടുംബം ഒന്നാകെയും മുടിഞ്ഞുപോകും എന്ന് താന്‍ ശപിച്ചിരുന്നതായി പ്രഗ്യ പറഞ്ഞിരുന്നു. പ്രസ്താവന വലിയ വിവാദമായതോടെ പ്രഗ്യ ഇത് പിന്‍വലിച്ചു. പ്രഗ്യക്ക് മറുപടിയുമായി കര്‍ക്കറെയുടെ മകള്‍ രംഗത്തെത്തിയിരുന്നു. അതേസമയം സ്‌ഫോടന കേസ് പ്രതിയായ പ്രഗ്യ സിംഗ് ഠാക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി പ്രസിഡന്റ് അമിത് ഷായും ന്യായീകരിക്കുകയാണുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍