എംഎസ് ധോണിക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന പേരിലുള്ള കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ഏതെങ്കിലുമൊരു മതത്തെ കുറിച്ച് നിര്‍ദ്ദോഷകരമായ പരിഹാസങ്ങളും കളിയാക്കലുകളും തെറ്റല്ലെന്ന് സുപ്രീംകോടതി. മനപൂര്വമുള്ളതും സംഘര്‍ഷത്തിലേയ്ക്ക് നയിക്കാനിടയുള്ളതുമായ അധിക്ഷേപങ്ങള്‍ മാത്രമേ ക്രിമിനല്‍ കുറ്റമായി കാണാനാവൂ എന്നും സുപ്രീംകോടതി വ്യക്തമാക്കമാക്കി. ക്രിക്കറ്റ് താരം എംഎസ് ധോണിക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന പേരിലുള്ള കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ബിസിനസ് ടുഡേ മാഗസിന് കവറില്‍ വിവിധ കമ്പനി ഉല്‍പ്പന്നങ്ങള്‍ കൈകളില്‍ പിടിച്ച് മഹാവിഷ്ണുവിന്റെ രൂപത്തിലാണ് എംഎസ് ധോണി പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം ഹിന്ദുമത വികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണ് എന്ന് ആരോപിച്ചാണ് കേസ്. ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാംജിലാല്‍ മോദി വേഴ്സസ് സ്റ്റേറ്റ് ഓഫ് ഉത്തര്‍പ്രദേശ് എന്ന കേസില്‍ 60 വര്‍ഷം മുമ്പുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണം കോടതി ആവര്‍ത്തിച്ചു. ഐപിസി 295 എ വകുപ്പ് പ്രകാരം മനപൂര്‍വമുള്ള അധിക്ഷേപവും മതവികാരം വ്രണപ്പെടുത്തുന്നതും ശിക്ഷാര്‍ഹമാണ്. ഇത് ഏത് ജനവിഭാഗങ്ങള്‍ക്കും സമുദായങ്ങള്‍ക്കും എതിരായാലും കുറ്റകരമാണ്. എന്നാല്‍ എല്ലാ തരത്തിലുള്ള അപഹസിക്കലുകളും ഇതില്‍ പെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മനപൂര്‍വം മതങ്ങളെ അധിക്ഷേപിക്കുന്നത് മാത്രമേ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകൂ എന്ന് കോടതി വിലയിരുത്തി. ധോണിക്കെതിരായ ക്രിമിനല്‍ കുറ്റം റദ്ദാക്കിയ സുപ്രീംകോടതി വിചാരണ കോടതി അടക്കമുള്ള കീഴ്കോടതികളെ വിമര്‍ശിക്കുകയും ചെയ്തു.