UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യം; 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോ എന്ന് തീരുമാനിക്കാന്‍ റിട്ട.ജസ്റ്റിസ് ഡികെ ജയിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

ഐഎസ്ആര്‍ഒ ചാര കേസില്‍ നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമാണെന്ന് സുപ്രീം കോടതി. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ചിന്റേതാണ് വിധി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോ എന്ന് തീരുമാനിക്കാന്‍ റിട്ട.ജസ്റ്റിസ് ഡികെ ജയിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

സിബിഐ കസ്റ്റഡിയില്‍ താന്‍ കടുത്ത പീഡനത്തിനും മനുഷ്യാവകാശ ലംഘനത്തിനും ഇരയായതായി ചൂണ്ടിക്കാട്ടിയായിരുന്നു നമ്പി നാരായണന്റെ നിയമയുദ്ധം. വിധിയില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ തന്നെ ഉപദ്രവിച്ച ഉദ്യോഗസ്ഥരെ വെറുതെ വിടരുതെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു. നഷ്ടപരിഹാരമായി കിട്ടുന്ന പണമല്ല തനിക്ക് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണം എന്ന ആവശ്യം അഗീകരിക്കാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെകെ ജോഷ്വ പറഞ്ഞു. അതേസമയം വിധിയില്‍ പ്രതികരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ്‌ തയ്യാറായില്ല. ജോഷ്വയും എസ് വിജയനും സിബി മാത്യൂസും അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വിധി.

ALSO READ: ചാരക്കേസ്: ആരാണ് യഥാര്‍ത്ഥ പ്രതി?

1994 നവംബറിലാണ് ഐഎസ്ആര്‍ഒ ചാരകേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. തുടര്‍ന്ന് നമ്പി നാരായണന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. ക്രയോജനിക് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്രജ്ഞന്‍ ആയിരുന്നു നമ്പി നാരായണന്‍. 1970കളില്‍ ലിക്വിഡ് ഫുവല്‍ റോക്കറ്റ് സാങ്കേതിക വിദ്യ ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി വികസിപ്പിച്ചത് നമ്പി നാരായണന്‍ അടക്കമുള്ള സംഘമാണ്. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രയോജനിക് സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള കരാറില്‍ 1992ല്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്നത്തെ റഷ്യന്‍ ഗവണ്‍മെന്റ് കരാറില്‍ നിന്ന് പിന്മാറി. പിന്നീട് ഇന്ത്യ വീണ്ടും ക്രയോജനിക് എഞ്ചിനുകള്‍ക്കായി റഷ്യയുമായി കരാറിലെത്തി. ആഗോള ടെണ്ടര്‍ വിളിച്ചിരുന്നു. എന്നാല്‍ അമേരിക്കയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ട തുകയേക്കാള്‍ വളരെ കുറഞ്ഞ തുകയ്ക്കായിരുന്നു റഷ്യയുമായുള്ള ഇടപാട്. ഇതിന്റെ പിന്നാലെയാണ് ഐഎസ്ആര്‍ഒ ചാര കേസ് വരുന്നത്.

കസ്റ്റഡിയില്‍ മര്‍ദ്ദനം ഉള്‍പ്പടെയുള്ള പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി നമ്പി നാരായണന്‍ പറയുന്നു. 50 ദിവസമാണ് ജയിലില്‍ കിടന്നത്. 1996ല്‍ നമ്പി നാരയണന് എതിരായ കേസ് കെട്ടിച്ചമച്ചതാണ് എന്ന് സിബിഐ വ്യക്തമാക്കി. 1998ല്‍ സുപ്രീംകോടതി നമ്പി നാരായണനെ കുറ്റവിമുക്തനാക്കി. മാല്‍ ദീവ്‌സിലെ ചാര ഉദ്യോഗസ്ഥരായ രണ്ട് സ്ത്രീകള്‍ക്ക് – മറിയം റഷീദയ്ക്കും ഫൗസിയ ഹസനും പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി എന്നാണ് കുറ്റാരോപണം. കേരള രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഐഎസ്ആര്‍ഒ ചാര കേസിനെ തുടര്‍ന്ന് കെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജി വക്കേണ്ടി വന്നു.

ALSO READ: ‘ചാരവനിത അറസ്റ്റില്‍’, ‘കിടപ്പറയിലെ ട്യൂണ’; തന്നെ കുരുക്കിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകരെ കുറിച്ച് നമ്പി നാരായണന്‍

2001ല്‍ നമ്പി നാരായണന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കേരള സര്‍ക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. 2012 സെപ്റ്റംബറില്‍ നമ്പി നാരായണന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. 2012 നവംബറില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ നമ്പി നാരായണനെ കള്ളക്കേസില്‍ കുടുക്കിയതിന് ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ഒഴിവാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍