UPDATES

വിദേശം

ന്യൂസിലാന്റ് പള്ളികളില്‍ വെടിവയ്പ് നടത്തിയെന്ന് സംശയിക്കുന്നയാളെ കോടതിയില്‍ ഹാജരാക്കി

ജാമ്യാപേക്ഷയൊന്നും നല്‍കിയിട്ടില്ലെന്നും ഏപ്രില്‍ അഞ്ചിന് വീണ്ടും ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നും ന്യൂസിലാന്റ് പൊലീസിനെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലീം പള്ളികളില്‍ വെടിവയ്പ് നടത്തിയെന്ന് സംശയിക്കുന്നയാളെ കോടതിയില്‍ ഹാജരാക്കി. 28കാരനായ ഓസ്‌ട്രേലിയന്‍ പൗരന്‍ ബ്രെന്റന്‍ ടറന്റിനെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ജാമ്യാപേക്ഷയൊന്നും നല്‍കിയിട്ടില്ലെന്നും ഏപ്രില്‍ അഞ്ചിന് വീണ്ടും ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നും ന്യൂസിലാന്റ് പൊലീസിനെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

49 പേരാണ് ഇന്നലെ നടന്ന വെടിവയ്പുകളില്‍ കൊല്ലപ്പെട്ടത്. രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഒരാളുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ പള്ളിയില്‍ ഇരച്ചുകയറിയ അക്രമികള്‍ വെടിവയ്പ് നടത്തുകയായിരുന്നു.

പ്രതിക്ക് ഫയര്‍ ആംസ് ലൈസന്‍സ് ഉണ്ടായിരുന്നു എന്നത് ഗൗരവമായി കാണുന്നതായും രാജ്യത്തെ തോക്ക് നിയമത്തില്‍ മാറ്റം വരുത്തുമെന്നും പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണ്‍ പറഞ്ഞു. രണ്ട് സെമി ഓട്ടോമാറ്റിക് തോക്കുകള്‍ പ്രതിയുടെ കൈവശമുണ്ടായിരുന്നു. അതേസമയം ഭീകരാക്രമണമാണ് നടന്നത് എന്ന് ജസീന്‍ഡ ആര്‍ഡേണ്‍ ഇന്നലെ പറഞ്ഞിരുന്നു.

അറസ്റ്റ് ചെയ്ത മൂന്ന് പേരില്‍ ഓസ്‌ട്രേലിയന്‍ പൗരനായ യുവാവാണ് പ്രധാനമായും വെടിവയ്പ് നടത്തിയത് എന്ന് കരുതുന്നു. ആക്രമണത്തെ ശക്തമായി അപലപിച്ചും ഇത് മാനവികതയ്‌ക്കെതിരായ കുറ്റകൃത്യമാണ് എന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാന്റ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് മോസ്‌കിലുമാണ് വെടിവയ്പ് നടന്നത്. അക്രമി വെടിവയ്പ് നടത്തുന്നതിന്റേയും വാഹനത്തില്‍ കടന്നുകളയുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തലയില്‍ കാമറ കെട്ടിവച്ചാണ് വെടിവയ്പ് നടത്തിയത്‌.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍