മേയ് ആറിന് കമ്മിറ്റി മുദ്ര വച്ച കവറില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
അയോധ്യ – ബാബറി ഭൂമി തര്‍ക്ക കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. മാര്‍ച്ച് എട്ടിന് റിട്ട.ജസ്റ്റിസ് ഫാകിര്‍ മുഹമ്മദ് ഇബ്രാഹിം കലീഫുള്ളയുടെ നേതൃത്വത്തിലുള്ള മൂന്നംഗ മധ്യസ്ഥ കമ്മിറ്റിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. മേയ് ആറിന് കമ്മിറ്റി മുദ്ര വച്ച കവറില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ജസ്റ്റിസ് കലീഫുള്ളയ്ക്ക് പുറമെ ആത്മീയ വ്യവസായി ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. എട്ടാഴ്ചത്തെ സമയമാണ് കമ്മിറ്റിക്ക് സുപ്രീം കോടതി നല്‍കിയിരുന്നത്. ഫെബ്രുവരി 26ന് പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഹിന്ദു സംഘടനകളായ നിര്‍മോഹി അഘാര അടക്കമുള്ളവയും ഉത്തര്‍പ്രദേശ് സര്‍ക്കാരും മധ്യസ്ഥതയെ എതിര്‍ത്തെങ്കിലും മുസ്ലീം സംഘടനകള്‍ അനുകൂലിച്ചു.
അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമി സുന്നി വഖഫ് ബോര്‍ഡിനും രാം ലല്ലയ്ക്കും നിര്‍മോഹി അഘാരയ്ക്കും തുല്യമായി വിഭജിക്കാനാണ് 2010 സെപ്റ്റംബര്‍ 30ന് അലഹബാദ് ഹൈക്കോടതി വിധിച്ചത്. ഈ വിധി ചോദ്യം ചെയ്താണ് ഹിന്ദു, മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. തര്‍ക്കഭൂമി ഒഴിച്ചുള്ള അയോധ്യയിലെ ബാക്കി ഭൂമി രാമജന്മഭൂമി ന്യാസിന് നല്‍കണം എന്ന് സുപ്രീം കോടതിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ട് ഘട്ടങ്ങള്‍ കൂടി ബാക്കിയുള്ളപ്പോളാണ് അയോധ്യ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തീവ്ര ഹിന്ദുത്വ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. മേയ് ഒന്നിന് അയോധ്യയില്‍ മോദി റാലി സംഘടിപ്പിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് തള്ളിക്കളയുകയായിരുന്നു.