UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയോധ്യ ഭൂമി തര്‍ക്കം: കേസില്‍ സുപ്രീംകോടതി ഇന്ന് അന്തിമവാദം കേട്ട് തുടങ്ങും

ദീപക് മിശ്രയെ കൂടാതെ ജസ്റ്റിസുമാരായ അശോക് ഭൂഷണും എസ് അബ്ദുള്‍ നസീറുമാണ് സുപ്രീംകോടതി ബഞ്ചില്‍. വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ബാബറി മസ്ജിദ് സംഘപരിവാര്‍ നേതൃത്വത്തിലുള്ള ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്തിട്ട് നാളെ 25 വര്‍ഷം തികയുമ്പോള്‍ അയോധ്യ ഭൂമി തര്‍ക്കം സംബന്ധിച്ച കേസില്‍ സുപ്രീംകോടതി ഇന്ന് അന്തിമവാദം കേട്ടുതുടങ്ങുകയാണ്. ഭൂമി മൂന്നായി വിഭജിക്കാന്‍ ഉത്തരവിട്ടുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് പരിഗണിക്കുന്നത്.

2.7 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി രാം ലല്ലയ്ക്കും നിര്‍മോഹി അഖാരയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും വീതിച്ച് നല്‍കാനായിരുന്നു 2010 സെപ്റ്റംബര്‍ 30ന്റെ ഹൈക്കോടതി വിധി. മൂന്ന് സംഘടനകളും ഈ വിധിയെ എതിര്‍ത്താണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ദീപക് മിശ്രയെ കൂടാതെ ജസ്റ്റിസുമാരായ അശോക് ഭൂഷണും എസ് അബ്ദുള്‍ നസീറുമാണ് സുപ്രീംകോടതി ബഞ്ചില്‍. വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് 31 വര്‍ഷം മുമ്പ്, 1961ല്‍ സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജിയെ തുടര്‍ന്നാണ് ഭൂമി തര്‍ക്കം കോടതിക്ക് മുന്നിലെത്തിയത്. അതേസമയം സുന്നി വഖബ് ബോര്‍ഡിന് എതിരാണ് ഷിയ വഖഫ് ബോര്‍ഡിന്റെ നിലപാട്. ബാബറി മസ്ജിദ് ഷിയ പള്ളി ആയിരുന്നെന്നും അത് നിന്നിരുന്ന ഭൂമി തങ്ങളുടേതാണെന്നും ഷിയ വഖഫ് ബോര്‍ഡ് വാദിക്കുന്നു. സുന്നികളേയും ഷിയാക്കളേയും ഭിന്നിപ്പിച്ചുകൊണ്ടുള്ള സംഘപരിവാര്‍ തന്ത്രം വിജയിച്ചിരിക്കുന്നു. ഇവിടെ രാമക്ഷേത്രം നിര്‍മ്മിക്കണം എന്ന സംഘപരിവാറിന്റെ ആവശ്യത്തെ പിന്തുണക്കുകയാണ് ഷിയ വഖഫ് ബോര്‍ഡ്. സാമൂഹ്യപ്രവര്‍ത്തക മേധ പട്കര്‍, ശ്യാം ബെനഗല്‍ അടക്കമുള്ള 32 ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തര്‍ക്കഭൂമി ഒരു മതസംഘടനയ്ക്കും മത സ്ഥാനപങ്ങള്‍ക്കും വിട്ടുകൊടുക്കാതെ പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി അടക്കമുള്ളവര്‍ പ്രതികളായ പള്ളി പൊളിച്ച കേസിന്‍റെ വിചാരണ കീഴ് കോടതിയില്‍ തുടരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍