UPDATES

അയോധ്യ – ബാബറി ഭൂമി തര്‍ക്ക കേസ് പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമം വേണമെന്ന് സുപ്രീം കോടതി; കേസ് മാര്‍ച്ച് അഞ്ചിലേയ്ക്ക്‌

“സമവായത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ ഞങ്ങള്‍ അതിന് ശ്രമിക്കും – അഞ്ചംഗ ഭരണഘടന ബഞ്ചിലെ ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു”.

അയോധ്യ – ബാബറി ഭൂമി തര്‍ക്ക കേസില്‍ പരമാവധി മധ്യസ്ഥ ശ്രമത്തിനാണ് ശ്രമിക്കുന്നത് എന്ന് സുപ്രീം കോടതി. ചര്‍ച്ചയിലൂടെ മാത്രമേ തര്‍ക്കത്തിന് പരിഹാരം കാണാനാകൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാം ലല്ലയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിഎസ് വൈദ്യനാഥന്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തു. നേരത്തെയും മധ്യസ്ഥ ശ്രമങ്ങളുണ്ടായിട്ടുണ്ട് എന്ന് വൈദ്യനാഥന്‍ ചൂണ്ടിക്കാട്ടി. അതേസമയം സുപ്രീം കോടതി ഇത് അംഗീകരിച്ചില്ല. കേസില്‍ വീണ്ടും മാര്‍ച്ച് അഞ്ചിന് പരിഗണിക്കുമെന്നും അതുവരെ ഉത്തരവുകളൊന്നും ഉണ്ടാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്ക ഭൂമി രാം ലല്ലയ്ക്കും നിര്‍മോഹി അഘാരയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും തുല്യമായി വീതിക്കാനുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. സുന്നി വഖഫ് ബോര്‍ഡിനായി രാജീവ് ധവാനാണ് ഹാജരായത്. മധ്യസ്ഥ ശ്രമത്തിന് സന്നദ്ധമാണ് എന്ന് രാജീവ് ധവാന്‍ അറിയിച്ചു. പൊതുതാല്‍പര്യം സംരക്ഷിക്കുന്നതിനായി തങ്ങള്‍ ഇക്കാര്യത്തിന് തയ്യാറാണ് എന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചു. ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലം മാത്രമാണ് തര്‍ക്കഭൂമിയെന്നും ബാക്കിയെല്ലാം രാമജന്മഭൂമി ന്യാസിന് അവകാശപ്പെട്ടതാണ് എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയില്‍ വാദിച്ചത്. ഈ ഭൂമി ന്യാസിന് വിട്ടുനല്‍കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

ഇതൊരു വെറും ഭൂമി തര്‍ക്കം മാത്രമാണ് എന്നാണോ നിങ്ങള്‍ കരുതിയത്. ഇതൊരു സ്വകാര്യ സ്വത്ത് സംബന്ധിച്ച തര്‍ക്കമല്ല. സമവായത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ ഞങ്ങള്‍ അതിന് ശ്രമിക്കും – അഞ്ചംഗ ഭരണഘടന ബഞ്ചിലെ ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. കോടതി മേല്‍നോട്ടത്തിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ ജസ്റ്റിസ് ഗൊഗോയ് നിര്‍ദ്ദേശിച്ചിരുന്നു.

കക്ഷികള്‍ക്ക് എട്ട് ആഴ്ചത്തെ സമയമാണ് യുപി ഗവണ്‍മെന്റ് അടക്കം സമര്‍പ്പിച്ചിരിക്കുന്ന രേഖകളുടെ പരിശോധനയ്ക്ക് കോടതി നല്‍കിയിരിക്കുന്നത്. പരിഭാഷകളുടെ ആധികാരികത പരിശോധിക്കും. ചീഫ് ജസ്റ്റിസിനും ജസ്റ്റിസ് ബോബ്‌ഡെയ്ക്കും പുറമെ ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് ബഞ്ചിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍