UPDATES

ട്രെന്‍ഡിങ്ങ്

വിസമ്മത പത്രം ആളുകളെ അപമാനിക്കുന്ന ഏര്‍പ്പാട്‌: സാലറി ചാലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി

സുപ്രീം കോടതി ജഡ്ജിമാർ എന്ന നിലയിൽ ഞങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതാണ്. അഥവാ ഞങ്ങൾക്ക് പണം നൽകാൻ താത്പര്യം ഇല്ല എങ്കിൽ അത് നാട്ടുകാരെ അറിയിച്ച് സ്വയം അപമാനിതർ ആകണമോ?

സാലറി ചാലഞ്ചിലെ വിസമ്മത പത്ര വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. ആരില്‍ നിന്ന് നിര്‍ബന്ധിതമായി സംഭാവനകളോ വിസമമത പത്രമോ വാങ്ങാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും വിനീത് ശരണും ഉള്‍പ്പെട്ട ബഞ്ച് വിസമ്മത പത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് ശരി വച്ചു. താനും ജസ്റ്റിസ് വിനീത് ശരണും മറ്റും കേരളത്തിന്‍റെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ വീതം സംഭാവന നൽകിയതാണ്. സുപ്രീം കോടതി ജഡ്ജിമാർ എന്ന നിലയിൽ ഞങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതാണ്. അഥവാ ഞങ്ങൾക്ക് പണം നൽകാൻ താത്പര്യം ഇല്ല എങ്കിൽ അത് നാട്ടുകാരെ അറിയിച്ച് സ്വയം അപമാനിതർ ആകണമോ? നിങ്ങൾ പറയുന്നു 22ന് മുൻപ് വിസമ്മത പത്രം നൽകിയില്ലെങ്കിൽ ശമ്പളം പിടിക്കുമെന്ന്. അതെങ്ങനെ ശരിയാകും? ഈ തുക എന്തിന് വിനോയോഗിക്കുന്നു എന്ന് അറിയില്ല. വാങ്ങുന്ന പണം ദുരിതാശ്വാസത്തിന് വേണ്ടി തന്നെ ഉപയോഗിക്കുമെന്ന് എന്താണ് ഉറപ്പ്? മധ്യപ്രദേശിൽ സമാനം ആയ അവസ്ഥ ഉണ്ടായിട്ടുണ്ട്. അവിടെ വേറെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു. എന്റെ ചേമ്പറിൽ വന്നാൽ അതിന്റെ വിശദ വിവരം പറഞ്ഞു തരാം. – ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

സർക്കാർ ഇങ്ങനെ അല്ല പ്രവർത്തിക്കേണ്ടതെന്നും നിര്ബന്ധിച്ചു സമ്മത പത്രം വാങ്ങാൻ കഴിയില്ല എന്നും ജസ്റ്റിസ് വിനീത് ശരണ്‍ വ്യക്തമാക്കി. സർക്കാർ ആണ് ജനങ്ങളിൽ വിശ്വാസം ഉണ്ടാക്കേണ്ടത് എന്നും ജസ്റ്റിസ് വിനീത് ശരൺ പറഞ്ഞു. നിർബന്ധിച്ചു വിസമ്മത പത്രം വാങ്ങിക്കുകയല്ല വേണ്ടത്. ആൾക്കാർ അവർക്ക് സാധ്യമായത് സംഭാവന ചെയ്യട്ടെ. സർക്കാർ ആ രീതിയിലാണ് തീരുമാനം എടുക്കേണ്ടിയിരുന്നത്. ഹൈക്കോടതി ഇക്കാര്യത്തിൽ എടുത്ത തീരുമാനം ഉചിതമാണ്. സുപ്രീം കോടതിയുടെ ഉത്തരവിൽ തന്നെ ഇതേ വ്യവസ്ഥയുണ്ട് എന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത വാദിച്ചു. എന്നാല്‍ : സുപ്രീം കോടതിയുടെ സർക്കുലറിൽ വിസമ്മത പത്ര വ്യവസ്ഥ ഉണ്ടെങ്കിൽ ആരെങ്കിലും അതിനെ ചോദ്യം ചെയ്യട്ടെ. അപ്പോൾ ഞങ്ങൾ അത് പരിശോധിക്കാൻ തയ്യാറാണ് എന്നായിരുന്നു അരുണ്‍ മിശ്രയുടെ മറുപടി. താല്പര്യമുള്ളവരിൽ നിന്ന് മാത്രം ശമ്പളം പിടിക്കാനുള്ള രീതിയിൽ സർക്കുലർ ഭേദഗതി ചെയ്യാൻ അനുവദിക്കണം എന്ന് ജയദീപ് ഗുപ്ത ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ സർക്കാരിന് അങ്ങനെ ഭേദഗതി ചെയ്യാമെന്നും അത് സർക്കാരിന് തീരുമാനിക്കാം എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

സാലറി ചാലഞ്ച്: കോളേജ് അധ്യാപകരില്‍ 80% സര്‍ക്കാരിനോട്‌ ‘നോ’ പറഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍