UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഞ്ച് ആക്ടിവിസ്റ്റുകളുടെ വീട്ടുതടങ്കല്‍ 19 വരെ നീട്ടി; തെളിവില്ലെങ്കില്‍ കേസ് തള്ളുമെന്ന് സുപ്രീം കോടതി

കേസില്‍ സുപ്രീം കോടതി ഇടപെടുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. എന്നാല്‍ പൊലീസ് രേഖകള്‍ കാണണമെന്നും തെളിവുകളില്ലെങ്കില്‍ ഈ കേസ് തള്ളിക്കളയുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

അഞ്ച് സാമൂഹ്യപ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സുപ്രീം കോടതി ബുധനാഴ്ച വരെ നീട്ടി. മാവോയിസ്റ്റ് ബന്ധം ആരോപിച്ചും മഹാരാഷ്ട്രയിലെ ഭീമ കോറിഗാവ് കലാപത്തിന്റെ സൂത്രധാരരെന്ന് ആരോപിച്ചുമാണ് പി വരാവര റാവു, സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ഗൗതം നവ്‌ലാഖ എന്നിവരെ ഓഗസ്റ്റ് 28ന് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജയിലിലടയ്ക്കരുതെന്ന് വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചാല്‍ മതിയെന്നും സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

അതേസമയം കേസില്‍ സുപ്രീം കോടതി ഇടപെടുന്നതിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ എതിര്‍ത്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പൊലീസ് രേഖകള്‍ കാണണമെന്നും തെളിവുകളില്ലെങ്കില്‍ ഈ കേസ് തള്ളിക്കളയുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. ആക്ടിവിസ്റ്റുകളെ മോചിപ്പിക്കണമെന്നും കേസെടുത്തതിലും അറസ്റ്റിലും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ചരിത്രകാരി റോമില ഥാപ്പര്‍, ഇടതുപക്ഷ സാമ്പത്തിക വിദ്ഗധന്‍ പ്രഭാത് പട്‌നായിക് എന്നിവരടക്കം നാല് പേര്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരുടെ ബഞ്ച് പരിഗണിച്ചുകൊണ്ടിരിക്കുന്നത്.

എല്ലാ കേസുകളും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത് ശരിയായ രീതിയല്ലെന്ന് മഹാരാഷ്ട്‌ര സര്‍ക്കാര്‍ വാദിച്ചു. ഈ കേസ് കീഴ്‌ക്കോടതി പരിഗണിക്കട്ടെയെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ മുന്നോട്ടുവച്ചു. അതേസമയം സ്വാതന്ത്ര്യ സംരക്ഷണത്തിന്റെ ഭാഗമായാണ് കേസ് കോടതി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ഭീമ കോറിഗാവില്‍ 2017 ഡിസംബര്‍ 31ന് സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷദ് മാവോയിസ്റ്റ് പരിപാടിയാണ് എന്നാണ് പൊലീസിന്റെ ആരോപണം. അതേസമയം ഈ അഞ്ച് പേരും എല്‍ഗാര്‍ പരിഷദില്‍ പങ്കെടുത്തിട്ട് പോലുമില്ലെന്ന് അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി കോടതിയില്‍ പറഞ്ഞു. മാത്രമല്ല രണ്ട് മുന്‍ സുപ്രീം കോടതി ജഡ്ജിമാരും രണ്ട് ഒരു മുന്‍ ഹൈക്കോടതി ജഡ്ജിയും പങ്കെടുത്ത പൊതുപരിപാടിയാണ് ഇതെന്നും ചൂണ്ടിക്കാട്ടി.

ആക്ടിവ്‌സിറ്റുകളെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസ് നടപടിയില്‍ സുപ്രീം കോടതി സംശയം പ്രകടിപ്പിക്കുകയും പൊലീസിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്ന വ്യക്തികളാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി വിയോജിപ്പ്, ജനാധിപത്യത്തിന്റെ സേഫ്റ്റ് വാല്‍വ് ആണ് എന്ന് അഭിപ്രായപ്പെട്ടിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസ് സംബന്ധിച്ച് വാര്‍ത്താസമ്മേളനം വഴി വിവരങ്ങള്‍ കൈമാറിയ പൊലീസ് നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍