UPDATES

ട്രെന്‍ഡിങ്ങ്

സിബിഐ ഡയറക്ടര്‍ മാറ്റം: അലോക് വര്‍മ കേസിലെ സിവിസി റിപ്പോര്‍ട്ട് സുപ്രീം കോടതി ഇന്ന് പരിഗണിക്കും; തെളിവ് കണ്ടെത്താനായില്ല

വര്‍മയ്‌ക്കെതിരെ ഇതുവരെ തെളിവൊന്നും കണ്ടെത്താന്‍ സിവിസിക്ക് കഴിഞ്ഞിട്ടില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കിയ അലോക് വര്‍മയ്‌ക്കെതിരെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ (സിവിസി) നടത്തിയ അന്വേഷത്തിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതി ഇന്ന് പരിശോധിക്കും. വര്‍മയ്‌ക്കെതിരെ ഇതുവരെ തെളിവൊന്നും കണ്ടെത്താന്‍ സിവിസിക്ക് കഴിഞ്ഞിട്ടില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌പെഷല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി അവധിയില്‍ വിട്ടിരിക്കുന്ന രാകേഷ് അസ്താന, അലോക് വര്‍മയ്‌ക്കെതിരെ നല്‍കിയ പരാതി അന്വേഷിച്ചാണ് സിവിസി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. കേസുമായി ബന്ധപ്പെട്ട് വര്‍മ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയുടെ ആരോപണം. അതേസമയം ഇത് സംബന്ധിച്ച് തെളിവുകളൊന്നും സിവിസിക്ക് കണ്ടെത്താനായില്ലെന്ന് സോഴ്‌സുകളെ ഉദ്ധരിച്ച് എന്‍ഡിടിവി പറയുന്നു.

വിരമിച്ച ജഡ്ജി എകെ പട്‌നായികിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീം കോടതി സിവിസിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരു ദിവസം വൈകിയതിന് സിവിസി സുപ്രീം കോടതിയോട് ക്ഷമ ചോദിച്ചിരുന്നു. അലോക് വര്‍മ സിവിസി അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായിരുന്നു. രാകേഷ് അസ്താനയും കമ്മീഷന് മൊഴി നല്‍കിയിരുന്നു. ഇടക്കാല ഡയറക്ടറായി നിയമിച്ചിരിക്കുന്ന നാഗേശ്വര റാവു നയപരമായ തീരുമാനങ്ങളൊന്നും എടുക്കരുതെന്നും നാഗേശ്വര റാവുവിന്റെ തീരുമാനങ്ങളും നടപടികളും സംബന്ധിച്ച് റിപ്പോര്‍ട്ട് വേണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും വിജിലന്‍സ് കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കേസ് അട്ടിമറിക്കുന്നതിനായി ബിസിനസുകാരനില്‍ (ഹൈദരാബാദിലെ സന സതീഷ് ബാബു) നിന്ന് കൈക്കൂലി വാങ്ങി എന്നാണ് അലോക് വര്‍മയ്‌ക്കെതിരെ രാകേഷ് അസ്താനയുടെ ആരോപണം. രണ്ട് ബിസിനസുകാര്‍ക്കെതിരായ നിര്‍ണായകമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ മറ്റ് ഏജന്‍സികള്‍ക്ക് വര്‍മ നല്‍കിയില്ലെന്നും അസ്താന ആരോപിക്കുന്നു. ലാലു പ്രസാദ് യാദവിന്റെ കുടുംബം ആരോപണവിധേയരായ റെയില്‍വേ ഹോട്ടല്‍ അഴിമതി കേസില്‍ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥനെ ഒഴിവാക്കി എന്നും ആരോപണമുണ്ട്. ഇതേ ബിസിനസുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങി എന്ന് ആരോപിച്ചുള്ള കേസിലാണ് അസ്താനയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് വര്‍മ ഉത്തരവിട്ടിരുന്നത്. തനിക്കെതിരായ അന്വേഷണത്തിന് പിന്നാലെ അസ്താന, വര്‍മയ്‌ക്കെതിരെ പരാതിയുമായി കാബിനറ്റ് സെക്രട്ടറിയേയും സിവിസിയേയും സമീപിക്കുകയായിരുന്നു.

സിബിഐയിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഒക്ടോബര്‍ 23ന്‌ വര്‍മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി ജോയിന്റ് ഡയറക്ടര്‍ എം നാഗേശ്വര റാവുവിന്റെ ഇടക്കാല ഡയറക്ടറായി നിയമിക്കുകയും വര്‍മയേയും അസ്താനയേയും നിര്‍ബന്ധിത അവധിയില്‍ വിടുകയുമാണ് പേഴ്‌സണല്‍ മന്ത്രാലയം ചെയ്തത്. ഈ നടപടിക്കെതിരെ അലോക് വര്‍മ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാരിന് അതൃപ്തിയുണ്ടാക്കുന്ന ചില പ്രധാന കേസുകള്‍ പരിഗണിച്ചതിനാലാണ് തന്നെ നീക്കിയതെന്നും നിയമ വിരുദ്ധമായ നടപടിയാണ് ഇതെന്നും അലോക് വര്‍മ കോടതിയില്‍ വാദിച്ചു. റാഫേല്‍ കരാറില്‍ സിബിഐ അന്വേഷണം ഒഴിവാക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ഉദ്യോഗസ്ഥനുമായ രാകേഷ് അസ്താനയെ സംരക്ഷിക്കുന്നതിനുമുള്ള നീക്കങ്ങളും നടപടികളുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

സിബിഐ, അയോധ്യ, റാഫേല്‍: മോദി സർക്കാരിന് മുന്നിലെ സുപ്രീം കോടതി കടമ്പകൾ

റാഫേല്‍ മുതല്‍ മെഡിക്കല്‍ കോഴ വരെ: മോദി സര്‍ക്കാര്‍ നീക്കിയ സിബിഐ ഡയറക്ടറുടെ മേശപ്പുറത്തുണ്ടായിരുന്നത് ഏഴ് കേസുകള്‍

അസ്താന എന്ന കണ്ണിലുണ്ണി അഥവാ സിബിഐയെ അവസാനിപ്പിക്കുമ്പോള്‍

“രാകേഷ് അസ്താന ഞങ്ങളുടെ ആളാണ്”: ഫോണ്‍, വാട്‌സ് ആപ്പ് തെളിവുകളുമായി സിബിഐ ഉദ്യോഗസ്ഥന്‍ എകെ ബാസി

പ്രതിസന്ധി സിബിഐയുടേതല്ല, അട്ടിമറിക്കപ്പെടുന്ന നിയമവാഴ്ചയുടേതാണ്; ഹരീഷ് ഖരെ എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍