UPDATES

ട്രെന്‍ഡിങ്ങ്

ഹേമന്ത് കര്‍ക്കറെയെക്കുറിച്ച് ഞാന്‍ പറഞ്ഞത് തിരിച്ചെടുത്തേക്ക്: പ്രഗ്യ സിംഗ് ഠാക്കൂര്‍

കര്‍ക്കറെയെ ഭീകരരാണ് വധിച്ചത് എന്നും അദ്ദേഹം രക്തസാക്ഷിയാണെന്നും പ്രഗ്യ സിംഗ് പറഞ്ഞു.

മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) മുന്‍ തലവന്‍ ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണ് എന്ന് പറഞ്ഞത് തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട് മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായിരുന്ന ബിജെപി നേതാവ് പ്രഗ്യ സിംഗ് ഠാക്കൂര്‍. ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഗ്യ സിംഗ് ഠാക്കൂര്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഹേമന്ത് കര്‍ക്കറെ മരിച്ചത് തന്റെ ശാപം മൂലമാണെന്നും കര്‍ക്കറെയുടെ കുടുംബം മുഴുവന്‍ നശിച്ചു പോകുമെന്ന് താന്‍ ശപിച്ചിരുന്നതായുമാണ്. പ്രഗ്യയുടെ പ്രസ്താവന വലിയ വിവാദമാവുകയും രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രസ്താവന തിരിച്ചെടുക്കുന്നതായി പ്രഗ്യ സിംഗ് പറഞ്ഞത്. കര്‍ക്കറെയെ ഭീകരരാണ് വധിച്ചത് എന്നും അദ്ദേഹം രക്തസാക്ഷിയാണെന്നും പ്രഗ്യ സിംഗ് പറഞ്ഞു. 2008ലെ മുംബയ് ഭീകരാക്രമണത്തിലാണ് ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത്.

അതേസമയം പ്രഗ്യയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ജയിലിലെ പീഡനം മൂലമുള്ള മാനസിക വിഷമം മൂലം പറഞ്ഞതായിരിക്കാമെന്നുമാണ് ബിജെപി നല്‍കിയ വിശദീകരണം. മാലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ തീവ്രവാദികളാണെന്നും സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച ബൈക്ക് പ്രഗ്യ സിംഗുമായി ബന്ധപ്പെട്ടതാണെന്നും കണ്ടത്തിയാണ് ഹേമന്ത് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള എടിഎസ് പ്രഗ്യ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.

എന്റെ പ്രസ്താവന ബിജെപിയുടെ ശത്രുക്കളെ സന്തോഷിപ്പിച്ചെങ്കില്‍ അത് ഞാന്‍ പിന്‍വലിച്ചിരിക്കുന്നു. എന്റെ വേദന എനിക്ക് മറക്കാനാവില്ല. അതേസമയം ഭീകരരാണ് കര്‍ക്കറെയെ കൊന്നത്. അദ്ദേഹം രക്തസാക്ഷിയാണ് – പ്രഗ്യ പറഞ്ഞു. തന്നെ കര്‍ക്കറെ വളരെയധികം മാനസികമായി പീഡിപ്പിച്ചതായും മോശമായി പെരുമാറിയതായും പ്രഗ്യ പറഞ്ഞിരുന്നു. തന്റെ വ്യക്തിപരമായ കാര്യമാണ് പറഞ്ഞതെങ്കിലും ബിജെപി തന്നെ ഇക്കാര്യത്തില്‍ ഒറ്റപ്പെടുത്തിയതായി കരുതുന്നില്ലെന്നും പ്രഗ്യ സിംഗ് ഠാക്കൂര്‍ പറഞ്ഞു.

ഭോപ്പാലില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗിനെതിരെയാണ് പ്രഗ്യ സിംഗിനെ ബിജെപി മത്സരിപ്പിക്കുന്നത്. ഹിന്ദു തീവ്രവാദി സംഘടന നേതാവും സ്‌ഫോടന കേസ് പ്രതിയുമായ പ്രഗ്യയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍