UPDATES

ട്രെന്‍ഡിങ്ങ്

മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ സാകിയ ജാഫ്രിയുടെ ഹര്‍ജി സുപ്രീം കോടതി 26ന് കേള്‍ക്കും

ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കറുടേയും ദീപക് ഗുപ്തയുടേയും ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ വിശദമായ പരിശോധന വേണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ഗുജറാത്ത് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി 26ന് പരിഗണിക്കും. അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കലാപകാരികള്‍ വെട്ടിയും ചുട്ടും കൊലപ്പെടുത്തിയ മുന്‍ എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയാണ് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് ചോദ്യം ചെയ്ത് സ്‌പെഷല്‍ ലീവ് പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപിച്ചത്. മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ എസ് ഐ ടി നടപടി ഹൈക്കോടതി ശരി വച്ചിരുന്നു. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കറുടേയും ദീപക് ഗുപ്തയുടേയും ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ വിശദമായ പരിശോധന വേണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

അതേസമയം ഹര്‍ജി യാതൊരു തരത്തിലും പരിഗണന അര്‍ഹിക്കുന്നില്ലെന്നും തള്ളണമെന്നും മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോണി ജനറലുമായ മുകുള്‍ റോത്താഗി വാദിച്ചു. സാകിയ ജാഫ്രി 2006ലാണ് പരാതി നല്‍കിയത്. സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും തള്ളിയതാണ്. ഇതിങ്ങനെ നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും റോത്താഗി വാദിച്ചു. ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ടീസ്റ്റ സെതല്‍വാദ് പെറ്റീഷണര്‍ നമ്പര്‍ ടു ആയി വന്നിരിക്കുന്നതിനെ റോത്താഗി ചോദ്യം ചെയ്തു. അതേസമയം ടീസ്റ്റ സെതല്‍വാദ് കോടതിയെ സഹായിക്കാന്‍ താല്‍പര്യപ്പെടുന്നതായി അഭിഭാഷകന്‍ സിയു സിംഗ് വാദിച്ചു. പെറ്റീഷണര്‍ ആകാതെ കോടതിയെ അസിസ്റ്റ് ചെയ്യാം എന്നായിരുന്നു ജസ്റ്റിസ് ഖാന്‍വില്‍ക്കറുടെ മറുപടി.

2006 ജൂണിലാണ് കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട് എന്ന് ആരോപിച്ച് ഗുജറാത്ത് ഡിജിപിക്ക് സാകിയ ജാഫ്രി പരാതി നല്‍കിയത്. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് സാകിയ, ഹൈക്കോടതിയെ സസമീപിച്ചു. ഹൈക്കോടതി ഹര്‍ജി തള്ളി. സാകിയ സുപ്രീം കോടതിയെ സമീപിക്കുകയും വര്‍ഗീയ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയുമായിരുന്നു. 2013 ഡിസംബറില്‍ മജിസ്‌ട്രേറ്റ് കോടതി സാകിയ ജാഫ്രിയുടെ ഹര്‍ജി തള്ളിയിരുന്നു. വര്‍ഗീയ കലാപത്തില്‍ ഗൂഢാലോചനയില്ലെന്നും മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് യാതൊരു പങ്കുമില്ലെന്നുമെന്നാണ് സുപ്രീം കോടതി നിയോഗിച്ച എസ്‌ഐടി റിപ്പോര്‍ട്ട് നല്‍കിയത്. ഈ ക്ലോഷര്‍ റിപ്പോര്‍ട്ട് അംഗീകരിക്കുകയാണ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ചെയ്തത്. ഹൈക്കോടതിയും ഈ റിപ്പോര്‍ട്ട് അംഗീകരിച്ച് ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സാകിയ ജാഫ്രി സുപ്രീം കോടതിയിലെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍